നാലിടത്ത് തീപിടുത്തം, തളിപ്പറമ്പ് അഗ്നിശമനസേനക്ക് ഇന്നലെ വിശ്രമമില്ലാത്ത ദിവസം

തളിപ്പറമ്പ്: നാലിടത്ത് തീപിടുത്തം, തളിപ്പറമ്പ് അഗ്നിശമനസേനക്ക് ഇന്നലെ വിശ്രമമില്ലാത്ത ദിവസം.

രാവിലെ 9.45 ന് എളമ്പരംപാറ കിന്‍ഫ്രയിലെ വ്യവസായ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന എക്കോസ്റ്റിക്ക് എന്ന സ്ഥാപനത്തിലാണ് ആദ്യത്തെ തീപിടുത്തമുണ്ടായത്.

ഐസ്‌ക്രീം കഴിക്കാനുള്ള സ്റ്റിക്കുകളും സ്പൂണുകളും മറ്റും നിര്‍മ്മിക്കുന്ന ഫാക്ടറിയിലെ മരങ്ങളുടെ മാലിന്യങ്ങള്‍ക്കാണ് തീപിടിച്ചത്.

വര്‍ഷങ്ങളായി നീക്കംചെയ്യാതെ കൂട്ടിയിട്ട മാലിന്യങ്ങളായതിനാല്‍ തീ പടര്‍ന്ന് പ്രദേശം പുകകൊണ്ട് മൂടി.

അഗ്നിശമനസേന വെള്ളം ചീറ്റിയിട്ടും അടിഭാഗത്തെ മാലിന്യങ്ങള്‍ പുകഞ്ഞുകൊണ്ടിരുന്നതിനാല്‍ രണ്ട് ജെ.സി.ബികള്‍ എത്തിച്ച് മാലിന്യങ്ങള്‍ ഇളക്കിമാറ്റിയാണ് തീ കെടുത്തിയത്.

ഉച്ചക്ക് ശേഷം 2.45 നാണ് തീ നിയന്ത്രണ വിധേയമായത്.

ഉച്ചക്ക് ഒന്നരയോടെ പരിയാരം മുടിക്കാനത്ത് പരമ്പില്‍ തീപിടിച്ച് ഒന്നരയേക്കറോളം സ്ഥലത്തെ മരങ്ങളും കുറ്റിച്ചെടികളും നശിച്ചു.

വൈകുന്നേരം 3.15 ന്  തുമ്പേനിയില്‍ പുഴക്കരയിലെ മുളങ്കാടുകള്‍ക്ക് തീപിടിച്ച വിവരം ശ്രീകണ്ഠാപുരം പോലീസില്‍ നിന്നാണ് അഗ്നിശമനസേനക്ക് ലഭിച്ചത്.

വൈകുന്നേരം നാലോടെ ചെങ്ങളയി അടുക്കത്ത് റബ്ബര്‍ തോട്ടത്തിന് തീപിടിച്ച സംഭവത്തിലും തളിപ്പറമ്പ് അഗ്നിശമനസേനയുടെ സേവനമുണ്ടായി.

അവിടെയും അരയേക്കറിലേറെ സ്ഥലം കത്തിനശിച്ചു. സ്റ്റേഷന്‍ ഓഫീസര്‍ സി.പി.രാജേഷിന്റെ നോതൃത്വത്തില്‍ രണ്ട് യൂണിറ്റുകളാണ് നാലിടങ്ങളിലായി രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍മാരായ കെ.വി.സഹദേവന്‍, സി.വി.ബാലചന്ദ്രന്‍, സേനാംഗങ്ങളായ ടി.വി.രജീഷ്, വി.പ്രദീഷ്, കെ.വി.അനൂപ്, പി.വി.ഗിരീഷ്, പി.നിമേഷ്, സി.പി.രാജേന്ദ്രന്‍, സി.വി.രവീന്ദ്രന്‍, തോമസ്മാത്യു എന്നിവരും പങ്കെടുത്തു.