കടുത്ത ചൂടില്‍ കേരളം വെന്തുരുകുകയാണ്. മുമ്പൊന്നും അനുഭവപ്പെടാത്ത വിധത്തില്‍ ഇത്തവണ ജനം എരിപൊരിസഞ്ചാരത്തിലാണ്.
ഭൗമശാസ്ത്രജ്ഞര്‍ ഇതിന് പുതിയ മാനം കണ്ടെത്താനുള്ള ശ്രമത്തിലാണ്.
രണ്ടുപേര്‍ കൂടിച്ചേരുന്നിടത്തെല്ലാം സംസാരം ചൂടിനെക്കുറിച്ച് തന്നെ.
ചൂടിന് കുളിര്‍മയേകാന്‍ എയര്‍ കണ്ടീഷണറുടെ വില്‍പ്പനയും ഇതോടൊപ്പം വൈദ്യുതി ഉപഭോഗവും കുതിച്ചുപായുന്നു.
എന്തുകൊണ്ടാണ് നാം ഇത്രയേറെ ചൂട് അനുഭവിക്കുന്നത് എന്ന് ചോദിച്ചാല്‍ എന്റെ ഉത്തരം നമ്മുടെ പ്രവൃത്തിയുടെ ഫലം അനുഭവിച്ച് തീര്‍ക്കുന്നു എന്നാണ്.
ഇപ്പോള്‍ കേരളത്തില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വികസനത്തിന്റെ കാലമാണെന്ന് എല്ലാവരും പറയുന്നു.
നീണ്ടു നിവര്‍ന്ന് കിടക്കുന്ന വലിയ റോഡുകള്‍. ദേശീയപാത നിലവാരത്തില്‍ ഉള്‍നാടുകളില്‍ പോലും മെക്കാഡം ടാര്‍ റോഡുകള്‍ പണിതുകഴിഞ്ഞു.
കളിക്കാന്‍ ആളുകളില്ലാത്ത സ്ഥലങ്ങളില്‍ പടുകൂറ്റന്‍ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിച്ച് കമ്മീഷനടിക്കാന്‍ പോലും വികസനവാദികള്‍രംഗത്തുണ്ട്.
ഇവരൊന്നും ചിന്തിക്കാത്ത ഒന്നുണ്ട്, പരിസ്ഥിതി. അത് തകര്‍ന്നു തരിപ്പണമായി.
യു.പി.ക്ലാസുകളില്‍ സാമൂഹ്യപാഠം എടുത്ത അധ്യാപകന്‍ പറഞ്ഞത് ഇപ്പോഴും മനസിലുണ്ട്. ഉത്തരേന്ത്യ കടുത്ത ചൂടിലും കടുത്ത ശൈത്യത്തിലുമാണ് ജീവിക്കുന്നതെങ്കില്‍ കേരളം മിതശീതോഷ്ണ പ്രദേശമാണ്. കടുത്ത ചൂടും കടുത്ത തണുപ്പും ഇല്ലാത്ത പ്രദേശമാണെന്ന്.
എന്നാല്‍ ദുരമൂത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ പരിസ്ഥിതിയെയും മിതശീതോഷ്ണ കാലാവസ്ഥയേയും നശിപ്പിച്ചു.
റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ഇതിന്റെ മുഖ്യപ്രതി.
സംസ്ഥാനപാതയുടെ വികസനത്തിനും ആയിരക്കണക്കിന് മരങ്ങള്‍ മുറിച്ചുനീക്കി.
പക്ഷെ, ഒരൊറ്റ മരം പോലും വെച്ചുപിടിപ്പിച്ചില്ല.
ദേശീയപാതയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചിട്ട് പത്ത് വര്‍ഷം കഴിഞ്ഞു, മുറിച്ചുമാറ്റിയ മരങ്ങള്‍ക്ക് പകരം വെയിലാളുന്ന ആകാശമല്ലാതെ മറ്റൊന്നും പുതുതായി വന്നില്ല.
പാമ്പ് ശല്യത്തെക്കുറിച്ചാണ് ഇപ്പോള്‍ നാം ഭീതിയോടെ സംസാരിക്കുന്നത്.
പാമ്പുകള്‍ ജീവിക്കുന്ന കാട്ടുപൊന്തകള്‍ മുഴുവന്‍നശിപ്പിച്ചില്ലേ നമ്മള്‍.
ജീവിക്കാനുള്ള സൗകര്യങ്ങള്‍ ഇല്ലാതാവുമ്പോള്‍ പാമ്പുകള്‍ എന്ത് ചെയ്യും? ഇതൊക്കെ പ്രകൃതിയുടെ വലിയ തിരിച്ചടികളാണ്.
ഇത് ഓര്‍ത്ത് ജീവിച്ചില്ലെങ്കില്‍ വലിയ തിരിച്ചടികള്‍ ഇനിയും സംഭവിക്കും.
ഒരു ഉദാഹരണം പറയാം, കരിമ്പം ഇ.ടി.സി(കില സെന്റര്‍)യിലെ 10 ഏക്കര്‍ ഭൂമിയാണ് അന്താരാഷ്ട്രനിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മ്മിക്കാനെന്ന പേരില്‍ വെട്ടിവെളുപ്പിച്ചത്.
ടണ്‍കണക്കിന് മണ്ണാണ് ഇവിടെ നിന്നും ഇടിച്ചുകടത്തിയത്.
എ.സി.മുറികളിലും എ.സി.കാറുകളിലും മാത്രം ജീവിക്കുന്നവര്‍ക്ക് കമ്മീഷന്‍ ഇനത്തില്‍ ലഭിക്കുന്ന വലിയ തുക ഹാപ്പിനസ് നല്‍കുമ്പോള്‍ കടുത്ത ചൂടില്‍ സാധാരണക്കാര്‍ അണ്‍ഹാപ്പിയാവുന്നത് ഇനിയും മനസിലായില്ലെങ്കില്‍ വലിയത് വരാനുണ്ട് എന്ന് മാത്രമാണ് പറയാനുള്ളത്.
ഇത്കൂടാതെ ആയിരക്കണക്കിന് കാട്ടുപൊന്തകള്‍, കുളങ്ങള്‍, കിണറുകള്‍ എല്ലാംതന്നെ വികസന റോഡൊഴുക്കില്‍ മാഞ്ഞുപോയി.
വികസനം വന്നു, അതോടൊപ്പം കടുത്ത ചൂടും കടന്നുവന്നു. സാക്ഷരത യജ്ഞം പോലെ, ജനകീയാസൂത്രണം പോലെ കേരളത്തില്‍ ഉടനീളം വ്യാപകമായ വനവല്‍ക്കരണം ആരംഭിക്കാത്തപക്ഷം ഈ ചൂട് നാള്‍ക്കുനാള്‍ വര്‍ദ്ധിക്കും, പെയ്യുന്ന മഴയുടെ അളവില്‍ വലിയ ഏറ്റക്കുറച്ചില്‍ വരും.
പതിനായിരക്കണക്കിന് മരങ്ങളില്‍ കൂടുകൂട്ടിയ ലക്ഷക്കണക്കിന് പക്ഷികളുടെ ദശലക്ഷക്കണക്കിന് മുട്ടകള്‍ നശിപ്പിച്ച വികസന വംശഹത്യയുടെ ശാപം ഈ കൊടുംചൂട് സഹിച്ച് വെന്തുരുകി നാം അനുഭവിച്ച് തീര്‍ക്കാന്‍ വിധിക്കപ്പെട്ടരാണ്.