കോട്ടയം കുഞ്ഞച്ചനെതിരെ പരിയാരത്തും കേസ്-

പരിയാരം: കോട്ടയം കുഞ്ഞച്ചന്റെ പേരില്‍ പരിയാരം പോലീസ് സ്റ്റേഷനിലും കേസ്. വിവാദ നായകനായ അബിന്‍ കോടങ്കര അഡ്മിനായ കോട്ടയം കുഞ്ഞച്ചന്‍ എന്ന ഫെയ്‌സ് ബുക്ക് അക്കൗണ്ട് വഴി തന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത് അതിന് താഴെ അശ്ലീല ഭാഷയില്‍ കമന്റിട്ടു എന്ന പരാതിയിലാണ് കേസ്.

പരിയാരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഇടതുപക്ഷ പൊതുപ്രവര്‍ത്തകയായ യുവതിയാണ് പരിയാരം പോലീസില്‍ പരാതി നല്‍കിയത്.

സിപിഎം നേതാക്കളുടെ ഭാര്യമാരെയും ഇടതുപക്ഷ വനിതാ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ലൈംഗികാധിക്ഷേപവും ലൈംഗീകാതിക്രമത്തിന് ആഹ്വാനവും നടത്തിയ അബിന്‍ കോടങ്കര ഇപ്പോള്‍ ശ്രീകൃഷ്ണപുരം പോലീസ് എടുത്ത കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

ഡിവൈഎഫ്ഐ തിരുവാഴിയോട് മേഖലാ കമ്മിറ്റി അംഗം പ്രജിത പുത്തന്‍പുരയിലിനെ നവമാധ്യമത്തിലൂടെ അപമാനിച്ച കേസിലാണ് അറസ്റ്റ്.

പട്ടാമ്പി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.

തിരുവനന്തപുരം തൈക്കാട്ടുനിന്ന് ശ്രീകൃഷ്ണപുരം എസ്എച്ച്ഒ കെ.എം.ബിനീഷ് കസ്റ്റഡിയിലെടുത്തത്.

കോട്ടയം കുഞ്ഞച്ചന്‍ എന്ന വ്യാജ ഐഡിയിലൂടെ നവമാധ്യമത്തിലൂടെ അപമാനകരമായ ഫോട്ടോയും വീഡിയോയും പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ച പരാതിയിലാണ് നടപടി.

തുടര്‍ന്ന്, ശ്രീകൃഷ്ണപുരം പോലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്ത് തെളിവുകള്‍ ശേഖരിച്ചശേഷമാണ് അറസ്റ്റ് ചെയ്തത്.

കോണ്‍ഗ്രസിന്റെ കോടങ്കര വാര്‍ഡ് പ്രസിഡന്റാണ് അബിന്‍. സിപിഎം നേതാക്കളുടെ ഭാര്യമാരെയും ഇടതുപക്ഷ നേതാക്കളെയും പ്രവര്‍ത്തകരെയും നവമാധ്യമങ്ങളിലൂടെ അപമാനിച്ച കേസില്‍ തിരുവനന്തപുരത്ത് ഇയാള്‍ നേരത്തേ അറസ്റ്റിലായിരുന്നു.