തൊഴില്‍ നികുതി അടക്കാത്ത അഭിഭാകര്‍ക്കെതിരെ നഗരസഭ.

തളിപ്പറമ്പ്: തൊഴില്‍ നികുതി നല്‍കാത്ത അഭിഭാഷകര്‍ക്കെതിരെ ആഞ്ഞെടിച്ച് തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗം.

ഇന്നലെ നടന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭനാണ് വിഷയം കൗണ്‍സിലിന്റെ ശദ്ധയില്‍പെടുത്തിയത്.

പെട്ടിക്കടക്കാരില്‍ നിന്ന് പോലും തൊഴില്‍ നികുതി പിരിക്കുന്ന നഗരസഭാ ജീവനക്കാര്‍ വക്കീലന്‍മാരില്‍ നിന്ന് തൊഴില്‍ നികുതി പിരിക്കാനോ നല്‍കാത്തവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനോ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

200 ലേറെ വക്കീലന്‍മാര്‍ ഉള്ള തളിപ്പറമ്പില്‍ വളരെ ചെറിയൊരു വിഭാഗം അഭിഭാഷകര്‍ മാത്രമാണ് തൊഴില്‍ നികുതി നല്‍കുന്നതെന്ന് നഗരസഭാ സൂപ്രണ്ട് വിശദീകരിച്ചു.

കക്ഷി ഭേദമില്ലാതെ കൗണ്‍സിലര്‍മാര്‍ അതിരൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.

കെ.രമേശന്‍, കെ.വല്‍സരാജന്‍, പി.വി.സുരേഷ്, വി.വിജയന്‍, പി.പി.മുഹമ്മദ്‌നിസാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ഇക്കാര്യത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് കത്ത് നല്‍കാന്‍ കൗണ്‍സില്‍ യോഗം നിര്‍ദ്ദേശം നല്‍കി.

ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായി അധ്യക്ഷത വഹിച്ചു.