മദ്ധ്യവയസ്‌ക്കന്‍ മരിച്ച നിലയില്‍-മൃതദേഹത്തിന് ഒരാഴ്ച്ചത്തെ പഴക്കം

വലിയ അരീക്കാമല: മാനസിക അസ്വാസ്ഥ്യമുള്ള മധ്യവയസ്‌ക്കനെ വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി.

വലിയ അരീക്കാമലയിലെ തേനപ്ലാക്കല്‍ വീട്ടില്‍ ജയിംസിന്റെ(56)മൃതദേഹമാണ് വീട്ടിന് പിറകില്‍ വീണുമരിച്ച നിലയില്‍ കണ്ടത്.

ആരുമായും അടുപ്പം കാണിക്കാത്ത ഇയാള്‍ ബന്ധുക്കളെപോലും വീട്ടിലേക്ക് വിലക്കിയിരുന്നു.

കഴിഞ്ഞ 13 നാണ് അവസാനമായി നാട്ടുകാര്‍ ജയിംസിനെ കണ്ടത്.

കടയിലെത്തി ഒരാഴ്ച്ചത്തേക്കുള്ള സാധനങ്ങള്‍ വാങ്ങി മടങ്ങിപ്പോകുന്ന ജയിംസിനെ 10 ദിവസമായിട്ടും കാണാത്തതിനെ തുടര്‍ന്ന് കടക്കാരന്‍ സംശയം പ്രകടിപ്പിച്ചത് പ്രകാരം നാട്ടുകാര്‍ ഇന്നലെ രാത്രി എട്ടോടെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്.

പ്രദേശത്തൊന്നും ആള്‍ത്താമസമില്ലാത്തതിനാല്‍ മരിച്ചത് ആരും അറിഞ്ഞിരുന്നില്ല.

മൃതദേഹത്തിന് ഒരാഴ്ച്ചത്തെ പഴക്കമുണ്ട്.

വിവരമറിഞ്ഞ് കുടിയാന്‍മല പോലീസ് സ്ഥലത്തെത്തി.

ഇന്ന് രാവിലെ ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും.

ജയിംസിന്റെ അമ്മയും ഇത്തരത്തില്‍ തന്നെ മരിച്ച് രണ്ടാഴ്ച്ച കഴിഞ്ഞാണ് നാട്ടുകാര്‍ അറിഞ്ഞത്.

മൃതദേഹത്തോടൊപ്പം കഴിഞ്ഞ ജയിംസ് പിന്നീട് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുകയും തലശേരിയില്‍ വെച്ച് അപകടത്തില്‍പെടുകയും ചെയ്തിരുന്നു.

മനോരോഗത്തിന് മരുന്നുകള്‍ കഴിച്ചുവരികയായിരുന്നു.

ട്രീസമ്മ, ചിന്നമ്മ, പരേതനായ ഡെന്നിച്ചന്‍ എന്നിവരാണ് സഹോദരങ്ങള്‍.