പുതിയ നഗരസഭാ ഭരണസമിതിക്ക് വികസന നിവേദനം നല്‍കി തളിപ്പറമ്പ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ്

തളിപ്പറമ്പ്: നഗരസഭയുടെ പുതിയ ചെയര്‍മാനായി ചുമതലയേറ്റ പി.കെ.സുബൈറിന് തളിപ്പറമ്പിന്റെ വികസനക്കുതിപ്പിന് വേഗം കൂട്ടാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച് തളിപ്പറമ്പ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ്.

നഗരമധ്യത്തില്‍ ടാഗോര്‍ വിദ്യാനികേതന്‍ സ്‌കൂളിന്റെ കീഴിലുള്ള ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലത്ത് ആധുനിക രീതിയിലുള്ള അര്‍ബന്‍ ബോട്ടാനിക്കല്‍ സയന്‍സ് ആന്റ് എന്റര്‍ടൈന്‍മെന്റ് റിക്രീയേഷണല്‍ പാര്‍ക്ക് സ്ഥാപിക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.

തളിപ്പറമ്പ് നഗരസഭ കൗണ്‍സില്‍ ഇതിന് മുന്‍കൈ എടുക്കണമെന്നും ചെയര്‍പേഴ്‌സനെ നേരില്‍ കണ്ട ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന തളിപ്പറമ്പില്‍ നഗരവാസികള്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കും വിശ്രമിക്കാനോ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനോ നിലവില്‍ പാര്‍ക്കുകളില്ലാത്തത് വലിയൊരു പോരായ്മയാണ്.

ടാഗോര്‍ സ്‌കൂളിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലം ഇതിനായി ഉപയോഗപ്പെടുത്തുന്നതിലൂടെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനത്തിന് ഉപകരിക്കുന്ന വിജ്ഞാന കേന്ദ്രമായും പൊതുജനങ്ങള്‍ക്ക് വൈകുന്നേരങ്ങള്‍ ക്രിയാത്മകമായി ചിലവഴിക്കാനുള്ള വിനോദ ഇടമായും മാറ്റാന്‍ സാധിക്കും.

പാര്‍ക്കിന്റെ നടത്തിപ്പും പരിപാലനവും നഗരസഭ നേരിട്ട് വഹിക്കുന്നതിലൂടെ മികച്ച വരുമാനം കണ്ടെത്താന്‍ കഴിയുമെന്നും യോഗം വിലയിരുത്തി.

വിദ്യാര്‍ത്ഥികളിലും യുവാക്കളിലും വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയുന്നതിനും സമൂഹത്തില്‍ പൊതുബോധം സൃഷ്ടിക്കുന്നതിനും ഇത്തരം വിനോദ-വിജ്ഞാന കേന്ദ്രങ്ങള്‍ വലിയ പങ്ക് വഹിക്കും.

ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സി.അബ്ദുല്‍ ഖാദര്‍, ജന.സക്രട്ടറി ജെ.ആര്‍.മിന്‍ഹാജ്, ട്രഷറര്‍ രാഹുല്‍ മൊട്ടമ്മല്‍ എന്നിവര്‍ പങ്കെടുത്തു.