മെയിന്‍ റോഡ് ക്ലീനാവാന്‍ ഒറ്റക്കെട്ട്-പക്ഷെ, ഭരണപക്ഷത്ത് ഒരു എന്നാലും ആശങ്ക.

 

തളിപ്പറമ്പ്: മെയിന്‍ റോഡിലെ അനിധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന കാര്യത്തില്‍ ഇന്ന് നടന്ന തളിപ്പറമ്പ് നഗരസഭാ യോഗത്തില്‍ ഭരണ പ്രതിപക്ഷങ്ങള്‍ തമ്മില്‍ വാക്‌പോര് രൂക്ഷമായി.

ഇന്നത്തെ സ്ഥിതിക്ക് പരിഹാരം വേണമെന്ന് എല്ലാവരും ഏകകണ്ഠമായി പറയുന്നുണ്ടെങ്കിലും ഭരണപക്ഷത്തെ ചിലരുടെ ഒരു എന്നാലും ആശങ്കയാണ് ഒരുമണിക്കൂറിലേറെ നീണ്ട ചര്‍ച്ചകള്‍ക്കും വാക്കേറ്റങ്ങള്‍ക്കും ഇടയാക്കിയത്.

കണ്ണൂര്‍ റൂറല്‍ ജില്ലാ സ്‌പെഷ്യല്‍ബ്രാഞ്ച് ഡിവൈ.എസ്.പി സമര്‍പ്പിച്ച ഒരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരം കഴിഞ്ഞ സെപ്തംബര്‍-25 ന് നഗരസഭയില്‍ ചേര്‍ന്ന യോഗത്തിലാണ് ഒക്ടോബര്‍ ഒന്നുമുതല്‍ മെയിന്‍ റോഡിലൂടെ മാര്‍ക്കറ്റ് ഭാഗത്തേക്ക് പോകുന്ന റോഡിലെ കയ്യേറ്റങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

സെക്രട്ടറിയുടെ നേതൃത്വത്തില്‍ പോലീസിന്റെ സഹായത്തോടെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനെത്തിയത് ഒരു വിഭാഗം തടയുകയും സെക്രട്ടെറിയെ തെറിവിളിക്കുകയും ചെയ്ത അവസ്ഥയാണ് കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷമായ വാക്കേറ്റങ്ങള്‍ക്ക് ഇടയാക്കിയത്.

കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം ഈ ഒഴിപ്പിക്കല്‍ സ്ഥലത്ത് എത്തേണ്ടതായിരുന്നുവെന്ന് സി.പി.എം കക്ഷിനേതാവ് ഒ.സുഭാഗ്യവും കൗണ്‍സിലര്‍ സി.വി.ഗിരീശനും പറഞ്ഞു.

ഇരുവരും ഒഴിപ്പിക്കല്‍ സ്ഥലത്ത് എത്തുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റാരും ഈ സ്ഥലത്ത് എത്താത്തത് വിമര്‍ശനങ്ങള്‍ക്കിടയാക്കി.

ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിച്ച വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ വര്‍ഷങ്ങളായി തളിപ്പറമ്പ് പട്ടണത്തിന്റെ തീരാതലവേദനായി തുടരുന്ന മെയിന്‍ റോഡിലെ
അനധികൃത കയ്യേറ്റ കച്ചവടങ്ങള്‍ അവസാനിപ്പിച്ചേ തീരൂ എന്ന കര്‍ശനമായ നിലപാട് സ്വീകരിച്ചു.

ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവരും മെയിന്‍ റോഡില്‍ വര്‍ഷങ്ങളായി തുടരുന്ന കയ്യേറ്റങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കുറ്റിക്കോല്‍ മുതല്‍ കുപ്പം വരെയുള്ള ദേശീയപാതയിലെ കയ്യേറ്റങ്ങളും അവസാനിപ്പിക്കാന്‍ നടപടി വേണമെന്ന് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി.മുഹമ്മദ്‌നിസാര്‍ വാദിച്ചതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്.

ബി.ജെ.പി.കൗണ്‍സിലര്‍മാരായ കെ.വല്‍സരാജനും പി.വി.സുരേഷും ഉള്‍പ്പെട എല്ലാവരും ഇതിനെതിരെ രംഗത്തുവന്നു.

ഒടുവില്‍ കയ്യേറ്റങ്ങള്‍ക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്ത കര്‍ശനമായ നടപടികള്‍ സ്വീകരിക്കാന്‍ കൗണ്‍സില്‍ തീരുമാനമെടുക്കുകയായിരുന്നു.

കെ.രമേശന്‍, കെ.നബീസബീവി, പി.സി.നസീര്‍, കൊടിയില്‍ സലാം, വി.വിജയന്‍, ഇ.കുഞ്ഞിരാമന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായി അധ്യക്ഷത വഹിച്ചു.