കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ജീവനക്കാര്‍ക്ക് സ്വയം പ്രതിരോധ പരിശീലനം

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബേസിക് കോഴ്‌സ് ഇന്‍ സെല്‍ഫ് ഡിഫെന്‍സില്‍ പ്രായോഗിക പരിശീലന പരിപാടി സംഘ ടിപ്പിച്ചു.

ദേശീയ- അന്തര്‍ദേശീയ ചാമ്പ്യന്‍ ഡോ. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് വനിതാ ട്രെയിനര്‍മാരുള്‍പ്പെടെയുള്ള തയ്‌ക്കോണ്ടോ ടീം പരിശീലനം നടത്തിയത്.

ആരോഗ്യപ്രവര്‍ത്തകരെയടക്കം അക്രമിക്കുന്ന നിരവധി സംഭവങ്ങള്‍ വര്‍ധിച്ചു വരുന്ന പശ്ചാതലത്തിലാണ് നൂതനമായ ഒരു പരിശീലനപരിപാടി ആശുപത്രി അധികൃതര്‍ സംഘടിപ്പിച്ചത്.

പരിശീലന പരിപാടി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സൈറു ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

ആശുപത്രി സൂപ്രണ്ട് ഡോ. കെ.സുദീപ് അധ്യക്ഷത വഹിച്ചു.

ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഡി. കെ.മനോജ്, ആര്‍. എം. ഒ ഡോ. എം.എസ് സരിന്‍, എമര്‍ജന്‍സി വിഭാഗം തലവന്‍ ഡോ. കെ.ടി. മാധവന്‍, എ. ആര്‍. എം. ഒ ഡോ. മനോജ് കുമാര്‍, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗം മേധാവി ഡോ.പി. പി ബിനീഷ് എന്നിവര്‍ പ്രസംഗിച്ചു.

ആശുപത്രി അഡ്മിനിസ്‌ട്രെറ്റിവ് ഓഫീസര്‍ ഡോ. എം. വി.ബിന്ദു സ്വാഗതവും നഴ്‌സിംഗ് സൂപ്രണ്ട് പി.ജെ. ലൂസി നന്ദിയും പറഞ്ഞു.

പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സ്വരക്ഷാ പരിശീലനം സംഘടിപ്പിക്കുന്നതെന്ന് ഡോ. കെ.സുദീപ് പറഞ്ഞു.

ജീവനക്കാരുടെ ശാരീരികക്ഷമത, മാനസികമായ അഭിവൃദ്ധി എന്നിവ കൂടിയാണ് സെല്‍ഫ് ഡിഫെന്‍സ് പ്രോഗ്രാമുകളിലൂടെ ഉദ്ദേശിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ ഡോ. സൈറു ഫിലിപ്പ് പറഞ്ഞു.

പരിശീലനപരിപാടിയില്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍, നഴ്‌സിംഗ് ജീവനക്കാര്‍ തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളിലെ ജീവനക്കാര്‍ പങ്കെടുത്തു.