സര്‍വം സ്പര്‍ശമായി തളിപ്പറമ്പ് നഗരസഭ ബജറ്റ്-സി.എച്ച് സ്മാരക ഷോപ്പിംഗ് കോംപ്ലക്‌സിന് 10 കോടി.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ കാര്യാലയ വളപ്പില്‍ 10 കോടി ചെലവില്‍ സി.എച്ച്.മുഹമ്മദ്‌കോയയുടെ സ്മാരകമായി ഷോപ്പുംഗ് കോംപ്ലക്‌സും ഓഡിറ്റോറിയവും സ്ഥാപിക്കും.

ഇന്നലെ ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ ദീപ രഞ്ജിത്ത് അവതരിപ്പിച്ച ബജറ്റിലാണ് ഈ നിര്‍ദ്ദേശം.

നഗരസഭയുടെ നിലവിലുള്ള പാളയാട് മാലിന്യ സംസ്‌കരണ പ്ലാന്റ് ദുര്‍ബലമായ അടിസ്ഥാന സൗകര്യങ്ങളോടെയാണ് പ്രവര്‍ത്തിക്കുന്നത്.

ഇത് ശക്തിപ്പെടുത്തുകയും ശാസ്ത്രീയ രീതിയില്‍ നവീകരിക്കുകയും ചെയ്യുന്നതിന് സമഗ്ര നവീകരണത്തിനും, അതിന്റെ ചുറ്റുപാടുകള്‍ ഹരിത ഉദ്യാനമായി വികസിപ്പിക്കുന്നതിനും, കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു പരിസ്ഥിതി പഠന കേന്ദ്രമായി മാറ്റുന്നതിനും പ്രത്യേക പദ്ധതി ഉള്‍പ്പെടുത്തി രണ്ടര കോടി രൂപയുടെ പദ്ധതി ആവിഷ്‌ക്കരിക്കും.

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലുള്ള ഡയാലിസിസ് യൂണിറ്റിനെ പരിപോഷിപ്പിക്കുന്നതിനും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ട് ഡയാലിസ് രോഗികള്‍ക്ക് കൂടുതല്‍ പരിചരണം ഉറപ്പുവരുത്തുന്നതിനും 30 ലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.

തളിപ്പറമ്പ് ബസ്റ്റാന്റില്‍ സമ്പൂര്‍ണ്ണ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മൂന്ന്‌കോടി രൂപ അനുവദിച്ചു.

അടുത്ത അഞ്ചുവര്‍ഷം കൊണ്ട് തളിപ്പറമ്പിനെ ഒരു പൂന്തോട്ടമാക്കി മാറ്റുക എന്നലക്ഷ്യത്തോടെ എം.എല്‍.എ- -എംപി ഫണ്ടുകള്‍ ഏകോപിപ്പിച്ചുകൊണ്ട് സമ്പൂര്‍ണ്ണ സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും.

ആദ്യഘട്ടത്തില്‍ തൃച്ചംബരം മുതല്‍ കുറ്റിക്കോല്‍ വരെയും ചിറവക്ക് മുതല്‍ താലൂക്ക് ആശുപത്രി വരെയും പാതയോരങ്ങള്‍ സൗന്ദര്യവല്‍ക്കരണം നടത്തുന്നതിന് 10 ലക്ഷം രൂപ വകയിരുത്തി.

മറ്റ് പ്രധാന നിര്‍ദ്ദേശങ്ങള്‍-കാക്കത്തോട് ബസ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സ്-മൂന്ന് കോടി,

ലിറ്ററേച്ചര്‍ ആന്റ് ആര്‍ട്ട് പവലിയന്‍ ഒരു കോടി, ഗാന്ധിനഗര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്-ഒരു കോടി,

തെരുവ്‌നായ നിയന്ത്രണത്തിനും പൊതുസുരക്ഷക്കുമായി 3 കോടി രൂപയുടെ പദ്ധതിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആനിമല്‍ ആംബുലന്‍സ് സ്ഥാപിക്കും.

നഗരസഭയിലെ റോഡുകളുടെ വികസനത്തിന് അഞ്ചുകോടി വകയിരുത്തി.

എട്ട് മീറ്റര്‍ വീതിയില്‍ സ്ഥലം നല്‍കിയാല്‍ ഈ റോഡ് മെക്കാഡം ടാറിംഗ് നടത്തുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.

മുന്നിരിപ്പ് 9,88,84,814രൂപയും തന്‍വര്‍ഷ വരവ് 64,05,75,395 രൂപയും അടക്കം ആകെ 73,94,60,209 രൂപ വരവും 56,88,35,749 രൂപ ചെലവും 17,06,24,460രൂപ നീക്കിയിരിപ്പുമുള്ള 2025-26 വര്‍ഷത്തെ പുതുക്കിയ ബജറ്റും, മുന്നിരിപ്പ് 17,45,94,566രൂപയും പ്രതീക്ഷിത വരവ് 47,83,05,000രൂപ അടക്കം ആകെ 65,28,99,566രൂപ വരവും, പ്രതീക്ഷിച്ച ചെലവ് 24,73,10,000 രൂപയും നീക്കിയിരിപ്പ് 40,55,89,566രൂപയും ആണ്.

2026-27 വാര്‍ഷിക പദ്ധതിക്ക് 15,88,87,000/രൂപ വകയിരുത്തിയിട്ടുണ്ട്. ആകെ 24,67,02,566/രൂപ നീക്കിയിരിപ്പുള്ളതാണ് ബജറ്റ്.

ബജറ്റ് അവതരണ സമ്മേളനത്തില്‍ ചെയര്‍പേഴ്‌സന്‍ പി.കെ.സുബൈര്‍ അധ്യക്ഷത വഹിച്ചു.

പി.സി.നസീര്‍, കെ.മുഹമ്മദ് ബഷീര്‍, എം.രാഘവന്‍, രൂപേഷ, കുട്ടുവന്‍, ടി.ബാലകൃഷ്ണന്‍, എം.പി.സജീറ, പി.റജില, അശോക് കുമാര്‍ അഞ്ചാമര, ഫൈസല്‍ ചെറുകുന്നോന്‍, പി.വി.സുരേഷ് എന്നിവര്‍ ബജറ്റ് ചര്‍ച്ചകളില്‍ പങ്കെടുത്തു.