പല്ലുകളിളകി പരിയാരത്തെ കണ്ണൂര്‍ ഗവ.ദന്തല്‍ കോളേജ്.
കരിമ്പം.കെ.പി.രാജീവന്‍
പരിയാരം: രോഗികള്‍ കയ്യൊഴിയുന്നു, ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് തിരക്കില്‍, പരിയാരം ഗവ.ഡെന്റല്‍ കോളേജ് തകര്‍ച്ചയുടെ പടുകുഴിയിലേക്ക്.
2004 ല്‍ ആരംഭിച്ച കോളേജില്‍ പുതിയ ഉപകരണങ്ങളൊന്നും ഇല്ലെന്ന് മാത്രമല്ല, ഉള്ളത് തന്നെ പ്രവര്‍ത്തിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നില്ലെന്നും ആരോപണമുണ്ട്.
ഫോണില്‍ എന്തെങ്കിലും വിവരങ്ങള്‍ അന്വേഷിച്ചാല്‍ ജീവനക്കാര്‍ തട്ടിക്കേറുന്നതായും പരാതിയുണ്ട്.
ആശുപത്രിയിലെ ഒട്ടുമിക്ക ഡോക്ടര്‍മാരും സര്‍ക്കാര്‍ സര്‍വീസിലേക്ക് ഇന്റഗ്രേഷന്‍ ലഭിക്കാത്തതിനാല്‍ സ്വകാര്യ പ്രാക്ടീസില്‍ സജീവമാകുന്നതിനാല്‍ രോഗികള്‍ക്ക് ഡോക്ടര്‍മാരുടെ സേവനവും യഥാവിധി ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്.
കഴിഞ്ഞ 3 മാസമായി ദന്തല്‍ എക്‌സറേ സേവനം പോലും ഇവിടെ നിന്നും രോഗികള്‍ക്ക് ലഭിക്കുന്നില്ല.
സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചികില്‍സ സൗജന്യ നിരക്കിലാക്കുകയും ചെയ്തിട്ട് വര്‍ഷം അഞ്ച് കഴിഞ്ഞുവെങ്കിലും അതിനനുസരിച്ച് സേവനം ലഭിക്കുന്നില്ല.
ഒരിക്കല്‍ വന്ന രോഗികള്‍ രണ്ടാമതൊരിക്കല്‍ ആശുപത്രിയിലേക്ക് വരാന്‍ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.
ദന്തല്‍ കോളേജ് ആരംഭിച്ചിട്ട് 18 വര്‍ഷമായിട്ടും ഇതേവരെ എം.ഡി.എസ് കോഴ്‌സ് ആരംഭിക്കാന്‍ സാധിച്ചിട്ടില്ല.
സ്വന്തമായി കാമ്പസ് ഇല്ലാതെ എം.ഡി.എസ് ഉള്‍പ്പെടെയുള്ള കോഴ്‌സുകള്‍ അനുവദിക്കില്ലെന്നാണ് ദന്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പറയുന്നത്.
ഇപ്പോള്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ദന്തല്‍ കോളേജിന് സ്വന്തം കാമ്പസ് വേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
വടക്കേമലബാറിലെ ഏക സര്‍ക്കാര്‍ ദന്തല്‍ കോളജെന്ന നിലയില്‍ മികച്ച സ്ഥാപനമായി മാറേണ്ട ഈ സ്ഥാപനത്തെ അധികൃതര്‍ കൊല്ലാതെ കൊല്ലുന്നതായാണ് ജീവനക്കാരും ഡോക്ടര്‍മാരും ഉള്‍പ്പെടെ പറയുന്നത്.
സ്വകാര്യ ദന്തല്‍ ക്ലിനിക്കുകളില്‍ സേവനങ്ങള്‍ക്ക് വന്‍തുക ഈടാക്കുമ്പോള്‍ താങ്ങാനാവുന്ന നിരക്കില്‍ സേവനം ലഭിക്കുന്ന ദന്തല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്നാണ് ആവശ്യം.