മൂത്തേടത്ത് എച്ച്.എസ്.എസില്‍ 37 അധ്യാപകരുടെ നിയമനം അംഗീകരിക്കാന്‍ ഹൈക്കോടതി ഉത്തരവ്

തളിപ്പറമ്പ്: ഭിന്നശേഷി നിയമനത്തിന്റെ പേരില്‍ 37 അധ്യാപകരുടെ നിയമനം തടഞ്ഞതിനെതിരെ ഹൈക്കോടതിയുടെ ഇടപെടല്‍.

തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍
ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് ഒഴിച്ചിടാന്‍ നിര്‍ദ്ദേശിച്ച ഒഴിവുകള്‍ ഒഴിച്ചിട്ടിട്ടും 37 അധ്യാപകരുടെ നിയമനം അംഗീകരിക്കാത്തതിനെതിരെ സ്‌ക്കൂള്‍ മാനേജര്‍ അഡ്വ വിനോദ് രാഘവന്‍ ഹൈക്കോടതി മുമ്പാകെ നല്‍കിയ കേസിലാണ് ഹൈക്കോടതി ഉത്തരവ്.

37 അദ്ധ്യാപകരുടെയും നിയമനം 2025 ജൂലൈ 10-ാം തിയതിക്കകം പൂര്‍ത്തിക്കരിച്ച് നിയമന അംഗീകാരം നല്‍കുന്നതിന് ഡയരക്റ്റര്‍ ഓഫ് ജനറല്‍ എജ്യുകേഷന് കേരളാ ഹൈക്കോടതി ജഡ്ജി എന്‍. നഗരേഷ് നിര്‍ദ്ദേശം നല്‍കി.

2021 ന് ശേഷം നിയമനം നല്‍കിയവരാണ് 37 അദ്ധ്യാപകരും. 2021 മുതല്‍ ശമ്പളമില്ലാതെ ജോലി ചെയ്യുന്നവരാണ് ഭൂരിഭാഗം അധ്യാപകരും.

മേല്‍ ഉത്തരവോടു കൂടി ഭൂരിഭാഗം അദ്ധ്യാപക നിയമനം സംബന്ധിച്ച പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും.