റവന്യൂടവറിനായി മരങ്ങള്‍ മുറിച്ചുതുടങ്ങി; നൂറ്റാണ്ടുകള്‍ പഴക്കമുള്ള 11 മരങ്ങള്‍ക്ക് വെറും 40,000 രൂപ മാത്രം.
തളിപ്പറമ്പ്: നൂറ്റാണ്ടുകളുടെ പഴക്കമുള്ള 11 മരങ്ങള്‍ ലേലം ചെയ്തത് വെറും 40,000 രൂപക്ക്.
തളിപ്പറമ്പില്‍ റവന്യൂടവര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരങ്ങളാണ് മുറിച്ചുതുടങ്ങിയത്.
40 സെന്റ് സ്ഥലത്തെ 11 മരങ്ങളാണ് മുറിച്ചുമാറ്റിക്കൊണ്ടിരിക്കുന്നത്. 2 തേക്ക്, 2 മഴമരം, ഒരു അരയാല്‍, 3 അരണമരങ്ങള്‍, 3 ഉപ്പില എന്നിവയാണ് നികുതികള്‍ ഉള്‍പ്പെടെ 40,000 രൂപക്ക് ലേലം ചെയ്തത്.
ഇവയെല്ലാം നൂറ്റാണ്ടുകള്‍ പഴക്കമുള്ളവയാണ്.
2 ഏക്കര്‍ വിസ്തൃതിയുള്ള തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പിന്റെ കിഴക്കുഭാഗത്താണ് 40 സെന്റ് സ്ഥലത്ത് പുതിയ റവന്യൂടവര്‍ പണിയുന്നത്.
നിലവിലുള്ള 1910 ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച താലൂക്ക് ഓഫീസ് മ്യൂസിയമാക്കി മാറ്റിയാണ് പുതിയ ഓഫീസ് പണിയുന്നത്.
നേരത്തെ 29 കോടി രൂപ എസ്റ്റിമേറ്റ് തയ്യാറാക്കിയ റവന്യൂടവറിന്റെ നിര്‍മ്മാണത്തുക പിന്നീട് 15 കോടിയാക്കി കുറച്ചിരുന്നു.
പഴയ വില്ലേജ് ഓഫീസ്, കാന്റീന്‍, പഴം പച്ചക്കറി സഹകരണസംഘം, കൈത്തറി ഷോറൂം എന്നിവ പൊളിച്ചുമാറ്റിയാണ് റവന്യൂടവര്‍ പണിയുന്നത്.
എസ്റ്റിമേറ്റ് തുക കുറവുവരുത്തിയതിനാല്‍ ഭാവിയിലെ വികസനത്തിനായി അടിത്തറയൊരുക്കിയായിരിക്കും നിലവിലുള്ള താലൂക്ക് ഓഫീസിനായി മാത്രം റവന്യൂ ടവര്‍ പണിയുക.തറക്കല്ലിടലിന്റെ ഭാഗമായിട്ടാണ് മരങ്ങള്‍ മുറിച്ചുമാറ്റുന്നതെന്നാണ് വിവരം.