ബിനോയ് വിശ്വം സി.പി.ഐ സംസ്ഥാന സെക്രട്ടെറി.
തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ മരണത്തെത്തുടർന്ന് ഒഴിവ് വന്ന സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ബിനോയ് വിശ്വത്തിന് ചുമതല. ദേശീയ സെക്രട്ടറി ഡി രാജയുടെ അധ്യക്ഷതയിൽ കോട്ടയത്ത് ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവാണ് തീരുമാനമെടുത്തത്. ഏകകണ്ഠമായാണ് തീരുമാനമെന്ന് ഡി രാജ അറിയിച്ചു. 28ന് ചേരുന്ന സിപിഐ സംസ്ഥാന കൗൺസിൽ തീരുമാനത്തിന് അംഗീകാരം നൽകുമെന്നും ഡി രാജ അറിയിച്ചു.
നിലവിൽ രാജ്യസഭാംഗമായ ബിനോയ് വിശ്വത്തിൻ്റെ എംപി കാലാവധി ആറുമാസത്തിനകം പൂർത്തിയാകും. ചികിത്സയിലിരിക്കുമ്പോൾ കാനം അവധി അപേക്ഷ നൽകിയപ്പോൾ പകരം ബിനോയ് വിശ്വത്തിന് ചുമതല നൽകണമെന്ന് നിർദേശിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ ബിനോയിക്ക് കാര്യമായ എതിർപ്പുണ്ടാകാനിടയില്ല എന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നിലവിൽ ദേശീയ സെക്രട്ടേറിയറ്റ് അംഗമാണ് ബിനോയ് വിശ്വം.