കുമാരനാശാന്റെ കരുണ സിനിമയായിട്ട് 58 വര്‍ഷം-
കരിമ്പം.കെ.പി.രാജീവന്‍
മഹാകവി കുമാരനാശാന്റെ നൂറാം ചരമവാര്‍ഷിക ദിനമായ ഇന്ന് (16.1.2024) അദ്ദേഹത്തിന്റെ അതിപ്രശസ്തമായ കവിതയുടെ
സംഗീതസാന്ദ്രമായ ചലച്ചിത്രാവിഷ്‌ക്കാരം കൂടി നമുക്കോര്‍മ്മിക്കാം.
ഗിരി മൂവീസിന്റെ ബാനറില്‍ പ്രശസ്ത നൃത്തസംവിധായകന്‍
കെ.തങ്കപ്പന്‍ മാസ്റ്റര്‍ നിര്‍മ്മിച്ച് അദ്ദേഹംതന്നെ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മധു, ദേവിക തുടങ്ങിയവരായിരുന്നു പ്രധാന താരങ്ങള്‍.
കെ.പി.ഉമ്മര്‍ അവതരിപ്പിച്ച ഉപഗുപ്തന്‍ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവുംമികച്ച കഥാപാത്രമായി ഇന്നും വാഴ്ത്തപ്പെടുന്നു.
1966 നവംബര്‍ 25 നാണ് സിനിമ 58 വര്‍ഷം മുമ്പ് റിലീസ്‌ചെയ്തത്.
തിക്കുറിശി സുകുമാരന്‍നായര്‍, അടൂര്‍ഭാസി, ശങ്കരാടി, ടി.കെ.ബാലചന്ദ്രന്‍, ശോഭന, രേണുക, വിജയറാണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍.
സംഗീതസാന്ദ്രമായ ഈ സിനിമയിലെ ഗാനങ്ങല്‍ ഒ.എന്‍.വിയും ജി.ദേവരാജനും ചേര്‍ന്നാണ് ഒരുക്കിയത്.
ആശാന്റെ കരുണയിലെ വരികളും സിനിമയില്‍ എടുത്തുചേര്‍ത്തിട്ടുണ്ട്.
ആകെയുള്ള 12 ഗാനങ്ങള്‍ എല്ലാം തന്നെ ഹിറ്റുകളാമെങ്കിലും യേശുദാസ് പാടി മോഹനരാഗത്തില്‍ ചിട്ടപ്പെടുത്തിയ
വാര്‍തിങ്കള്‍ തോണിയേറി
വാസന്തരാവില്‍ വന്ന
ലാവണ്യദേവതയല്ലേ നീ
വിശ്വ ലാവണ്യദേവതയല്ലേ … എന്ന ഗാനവും കേദാര്‍ രാഗത്തില്‍ ചിട്ടപ്പെടുത്തി പി.സുശീല പാടിയ
എന്തിനീ ചിലങ്കകള്‍
എന്തിനീ കൈവളകള്‍
എന്‍ പ്രിയന്‍ എന്നരുകില്‍ വരില്ലയെങ്കില്‍ ... എന്ന ഗാനവും നിത്യഹരിതങ്ങളായി നിലനില്‍ക്കുന്നു. വൈക്കം ചന്ദ്രശേഖരന്‍ നായരാണ് കരുണക്ക് തിരക്കഥയും സംഭാഷണവും എഴുതിയത്.
കരുണ -കഥാസംഗ്രഹം
ഉത്തരമധുരാപുരിയില്‍ വാസവദത്ത എന്ന വിഖ്യാതയായ ഒരു വേശ്യയുണ്ടായിരുന്നു. ഉപഗുപ്തന്‍ എന്ന ബുദ്ധസന്യാസിയില്‍ അവള്‍ക്ക് കലശലായ അനുരാഗം ജനിച്ചു. വാസവദത്ത തോഴിയെ വിട്ട് ഉപഗുപ്തനെ തന്റെ വസതിയിലേക്ക് ക്ഷണിച്ചു. പക്ഷെ തനിക്ക് വാസവദത്തയുടെ അരികിലേക്ക് വരാന്‍ സമയമില്ലെന്ന് പറഞ്ഞ് തോഴിയെ അദ്ദേഹം മടക്കിഅയച്ചു. താന്‍ ഉപഗുപ്തനില്‍ നിന്നും അനുരാഗം മാത്രമാണ് ധനമല്ല മോഹിക്കുന്നതെന്ന് പറഞ്ഞ് വീണ്ടും തോഴിയെ അയച്ചെങ്കിലും അദ്ദേഹത്തിന്റെ മറുപടി പഴയത് തന്നെ ആയിരുന്നു.
ഏതാനം മാസങ്ങള്‍ കഴിഞ്ഞു. അവിടത്തെ തൊഴിലാളികളുടെ പ്രമാണി വാസവദത്തയെ സ്വാധീനത്തിലാക്കി. അതിനിടയില്‍ ധനാഢ്യനായ ഒരു വിദേശവ്യാപാരി മധുരയില്‍ എത്തിച്ചേര്‍ന്നു. അയാള്‍ക്ക് വാസവദത്തയില്‍ വലിയ ഭ്രമമായി. അയാളുടെ ധനസമ്പത്തിലും പ്രതാപത്തിലും വാസവദത്തയും കണ്ണുവച്ചു. വിദേശവ്യാപാരിയെ പ്രാപിക്കുവാന്‍ വേണ്ടി തൊഴിലാളിപ്രമാണിയെ മാറ്റുവാന്‍ വാസവദത്ത ശ്രദ്ധാലുവായി.
