മരംമാഫിയയുടെ ഭീഷണിയില്‍ താലൂക്ക് ഓഫീസ് വളപ്പിലെ അൂര്‍വ്വമായ ആവല്‍മരം.
തളിപ്പറമ്പ്: ആവല്‍മരം കൂടി മുറിച്ചെടുക്കാന്‍ ശ്രമംനടത്തി മരംമാഫിയ.
പുതിയ റവന്യൂ ടവര്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പിലെ 40 സെന്റ് ഭൂമിയില്‍ നിന്നും തേക്ക് ഉള്‍പ്പെടെ 11 മരങ്ങള്‍ മുറിച്ചുമാറ്റിത്തുടങ്ങി.
താലൂക്ക് ഓഫീസ് വളപ്പിന്‍രെ വടക്കുകിഴക്കേ അതിരില്‍ പഴയ കാറ്റില്‍ പൗണ്ടിനോട് ചേര്‍ന്നുനില്‍ക്കുന്ന 200 വര്‍ഷത്തോളം പഴക്കമുണ്ടെന്ന് കരുതുന്ന ആവല്‍ മരം മുറിച്ചു നീക്കേണ്ടതില്ലെന്നാണ് തീരുമാനം. ആവശ്യമെങ്കില്‍ ഇതിന്റെ ശിഖരങ്ങള്‍ മാത്രം മുറിച്ചാല്‍മതിയെന്നാണ് നിര്‍ദ്ദേശം.
സോഷ്യല്‍ ഫോറസ്ട്രി വിഭാഗവും ഈ മരംമുറിക്കരുതെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
വര്‍ഷങ്ങളായി തണല്‍നല്‍കുന്ന ഈ മരം കൂടി എങ്ങനെയെങ്കിലും മുറിച്ചെടുക്കാനാവുമോ എന്ന് മരംമാഫിയ ശ്രമിക്കുന്നതായാണ് വിവരം.
പശ്ചിമഘട്ടത്തിലും ഇലപൊഴിയും വനങ്ങളിലും അര്‍ദ്ധഹരിത വനമേഖലകളിലും മാത്രം കാണപ്പെടുന്ന വന്‍മരമാണ് ആവല്‍.
അള്‍മേസി സസ്യകുടുംബത്തില്‍ പെടുന്ന ഈ മരം നിരവധി രോഗങ്ങള്‍ക്ക് സിദ്ധൗഷധമാണ്.
മുടി വട്ടത്തില്‍ പൊഴിയുന്നത് തടയാന്‍ ഇതിന്റെ തളിരിലയുടെ ചാറ് ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്നുണ്ട്.
ആവലിന്റെ ഇലയും മരപ്പട്ടയും ഔഷധമായി ഉപയോഗിക്കുന്നുണ്ട്. കഫത്തെ ശമിപ്പിക്കുന്നതിനും ചര്‍മ്മരോഗത്തിനും കുഷ്ഠത്തിനും അര്‍ശ്ശസിനും രക്തശുദ്ധിക്കും പ്രമേഹത്തിനും ഇത് ഉപയോഗിക്കുന്നുണ്ട്.
മരത്തിന്റെ തൊലിയില്‍ ഫ്രീഡിലിന്‍, ലിഗ്‌നിന്‍, പെന്റോസാന്‍ എന്നിവയും വിത്തില്‍ മഞ്ഞനിറമുള്ള എണ്ണയും ഗ്ലൂട്ടാമിക് അമ്ലവും ഇലകളില്‍ പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ഫോസ്ഫറസ് എന്നിവയും അടങ്ങിയിരിക്കുന്നു.
തളിപ്പറമ്പ് നഗരസഭാ പരിധിയില്‍ അത്യപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന ഈ മരം പ്രത്യേകമായി സംരക്ഷിക്കണമെന്ന് മലബാര്‍ അസോസിയേഷന്‍ ഫോര്‍ നേച്ചര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.