കളിയാട്ടത്തിന് മുമ്പ് കാരുണ്യം ചൊരിഞ്ഞ് തെയ്യങ്ങള്‍.

തളിപ്പറമ്പ്: കളിയാട്ടത്തിന്റെ പ്രചാരണാര്‍ത്ഥം റോഡരികില്‍ സ്ഥാപിച്ച തെയ്യക്കോലങ്ങളുടെ രൂപങ്ങള്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നു.

കരിമ്പം കുണ്ടത്തില്‍കാവ് പുതിയഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന കളിയാട്ട മഹോല്‍സവത്തിന്റെ ഭാഗമായിട്ടാണ് തളിപ്പറമ്പ്-ഇരിട്ടി റോഡരികില്‍ പ്രധാനപ്പെട്ട അഞ്ച് തെയ്യങ്ങളുടെ രൂപങ്ങള്‍ നിര്‍മ്മിച്ചത്.

ജനുവരി 15 മുതല്‍ 19 വരെ വിവിധ പരിപാടികളോടെയാണ് കളിയാട്ടം നടക്കുന്നത്.

വലിയതമ്പുരാട്ടി, പുതിയ ഭാഗവതി, ഇളങ്കോലം, വിഷ്ണുമൂര്‍ത്തി, ഗുളികന്‍ എന്നീ തെയ്യങ്ങളാണ് അതിന്റെ സ്വാഭാവിക തനിമ ചോര്‍ന്നുപോകാതെ റോഡരികില്‍ അനുഗ്രഹം ചൊരിയുന്നത്.

സംസ്ഥാനപാത-36 ല്‍ കരിമ്പംഫാമിന് സമീപത്തെ ഈ തെയ്യരൂപങ്ങള്‍ക്ക് സമീപം വാഹനങ്ങള്‍ നിര്‍ത്തി സെല്‍ഫിയെടുക്കുന്നവരുടെ എണ്ണം നിരവധിയാണ്.

കുറുമാത്തൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ ശലഭോദ്യാനം നിര്‍മ്മിച്ച പ്രമുഖ ശില്‍പ്പി രൂപേഷ് കുരുവിയാണ് അഞ്ച് തെയ്യക്കോലങ്ങളുടെയും മാതൃകകള്‍ നിര്‍മ്മിച്ചത്.

ഇത് കൂടാതെ കുണ്ടത്തില്‍ കാവിന്റെ ഫഌക്‌സില്‍ നിര്‍മ്മിച്ച മാതൃകയും സ്ഥാപിച്ചിട്ടുണ്ട്.

ഫ്‌ളെക്‌സും തെര്‍മോകോളും ഉപയോഗിച്ച് തെയ്യത്തിന്റെ അതേ ആകാരവടിവോടെയാണ് രൂപങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ആഘോഷകമ്മറ്റി ചെയര്‍മാന്‍ മാണി പ്രദീപന്‍, കണ്‍വീനര്‍ പി.ബാബുരാജ്, ക്ഷേത്രകമ്മറ്റി പ്രസിഡന്റ് എം.ഷൈജു, സെക്രട്ടറി അനൂപ്, ഒ.ഗിരീഷ് എന്നിവരാണ് ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

15 ന് വൈകുന്നേരം 4.30 ന് കണിച്ചാമല്‍ ആലയില്‍പടിയില്‍ നിന്നും ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ കലവറനിറക്കല്‍ ഘോഷയാത്ര നടക്കും.

രാത്രി 7 ന് സാംസ്‌ക്കാരിക പരിപാടികള്‍ മയ്യില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി.സുമേഷ് ഉദ്ഘാടനം ചെയ്യും.

കുറുമാത്തൂര്‍ പഞ്ചായത്തംഗം ടി.പി.പ്രസന്ന ടീച്ചര്‍ പങ്കെടുക്കും. 18 ന് രാവിലെ 10.30 ന് മൂത്ത ഭഗവതിയുടെ പുറപ്പാട്, വൈകുന്നേരം 5 ന് കാരന്‍ ദൈവം, 6 ന് ഇളംകോലം, രാത്രി 11 ന് കാഴ്ച്ചവരവും കരിമരുന്ന് പ്രയോഗവും.

നമ്പോലന്‍ നമ്പോലത്തിയും.സമാപന ദിനമായ 19 ന് പുലര്‍ച്ചെ ഗുളികന്‍ ദൈവത്തിന്റെ പുറപ്പാട്.

രാവിലെ തോറ്റംപാട്ട്, 9 മണിക്ക് കാരന്‍ദൈവം, നാഗേനിയമ്മ, വിഷ്ണുമൂര്‍ത്തി, മാപ്പിളത്തെയ്യങ്ങല്‍.

തുടര്‍ന്ന് വലിയ തമ്പുരാട്ടിയുടെ പുറപ്പാട്. കളിയാട്ട ദിവസങ്ങളില്‍ അന്നദാനവും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.