ഒരു ദിവസം സൂത്രത്തില്‍ തൊഴിലാളിപ്രമാണിയെ വധിച്ച് ജഡം ചാണകക്കുഴിയില്‍ കുഴിച്ചുമൂടി. തൊഴിലാളികളും ബന്ധുജനങ്ങളും തങ്ങളുടെ പ്രമാണിയെ കാണാതായതിനെത്തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. വാസവദത്തയുടെ വസതിക്കടുത്തുള്ള ചാണകക്കുഴിയില്‍ നിന്നും അവര്‍ മൃതദേഹം കണ്ടെടുത്തു. അവള്‍ കൊലക്കുറ്റത്തിന് അറസ്റ്റുചെയ്യപ്പെട്ടു. ന്യായാധിപതിയുടെ മുമ്പില്‍ ഹാജരാക്കപ്പെട്ട അവളെ വിസ്താരത്തിനു ശേഷം ചെവിയും മൂക്കും കരചരണങ്ങളും മുറിച്ച് ജീവനോട് ചുടുകാട്ടില്‍ തള്ളാന്‍ വിധി കല്‍പ്പിച്ചു.
വാസവദത്ത ഭോഗലോലുപയായ ഒരു ചെറുപ്പക്കാരി ആയിരുന്നവെങ്കിലും തന്റെ കീഴിലുള്ളവരെയെല്ലാം വളരെ സ്‌നേഹിച്ചിരുന്നു. അതുകൊണ്ട് അവരുടെ പരിചാരികകളില്‍ ഒരുവള്‍ അവളോടുള്ള സ്‌നേഹം നിമിത്തം ചുടുകാട്ടില്‍ ചെന്നു വാസവദത്തയെ ശുശ്രൂഷിച്ചു.
ഈ അവസരത്തില്‍ ഉപഗുപ്തന്‍ വാസവദത്തയെ ചെന്നുകാണുവാന്‍ തീരുമാനിച്ചു. ഉപഗുപ്തനെ കണ്ട വാസവദത്ത തന്റെ വെട്ടിക്കളഞ്ഞ അവയവങ്ങളെ ഒരു തുണികൊണ്ടു മൂടുവാന്‍ തോഴിയോടാവശ്യപ്പെട്ടു. അവള്‍ ഉപഗുപ്തനോട് തന്റെ സൗന്ദര്യത്തെയും അപ്പോഴത്തെ ശോച്യാവസ്ഥയെയും മറ്റും പറഞ്ഞു സങ്കടപ്പെട്ടു. ഉപഗുപ്തനാവട്ടെ ഭഗവാന്‍ ശ്രീബുദ്ധന്റെ ധര്‍മ്മശാസനത്തെ അവള്‍ക്ക് ഉപദേശിച്ചുകൊടുക്കുകയാണ് ചെയ്തത്. ഉപഗുപ്തന്റെ ധര്‍മ്മോപദേശം കേട്ട് അവളുടെ ഹൃദയം ശാന്തമായി. അദ്ധ്യാത്മികമായ ഒരു സുഖം അവളുടെ ശാരീരികമായ വേദനകളുടെ ദുസ്സഹതയെ ശമിപ്പിച്ചു. ബുദ്ധന്‍, ധര്‍മ്മം, സംഘം ഈ മൂന്നില്‍ ശരണം പ്രാപിച്ചുകൊണ്ട് തന്റെ പാപത്തിന്റെ ശിക്ഷയ്ക്ക് ഭക്തിപൂര്‍വ്വം കീഴടങ്ങി അവള്‍ മരണം വരിച്ചു.
ഗാനങ്ങള്‍-
1-അനുപമകൃപാനിധി-ജി.ദേവരാജന്‍.
2-ബുദ്ധം ശരണം കരുണതന്‍ മണി-യേശുദാസ്.
3-എന്തിനീച്ചിലങ്കകള്‍-പി.സുശീല.
4-കല്‍പ്പതരുവിന്‍ തണലില്‍-യേശുദാസ്, എസ്.ജാനകി.
5-കരയായ്ക ഭഗിനീ-യേശുദാസ്.
6-മഥുരാപുരിയൊരു-പി.സുശീല.
7-പൂത്ത് പൂത്ത്-എസ്.ജാനകി.
8-സമയമായില്ലപോലും-പി.സുശീല.
9-താഴുവതെന്തേ-കമുകറ പുരുഷോത്തമന്‍.
10-ഉത്തരമഥുരാ വീഥികലേ-യേശുദാസ്.
11-വാര്‍ത്തിങ്കള്‍ തോണി-യേശുദാസ്.
12-വര്‍ണോല്‍സവമേ-എം.എസ്.പത്മ.