പി. ആര്‍. രാമവര്‍മ്മ രാജ സ്മാരക പുരസ്‌ക്കാരം വിജയ് നീലകണ്ഠന്

തളിപ്പറമ്പ : പുരാതനമായ പൂഞ്ഞാര്‍ ക്ഷത്രിയ രാജകുടുംബത്തിലെ പ്രമുഖ അംഗവും കേരളത്തിന്റെ ചരിത്രപ്രാധാന്യമുള്ള സാമൂഹിക പരിവര്‍ത്തനത്തിനും സാമ്പത്തിക പുരോഗതിക്കും തുടക്കം കുറിച്ച വ്യക്തിയും തളിപ്പറമ്പിന്റെ കിഴക്കന്‍ മലയോര മേഖലയായ ആലക്കോടിന്റെ വികസന നായകന്‍ ആലക്കോട് രാജ എന്നും അറിയപ്പെടുന്ന പി. ആര്‍. രാമവര്‍മ്മരാജ സ്മാരക അരങ്ങം ഹിന്ദുമേള പുരസ്‌കാരം- 2025 വിജയ് നീലകണ്ഠന് .

 

തളിപ്പറമ്പിലെ പരിസ്ഥിതി – വന്യജീവി സംരക്ഷകനും, കലാ – സാംസ്‌കാരിക – സാമൂഹിക പ്രവര്‍ത്തകനും, ജീവകാരുണ്യ പ്രവര്‍ത്തകനുമാണ് കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ സ്വദേശിയായ വിജയ് നീലകണ്ഠന്‍.

കഴിഞ്ഞ മുപ്പതു വര്‍ഷമായി പ്രകൃതിയെയും വന്യജീവികളെയും സംരക്ഷിച്ചു വരുന്ന വിജയ് നീലകണ്ഠന്‍ ആയിരത്തിലധികം ബോധവല്‍ക്കരണ ക്ലാസുകളും നടത്തിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും നീളം കൂടിയ വിഷപാമ്പായ രാജവെമ്പാലയെ പറ്റി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഗവേഷണം നടത്തിവരുന്നു. കേരള സര്‍ക്കാറിന്റെ അംഗീകൃത പാമ്പ് സംരക്ഷകനാണ്.

തളിപ്പറമ്പിന്റെ സാംസ്‌കാരിക പ്രശസ്തി വീണ്ടെടുക്കാന്‍ പെരുഞ്ചെല്ലൂര്‍ സംഗീത സഭ സ്ഥാപിച്ച ലോക പ്രശസ്തരായ സംഗീതജ്ഞരുടെ 102 കച്ചേരികള്‍ ശ്രീ രാജരാജേശ്വര ക്ഷേത്രത്തിനടുത്ത പി. നീലകണ്ഠ അയ്യര്‍ സ്മാരക മന്ദിരത്തില്‍ നടത്തി.

ഈ മേഖലകളിലെല്ലാമുള്ള പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് വിജയ് നീലകണ്ഠന് പുരസ്‌കാരം.

ഗോകുലം കീര്‍ത്തിമുദ്ര, ഹരിതരത്‌നം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

19-ാമത് അരങ്ങം ഹിന്ദുമേളയോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പുരസ്‌ക്കാരം സമ്മാനിച്ചു.

അജിത് രാമ വര്‍മ്മയുടെ അധ്യക്ഷതയില്‍ ഭാരതീയ പ്രജ്ഞ പ്രവാഹ് ദേശീയ സംയോജക് ജെ. നന്ദകുമാര്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.

എസ് എന്‍ ഡി പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

കെ. പി. ബിജു സ്വാഗതവും, സന്തോഷ് കുമാര്‍. എം എ നന്ദിയും പറഞ്ഞു.