തളിപ്പറമ്പ് ഞങ്ങള്‍ക്കെന്ന് എല്‍.ഡി.എഫും യു.ഡി.എഫും, സീറ്റുകള്‍ അഞ്ചുവരെയെന്ന് എന്‍.ഡി.എ

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ആര് ഭരിക്കും എന്നറിയാന്‍ നാളെ രാവിലെ വരെകാത്തിരിക്കണം.

എന്നാല്‍ അതിനുമുമ്പേതന്നെ അവകാശവാദങ്ങളുമായി മുന്നണികള്‍ രംഗത്തെത്തിയിട്ടുണ്ട്.

ഇത്തവണ 17-മുതല്‍ 18 സീറ്റുകളോടെ ഇടതുമുന്നണി തളിപ്പറമ്പ് നഗരസഭയില്‍ ഭരണത്തിലെത്തുമെന്ന് ഇടതുപക്ഷ മുന്നണി കേന്ദ്രങ്ങള്‍ പറയുന്നു.

എന്നാല്‍ 19 മുതല്‍ 21 വരെ സീറ്റുകള്‍ നേടുമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങളുടെ വിലയിരുത്തല്‍.

ബി.ജെ.പി പ്രവചിക്കുന്നത് നാല് മുതല്‍ അഞ്ച് സീറ്റുകള്‍ വരെ തങ്ങള്‍ നേടുമെന്നാണ്.

ബൂത്തുകളില്‍ നിന്നും തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയവര്‍ നല്‍കിയ കണക്കുകള്‍ പ്രകാരമാണ് മുന്നണികളുടെ അവകാശവാദങ്ങള്‍.

കുറ്റിക്കോല്‍ ഈസ്റ്റ്, കുറ്റിക്കോല്‍ വെസ്റ്റ്, മാന്തംകുണ്ട്, വൈരാംകോട്ടം, ഏഴാംമൈല്‍, പ്ലാത്തോട്ടം, തുരുത്തി, കൂവോട്, കീഴാറ്റൂര്‍, തുള്ളന്നൂര്‍, കരിപ്പൂല്‍, പാളയാട്, കാക്കാഞ്ചാല്‍, പുഴക്കുളങ്ങര, രാജരാജേശ്വര, ചാലത്തൂര്‍, പുളിമ്പറമ്പ്, പാലകുളങ്ങര വാര്‍ഡുകളില്‍ ഇടതുപക്ഷം വിജയിക്കുമെന്നാണ് എല്‍.ഡി.എഫ് കേന്ദ്രങ്ങളുടെ വിലയിരുത്തല്‍.

കുപ്പം, സലാമത്ത്‌നഗര്‍, ബദരിയ്യനഗര്‍, ടൗണ്‍, മന്ന, മുക്കോല, കാര്യാമ്പലം, സയ്യിദ്‌നഗര്‍, കുണ്ടാംകുഴി, ഫാറൂഖ്‌നഗര്‍, ആസാദ്‌നഗര്‍, പുഷ്പഗിരി, അള്ളാംകുളം, നേതാജി, പാലകുളങ്ങര, കാക്കാഞ്ചാല്‍, പാളയാട്, പൂക്കോത്ത്‌തെരു, പുഴക്കുളങ്ങര, തുള്ളന്നൂര്‍, തൃച്ചംബരം എന്നീ വാര്‍ഡുകള്‍ക്കൊപ്പം എല്‍.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ടി.ബാലകൃഷ്ണന്‍ മല്‍സരിച്ച പ്ലാത്തോട്ടത്തും തങ്ങള്‍ക്ക് വിജയസാധ്യതയുണ്ടെന്നാണ് യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയും മുസ്ലിംലീഗ് ജില്ലാ സെക്രട്ടെറിയുമായ പി.കെ.സുബൈറിന്റെ അവകാശവാദം.

പ്ലാത്തോട്ടത്ത് സി.പി.എമ്മില്‍ വിഭാഗീയത ശക്തമായിരുന്നുവെന്നും അത് വോട്ടായി മാറിയിട്ടുണ്ടെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.

തൃച്ചംബരം, കോടതിമൊട്ട, പാലകുളങ്ങര, രാജരാജേശ്വര വാര്‍ഡുകള്‍ക്കൊപ്പം ഇത്തവണ പൂക്കോത്ത്‌തെരുവിലും തങ്ങള്‍ക്ക് നല്ല സാധ്യത കാണുന്നുണ്ടെന്ന് എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ച ബി.ജെ.പി ജില്ലാ ജന.സെക്രട്ടെറി എ.പി.ഗംഗാധരന്‍ പറയുന്നു.

അങ്ങനെ വന്നാല്‍ 4 മുതല്‍ അഞ്ച് സീറ്റുകളില്‍ വരെ തങ്ങള്‍ വിജയിക്കുമെന്നും ഗംഗാധരന്‍ പറഞ്ഞു.