8500 സ്‌ക്വയര്‍ഫീറ്റില്‍ പുതിയ പോലീസ് സ്‌റ്റേഷന്‍ ഉദ്ഘാടനം കഴിഞ്ഞിട്ടും പഴയ സ്‌റ്റേഷന്‍ വിട്ടുകൊടുക്കുന്നില്ലെന്ന് ആരോഗ്യവകുപ്പ്

പരിയാരം: പുതിയ പോലീസ് സ്‌റ്റേഷന്‍ കെട്ടിടം ഉദ്ഘാടനം ചെയ്തിട്ട് 6 മാസം കഴിഞ്ഞിട്ടും പഴയ കെട്ടിടവും സ്ഥലവും പോലീസ് ആരോഗ്യവകുപ്പിന് കൈമാറാന്‍ വിസമ്മതിക്കുന്നതായി പരാതി.

താല്‍ക്കാലികമായിട്ടാണ് നേരത്തെ ടി.ബി.സാനിട്ടോറിയം സൂപ്രണ്ടിന്റെ ക്വാര്‍ട്ടേഴേസും പിന്നീട് കാന്റീനുമായി പ്രവര്‍ത്തിച്ച കെട്ടിടം പോലീസ് സ്‌റ്റേഷന്‍ ആരംഭിക്കാനായി ആരോഗ്യവകുപ്പ് വിട്ടുനല്‍കിയത്.

ഈ വര്‍ഷം മാര്‍ച്ച് 6 നാണ് പുതിയ പോലീസ് സ്‌റ്റേഷന്‍ കെട്ടിടം ഉദ്ഘാടനം ചെയ്തത്.

ഇപ്പോള്‍ പൂര്‍ണതോതില്‍ പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത് പുതിയ കെട്ടിടത്തിലാണ്.

8500 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള ഈ പോലീസ് സ്‌റ്റേഷന്‍ സംസ്ഥാനത്തെ ഏറ്റവും വലിയ സ്‌റ്റേഷനുകളില്‍ ഒന്നാണ്.

എന്നാല്‍ പഴയ കെട്ടിടവും സ്ഥലവും ഇപ്പോഴും പോലീസ് തന്നെ അധീനതയില്‍ വെക്കുന്നതിനെതിരെ ആരോഗ്യവവകുപ്പ് കടുത്ത പ്രതിഷേധം അറിയിച്ചിരിക്കയാണ്.

ഇതിനെതിരെ വകുപ്പുതലത്തില്‍ തന്നെ പരാതികള്‍ ആഭ്യന്തര വകുപ്പിന് നല്‍കിയതായാണ് വിവരം.

പോലീസിലെ ചിലരുടെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് പഴയ സ്‌റ്റേഷന്‍ കെട്ടിടം ഇപ്പോഴും ഉപയോഗിക്കുന്നതായും ആരോഗ്യവകുപ്പ് പരാതി ഉന്നയിച്ചിട്ടുണ്ട്.

കെട്ടിടം വിട്ടുനല്‍കാതിരിക്കാന്‍ സ്‌റ്റേഷനിലെ ചില പഴയ സാധനങ്ങള്‍ ഈ കെട്ടിടത്തില്‍ സൂക്ഷിച്ചിരിക്കയാണ്.

കെട്ടിടം വിട്ടുകൊടുക്കേണ്ടെന്നാണ് വകുപ്പുതലത്തില്‍ വാക്കാല്‍ നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്.

ആരോഗ്യവകുപ്പിന്റെ കയ്യിലിരുന്ന 50 സെന്റ് സ്ഥലമാണ് പുതിയ പോലീസ് സ്‌റ്റേഷന്‍ കെട്ടിടം നിര്‍മ്മിക്കാന്‍ വിട്ടുനല്‍കിയത്.

മെഡിക്കല്‍ കോളേജിനും ആയുര്‍വേദ മെഡിക്കല്‍ കോളേജിനും ഔഷധിക്കും വിട്ടുനല്‍കിയ ശേഷവും രേഖ പ്രകാരം 45 ഏക്കര്‍

സ്ഥലം ആരോഗ്യവകുപ്പിന് ഉണ്ടെങ്കിലും ഭൂരിഭാഗവും സ്വകാര്യ വ്യക്തികള്‍ കയ്യേറിയ നിലയിലാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.

അതിനിടയിലാണ് പോലീസ് വകുപ്പ് വക പുതിയ കയ്യേറ്റം നടന്നിരിക്കുന്നത്.