ചൂട്ടാട് ബീച്ചില്‍ സുരക്ഷാ വീഴ്ച്ചകള്‍ നിരവധിയെന്ന് അഗ്നിശമനസേന.

പഴയങ്ങാടി: പുതിയങ്ങാടി ചൂട്ടാട് ബീച്ചില്‍ കടലില്‍ മുങ്ങി ശബരിമല  തീര്‍ത്ഥാടകന്‍   മരണപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ പയ്യന്നൂര്‍ ഫയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ ടി.കെ.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ഫയര്‍ ഫോഴ്‌സ്-സിവില്‍ ഡിഫന്‍സ് സംഘം ചൂട്ടാട് ബീച്ചില്‍ സുരക്ഷാ പരിശോധന നടത്തി.

ആവശ്യമായ സുരക്ഷ മുന്‍ കരുതലുകള്‍ സ്വീകരിക്കണമെന്ന് പാര്‍ക്ക് അധികൃതര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.

പരിശോധനയില്‍ നിരവധി സുരക്ഷാ വീഴ്ചയുള്ളതായി കണ്ടെത്തി. ഇതേ തുടര്‍ന്ന് കടലില്‍ സുരക്ഷാ ബോര്‍ഡുകള്‍ ഏര്‍പ്പെടുത്താനും, ആവശ്യമായ ഫയര്‍ എസ്റ്റിഗ്വിറുകള്‍ സ്ഥാപിക്കുവാനും, സ്ട്രച്ചര്‍ സാകര്യം ഉറപ്പു വരുത്തുവാനും പാര്‍ക്ക് അധികൃതരോട് നിര്‍ദ്ദേശിച്ചതായി സ്‌റ്റേഷന്‍ ഓഫീസര്‍ പറഞ്ഞു.

ബോട്ട് യാത്ര നടത്തുന്നവര്‍ ജാക്കറ്റ് ധരിക്കുന്നുണ്ടോ എന്നും, സുരക്ഷാ കാര്യങ്ങള്‍ പാലിക്കുന്നുണ്ടോയെന്നും വിലയിരുത്തി.

സന്ദര്‍ശകര്‍ക്ക് ആവശ്യമായ ലൈഫ് ജാക്കറ്റുകള്‍ ധരിക്കുവാനും നിര്‍ദ്ദേശം നല്‍കി. താല്‍ക്കാലിക വേതന അടിസ്ഥാനത്തില്‍ ഒരു ലൈഫ് ഗാര്‍ഡിനെ ഇവിടെ നിയമിച്ചിട്ടുണ്ട്.

നിലവില്‍ മൂന്ന് സിവില്‍ ഡിഫന്‍സ് അംഗങ്ങളുടെ സേവനം നല്‍കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.

ബന്ധപ്പെട്ട അധികൃതരുമായി സംസാരിച്ച് സേനാംഗങ്ങളുടെ സേവനം തുടര്‍ന്നും പാര്‍ക്കില്‍ ലഭ്യമാക്കുവാനുള്ള നടപടി ക്രമങ്ങള്‍ ഉടന്‍ തന്നെ സ്വീകരിക്കുമെന്നും അഗ്നിശമനസേന അറിയിച്ചു.

അനിഷ്ട സംഭവങ്ങള്‍ അടിക്കടിയുണ്ടായിട്ടും അതൊന്നും വക വെക്കാതെ സന്ദര്‍ശകര്‍ കടലിലിറങ്ങുകയും, അപകടകരമായ പ്രവൃത്തികളിലേര്‍പ്പെടുകയും ചെയ്യുന്നുണ്ട്.

ഇത്തരത്തില്‍ സാഹസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ അതില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ സേനാംഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നുമുണ്ട്.

അസി സ്‌റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേശവന്‍ നമ്പൂതിരി, ഹോംഗാര്‍ഡ് വി.വി.പത്മനാഭന്‍, സിവില്‍ ഡിഫന്‍സന്‍ പോസ്റ്റ് വാര്‍ഡന്‍ എന്‍.കെ. ഷറഫുദ്ധീന്‍, സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളായ കെ. മുഹമ്മദ് നിസാമുദ്ദീന്‍, സി.കെ.സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.