മുപ്പത്‌ലക്ഷത്തിന്റെ ബസ് ഷെല്‍ട്ടറില്‍ മഴക്കാലത്ത് ഇരിക്കാനാവില്ല.

തളിപ്പറമ്പ്: മുപ്പത് ലക്ഷം ഗോവിന്ദ!!.

തളിപ്പറമ്പ് ദേശീയപാതയോരത്ത് പൊതുജനങ്ങള്‍ക്ക് ബസ് കാത്തുനില്‍ക്കാനായി തളിപ്പറമ്പിന്റെ മുന്‍ എം.എല്‍.എ 30 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ചുനല്‍കിയ അത്യാഡംബര ബസ് വെയിറ്റിംഗ് ഷെല്‍ട്ടറില്‍ മഴക്കാലത്ത് മഴപെയ്യും.

ആര്‍ക്കും തന്നെ മഴകൊള്ളാതെ ഷെല്‍ട്ടറിനകത്ത് ഇരിക്കാന്‍ പോയിട്ട് നില്‍ക്കാന്‍പോലും സാധിക്കില്ല.

ഇന്ന് രാവിലെ പെയ്ത മഴയില്‍ ആളുകള്‍ 30 ലക്ഷത്തിന്റെ സുഖം അനുഭവിച്ചു.

ഒരു വിധത്തിലുള്ള കേടുപാടുകളുമില്ലാത്ത മുന്‍ എം.എല്‍.എ സി.കെ.പി പത്മനാഭന്റെ ആസ്ഥിവികസന ഫണ്ടില്‍ നിന്ന് നിര്‍മ്മിച്ച ഷെല്‍ട്ടര്‍ പൊളിച്ചുമാറ്റിയാണ് ഈ പുതിയ ഷെല്‍ട്ടര്‍ പണിതത്.

ഇതിന്റെ നിര്‍മ്മാണ രീതി കണ്ടാല്‍ തന്നെ മഴക്കാലത്ത് മഴനനയാതെ ഇതിനകത്ത് നില്‍ക്കാന്‍ സാധിക്കില്ലെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് പോലും മനസിലാവും.

രണ്ട് ഭാഗവും തുറന്നുകിടക്കുന്ന നിലയിലായതിനാല്‍ ഈ രണ്ടുഭാഗത്തുനിന്നും മഴച്ചാറല്‍
ഷെല്‍ട്ടറിനകത്തേക്ക് പതിക്കും.

ഷെല്‍ട്ടറിനകത്തെ എല്ലാ ഇരിപ്പിടങ്ങളും മഴയില്‍ കുതിരുന്ന നിലയിലാണ്.

എന്തിനാണോ ഒരു ബസ് ഷെല്‍ട്ടര്‍ നിര്‍മ്മിക്കുന്നത്, അത് അവിടെ സാധിക്കാത്ത അവസ്ഥയിലയാണ് കാര്യങ്ങള്‍.