ചീയോതിക്കാവ് പോലീസ് സ്‌റ്റേഷന്‍ ലോകത്തെവിടെയുമില്ല, പക്ഷെ-പരിയാരത്തുണ്ട്.

 

പരിയാരം: ചീയോതിക്കാവ് പോലീസ് സ്‌റ്റേഷന്‍, ഇങ്ങനെയൊരു പോലീസ് സ്‌റ്റേഷന്‍ ഇന്ത്യയിലെവിടെയുമില്ല. പക്ഷെ, പരിയാരം മെഡിക്കല്‍ കോളേജിന് സമീപം ഇങ്ങനെയൊരു പോലീസ് സ്‌റ്റേഷനുണ്ട്.

പഴയ പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനാണ് ചീയോതിക്കാവ് പോലീസ് സ്‌റ്റേഷനായി മാറിയത്.

സിനിമാ ഷൂട്ടിങ്ങിന്റെ ഭാഗമായിട്ടാണ് ഇത് താല്‍ക്കാലിക സ്‌റ്റേഷനായി മാറിയത്.

എന്നാല്‍ ഷൂട്ടിംഗ് തീര്‍ന്നിട്ട് മാസങ്ങളായിട്ടും അതിനായി ഒരുക്കിയ വലിയ ബോര്‍ഡ് നീക്കം ചെയ്യുകയോ പെയിന്റടിച്ച് പേര് മായ്ക്കുകയോ ചെയ്തിട്ടില്ല.

മെഡിക്കല്‍ കോളേജ് പരിസരത്ത് ദൂരെ സ്ഥലങ്ങളില്‍ നിന്ന് എത്തുന്നവരെ ഈ ബോര്‍ഡും പോലീസ് സ്‌റ്റേഷനും ഏറെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്.

നേരത്തെ ദീര്‍ഘകാലം പോലീസ് സ്‌റ്റേഷനായതിനാലും റോഡിന് സമീപമായതിനാലും യഥാര്‍ത്ഥ പോലീസ് സ്‌റ്റേഷനാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ഇട
വരുന്നുണ്ട്.

നാലോളം സിനിമകളാണ് ഈ പോലീസ് സ്‌റ്റേഷനില്‍ ഷൂട്ട് ചെയ്തിട്ടുള്ളത്. നേരത്തെ പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ഷൂട്ടിങ്ങിന് നല്‍കിയത് വിവാദമാകുകയും ചെയ്തിരുന്നു.

പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ ഭാഗമായതിനാല്‍ ആശുപത്രി വികസനസമിതിയാണ് ഇത് ഷൂട്ടിങ്ങിനായി നല്‍കുന്നത്.

30,000 മുതല്‍ 50,000 രൂപവരെ വാടക ഈടാക്കിയാണ് പോലീസ് സ്‌റ്റേഷന്‍ ഷൂട്ടിങ്ങിന് നല്‍കിവരുന്നത്.

നേരത്തെ പരിയാരം ടി.ബി.സാനിട്ടോറിയത്തിന്റെ സൂപ്രണ്ട് ക്വാര്‍ട്ടേഴ്‌സായിരുന്നു ഈ കെട്ടിടം. മെഡിക്കല്‍ കോളേജ് കാന്റീനും ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.

80 വര്‍ഷത്തോളം പഴക്കമുള്ള ഈ കെട്ടിടം സംരക്ഷിത സ്മാരകമാക്കി മാറ്റണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ഇപ്പോള്‍ ഈ കെട്ടിടത്തില്‍ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട തൊഴിലാളികളാണ് താമസിക്കുന്നത്.

കെട്ടിടം ആശുപത്രി വികസനസമിതി ഇവര്‍ക്ക് വാടകക്ക് കൊടുത്തതായാണ് വിവരം.

ഇത്തരത്തില്‍ സര്‍ക്കാര്‍ കെട്ടിടം വാടകക്ക് നല്‍കാന്‍ ആശുപത്രി വികസനസമിതികള്‍ക്ക് അധികാരമുണ്ടോ എന്നതും ചര്‍ച്ചയായിട്ടുണ്ട്.