ഡി.വൈ.എഫ് ഐക്കാര്‍ എഴുതി നല്‍കുന്ന തുണ്ട് കടലാസ് എഫ്.ഐ.ആറിലേക്ക് പകര്‍ത്തിയെഴുതുന്ന പെരിങ്ങോത്തെ പോലീസ് നടപടി അവസാനിപ്പിക്കണം-അഫ്‌സല്‍ കുഴിക്കാട്.

പെരിങ്ങോം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കരുതെന്ന് പ്രചാരണം നടത്തിയെന്ന പേരില്‍ പെരിങ്ങോം പോലീസ് കേസെടുത്ത അഫ്‌സല്‍ കുഴിക്കാടിന്റെ പ്രതികരണം-

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കരുതെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല, കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞാണ് കേസെടുത്തിരിക്കുന്നത്. കേസെടുത്ത വിവരം അന്വേഷിച്ചു പോലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാതെ ഫോണ്‍ കട്ട് ചെയ്യുകയാണുണ്ടായത്. 2 വര്‍ഷം മുമ്പ് സി.ഐ.ടി.യു തൊഴിലാളികള്‍ എന്നെ ആക്രമിച്ചതും കട പൂട്ടിച്ചതുമായി ബന്ധപെട്ട് അവരുടെ പേരില്‍ ഞാന്‍ കൊടുത്ത കേസിന് ബദലായി എന്റെ പേരില്‍ ഒരു കേസുണ്ടാക്കാന്‍ പലപ്പോഴായി പ്രാദേശിക സിപിഎം നേതൃതം ശ്രമിക്കുന്നുണ്ട്. നാട്ടിലുള്ളപ്പോഴൊക്കെ എന്റെ നേര്‍ക്ക് പ്രകോപനം ഉണ്ടാക്കാറമുണ്ട്. സ്വയം സംയമനം പാലിക്കുന്നത് കൊണ്ടുമാത്രമാണ് ഒരു കേസ് പോലും എന്റെ പേരില്‍ വരാതിരുന്നത.് അപ്രകാരം വന്നതാണ് ഈ കേസെന്ന് കൃത്യമായി മനസ്സിലാക്കുന്നു .
പെരിങ്ങോം പോലീസിലെ ചില ഉദ്യോഗസ്ഥരെ ക്വാറി മാഫിയ സംബന്ധിച്ച സാമ്പത്തിക ഇടപാടിന്റെ പേരുപറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ഡി.വൈ.എഫ്.ഐക്കാര്‍ രാഷ്ട്രീയ എതിരാളികളുടെ പേരില്‍ കേസെടുപ്പിക്കുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പ് അടക്കം പല കേസുകളിലും പരാതിയുമായി പെരിങ്ങോം പോലീസ് സ്റ്റേഷനില്‍ സാധാരണക്കാരന്‍ പോയാല്‍ പരാതി സ്വീകരിച്ചതിന്റെ രസീത് നല്‍കുകയും അന്നേഷിക്കാം എന്നുപറഞ്ഞ് തിരിച്ചയക്കലുമാണ് പതിവ്. എന്നാല്‍ ഡി.വൈ.എഫ്.ഐ നേതാക്കള്‍ സ്റ്റേഷനില്‍ കയറിയിറങ്ങിയാല്‍ അവര്‍ക്ക് ആവശ്യമുള്ളത് എന്തും പോലീസ് ഉദ്യോഗസ്ഥരെകൊണ്ട് ചെയ്യിക്കാറുണ്ട്. സ്വര്‍ണ്ണകടത്ത് കേസിലടക്കം ഉള്‍പ്പെട്ട വിവാദ ഡി.വൈ.എഫ്.ഐ നേതാക്കന്‍മാരും മുതിര്‍ന്ന പാര്‍ട്ടി നേതാക്കന്മാരുടെ വിശ്വസ്തരായ ആളുകളുമാണ് പൊലീസിന്റെയും ക്വാറി മാഫിയകളുടെയും ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നത്. ഇവിടെ ഇതല്ല ഇതിലപ്പുറം നടന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. അഫ്‌സല്‍ പറയുന്നു.