മദര്‍ഹോം ധ്യാനകേന്ദ്രം 21-ാം വാര്‍ഷികവും രാപകല്‍ ആരാധനയുടെ 1000 ദിവസ ആഘോഷവും സപ്തംബര്‍ 13 ന് ശനിയാഴ്ച്ച

പരിയാരം: മദര്‍ ഹോം ധ്യാനകേന്ദ്രം ഇരുപത്തിയൊന്നാം വാര്‍ഷികവും രാപകല്‍ ആരാധനയുടെ ആയിരം ദിവസത്തിന്റെ ആഘോഷവും  സെപ്റ്റംബര്‍ 13 രണ്ടാം ശനിയാഴ്ച രാവിലെ 7:30 മുതല്‍ ഉച്ചക്ക് ശേഷം 2:30 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ധ്യാനകേന്ദ്രം ഡയരക്ടര്‍ ഫാ. ബെന്നി പുത്തന്‍നടയില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

2004 സെപ്റ്റംബര്‍ മാസം എട്ടിന് തലശ്ശേരി അതിരൂപതയിലെ പ്രമുഖ ധ്യാന ഗുരുവായ മാത്യു ആശാരിപറമ്പില്‍ ആണ് മദര്‍ ഹോം ധ്യാനകേന്ദ്രത്തിന്റെ തുടക്കം കുറിക്കുന്നത്.

മലബാറിലെ ക്രൈസ്തവ സമൂഹത്തെ നവീകരിക്കുവാനും, വിശുദ്ധീകരിക്കുവാനും, ദൈവവിശ്വാസത്തില്‍ ആ ഴപ്പെടുത്തുവാനും നാളിതുവരെയുള്ള മദര്‍ ഹോമിലെ ആത്മീയ ശുശ്രൂഷകള്‍ക്ക് കാരണമായിട്ടുണ്ട്.

കഴിഞ്ഞ 21 വര്‍ഷങ്ങളിലെ വ്യത്യസ്തങ്ങളായ ധ്യാന, ആത്മിയ ശുശ്രൂഷകള്‍ വഴി വിവിധ തിന്മകളില്‍ അകപ്പെട്ടുപോയ, അനേകരെ തിരിച്ചുകൊണ്ടു വരുവാനും, മാനസാന്തരപ്പെടുത്തുവാനും നന്മയുടെ വഴിയിലേക്ക് നയിക്കുവാനും സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അനേകായിരം മദ്യപാനികളെ ആ തിന്മയില്‍ നിന്നും പൂര്‍ണ്ണമായും വിമോചിപ്പിച്ചിട്ടുണ്ട്.

ലഹരിവസ്തുക്കള്‍ക്ക് അടിമപ്പെട്ടു പോയ അനേകം യുവജനങ്ങള്‍, വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍, മുതിര്‍ന്നവര്‍, എന്നിവര്‍ക്ക് വിടുതല്‍ കൊടുക്കുവാനും അവരെ ആ തിന്മകളില്‍ നിന്ന് മോചിപ്പിക്കുവാനും മദര്‍ ഹോമിന് സാധിച്ചിട്ടുണ്ട്.

പലവിധ കാരണങ്ങളാല്‍ ഹൃദയം തകര്‍ന്നു പോയവരെ, നിരാശയിലേക്ക് വീണു പോയവരെ,ജീവിതം മടുത്തു എന്ന് വിചാരിച്ച് അവസാനിപ്പിക്കാന്‍ പരിശ്രമിച്ചവരെ, ആശ്വസിപ്പിക്കുവാനും നല്ല ജീവിതത്തെ തിരിച്ചുപിടിക്കുവാനും നേരായ മാര്‍ഗ്ഗത്തിലൂടെ അവരെ നയിക്കുവാനും ദൈവം മദര്‍ഹോമിനെ ഈ കാലയളവില്‍ ഉപകരണമാക്കിയിട്ടുണ്ട്.

വാര്‍ഷിക ദിനത്തിലെ, ശുശ്രൂഷകള്‍ക്ക് അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാബ്ലാനി നേതൃത്വം നല്‍കും.

അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.മൈക്കിള്‍ മഞ്ഞക്കുന്നേല്‍, സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. പോള്‍ പുലിമലയില്‍, ഫാ.തോമസ് പാറേക്കാട്ടില്‍ എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.