കോടികളുടെ ഓണ്‍ലൈന്‍തട്ടിപ്പിന് സഹായിച്ച രണ്ട് അക്കൗണ്ടുകള്‍ തളിപ്പറമ്പ് പോലീസ് കണ്ടെത്തി-
തളിപ്പറമ്പ്: ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഉപയോഗിക്കുന്ന രണ്ട് അക്കൗണ്ടുകളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
വന്‍ തോതില്‍ സാമ്പത്തിക തട്ടിപ്പ് നടത്താന്‍ ഉപയോഗിച്ച ഈ അക്കൗണ്ടുകള്‍ കരിമ്പം ഗ്രാമീണ ബാങ്കിലാണെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് എസ്.എച്ച്.ഒ പി.അജിത്കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചിട്ടുണ്ട്.
40493101082506 എന്ന അക്കൗണ്ട് ഉടമ അള്ളാംകുളം സ്ട്രീറ്റ് നമ്പര്‍-8 ലെ എന്‍.മുഹമ്മദിന്റെ മകന്‍ നാസ്‌വില്ലയില്‍ പി.പി.ആബിദ്(44),
40493101041396 നമ്പര്‍ അക്കൗണ്ട് ഉടമ നെല്ലിപ്പറമ്പ് സ്ട്രീറ്റ് നമ്പര്‍-2 ലെ കുന്നുംപുറത്ത് വീട്ടില്‍ കെ.അബ്ദുള്‍സമദിന്റെ മകന്‍ കെ.മുഹമ്മദ് ഷഹല്‍(25)എന്നിവരുടെ പേരിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
മുഴപ്പിലങ്ങാട് റെയില്‍വെ ഗേറ്റിന് സമീപം കബീര്‍ മന്‍സിലില്‍ താമസക്കാരനാണ് പി.പി.ആബിദ്.
ഈ അക്കൗണ്ടില്‍ 2025 മുതല്‍ 29 ലക്ഷം രൂപയുടെ
ട്രാന്‍സ്ഫറുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഈ അക്കൗണ്ടിന്റെ കെ.വൈ.സി വിവരങ്ങള്‍ ശേഖരിച്ച് സമന്വയ -നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍(എന്‍.സി.ആര്‍.പി പോര്‍ട്ടല്‍)വഴി പരിശോധിച്ചതില്‍ ഈ അക്കൗണ്ടിന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 11 സൈബര്‍ കേസ് പരാതികള്‍ നിലവിലുണ്ടെന്ന് വ്യക്തമായതായി തളിപ്പറമ്പ് എസ്.എച്ച്.ഒ പി.അജിത്കുമാര്‍ പറഞ്ഞു.
ആബിദിന്റെ അള്ളാംകുളത്തെ വീട്ടില്‍ പോലീസ് പരിശോധനക്ക് എത്തിയപ്പോള്‍ പൂട്ടിക്കിടക്കുകയായിരുന്നു.
അയല്‍ക്കാരോട് അന്വേഷിച്ചപ്പോല്‍ വീട് വാടകക്ക് എടുത്തതാണെന്നും ഇയാള്‍ ഇപ്പോള്‍ ഒമാനില്‍ ജോലി ചെയ്യുകയാണെന്നുമുള്ള വിവരമാണ് ലഭിച്ചത്.
മുഹമ്മദ് ഷഹലിന്റെ അക്കൗണ്ടില്‍ 2019 മാര്‍ച്ച് 24 മുതല്‍ നൂറുകണക്കിന് ട്രാന്‍സ്ഫറുകള്‍ വഴി ഒരു കോടി 80 ലക്ഷം രൂപയുടെ ഇടപാടുകള്‍ നടന്നതായി കണ്ടെത്തി. എന്‍.സി.ആര്‍.പി പോര്‍ട്ടല്‍ വഴി
പരിശോധിച്ചതില്‍ വിവിധ സംസ്ഥാനങ്ങളിലായി ഈ അക്കൗണ്ടില്‍ 53 സൈബര്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തായി വ്യക്തമായിട്ടുണ്ട്.
ഇയാളുടെ നെല്ലിപ്പറമ്പിലെ വീട്ടില്‍ പോലീസ് പരിശോധനക്ക് എത്തിയപ്പോള്‍ അടഞ്ഞുകിടന്ന നിലയിലായിരുന്നു.
മുഹമ്മദ് ഷഹല്‍ ഖത്തറില്‍ ജോലി ചെയ്യുകയാണെന്നാണ് അയല്‍ക്കാര്‍ പോലീസിനോട് പറഞ്ഞത്.
എസ്.എച്ച്.ഒ പി.അജിത്കുമാറിന്റെ നേതൃത്വത്തില്‍ എ.എസ്.ഐമാരായ ഇ..ശ്രീജ, വിജു മോഹന്‍, സീനിയര്‍ സി.പി.ഒ പി.വി.സുജേഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് കേസന്വേഷിക്കുന്നത്.
സൈബര്‍ തട്ടിപ്പുകള്‍ വഴി ലഭിക്കുന്ന പണം വിവിധ അക്കൗണ്ടുകള്‍ വഴി ട്രാന്‍സ്ഫര്‍ ചെയ്‌തെടുക്കുന്ന വിവിയ സംഘം തന്നെ ഇതിന് പിറകില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലീസ് നിഗമനം.
ഇത്തരത്തിലുള്ള വേറെയും അക്കൗണ്ടുകള്‍ ഉണ്ടാകുമെന്നും പോലീസ് സംഘം സൂചിപ്പിച്ചു.


