ആവശ്യമുണ്ട് വായനക്കാരെ, തളിപ്പറമ്പില്‍ പുതിയ വായനശാല കെട്ടിടം വേണമെന്ന ആവശ്യം ശക്തമായി.

 

കരിമ്പം.കെ.പി.രാജീവന്‍

തളിപ്പറമ്പ്: ഒരു കാലത്ത് വായനക്കാര്‍ തിങ്ങിനിറഞ്ഞ തളിപ്പറമ്പ് നഗരസഭാ വായനശാലയുടെ പ്രവര്‍ത്തനം നഗരസഭയുടെ കെടുകാര്യസ്ഥത കാരണം താളം തെറ്റി.

സായാഹ്ന പത്രങ്ങള്‍ ഉള്‍പ്പെടെ മലയാളത്തിലേയും ഇംഗ്ലീഷിലേയും എല്ലാ പത്രങ്ങളും എത്തുന്ന വായനശാലയില്‍ പരമാവധി പ്രധാനപ്പെട്ട ആനുകാലികങ്ങളും വരുന്നുണ്ടെങ്കിലും വായനക്കാര്‍ കുറവാണ്.

ലൈബ്രേറിയന്‍ റിട്ടയര്‍ ചെയ്തിട്ട് വര്‍ഷം രണ്ടായിട്ടും പുതിയ ലൈബ്രേറിയനെ നിയമിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ഇതേവരെ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.

വേറൊരു ഉദ്യോഗസ്ഥന് ലൈബ്രേറിയന്റെ ചുമതല നല്‍കിയിരിക്കയാണ്.

തിരക്കേറിയ മാര്‍ക്കറ്റ് റോഡിന് സമീപത്തെ വായനശാലയും പരിസരങ്ങളും വൃത്തിഹീനമായി കിടക്കുന്നതാണ് വായനക്കാരെ വായനശാലയില്‍ നിന്ന് അകറ്റാനുള്ള ഒരു പ്രധാന കാരണം.

മാര്‍ക്കറ്റിലെ ബഹളം കാരണം മനസമാധാനത്തോടെ വായിക്കാന്‍ കഴിയുന്നില്ലെന്നതും വായനക്കാര്‍ കുറയാന്‍ കാരണമാണ്.

പതിനായിരത്തിലേറെ പുസ്തകങ്ങളുള്ളഗ്രന്ഥാലയത്തില്‍ നിരവധി പുസ്തകങ്ങള്‍ ഇപ്പോഴും കെട്ടഴിക്കാതെ വായനക്കാരെ കാത്തിരിക്കുകയാണ്.

നൂറിലധികം സജീവമായ സ്ഥിരം വായനക്കാര്‍ ഇവിടെയുണ്ടെങ്കിലും കഴിഞ്ഞ 2 വര്‍ഷമായി പുതിയ പുസ്തകങ്ങളൊന്നും തന്നെ വാങ്ങാത്തതും വായനക്കാരെ അകറ്റുന്നു.

പഴയ ലൈബ്രറി കെട്ടിടം പൊളിച്ച് താഴെ നില ഉള്‍പ്പെടെ രണ്ടുനിലകള്‍ പണിത കെട്ടിടത്തിന്റെ മുകള്‍ നില സാംസ്‌ക്കാകിക പരിപാടികള്‍ നടത്താനുള്ള ഹാള്‍ എന്ന നിലയിലാണ് വിഭാവനം

ചെയ്തതെങ്കിലും നിര്‍മ്മാണത്തിലെ അപാകതകള്‍ കാരണം ഏറെനാള്‍ അടച്ചിട്ട ഇവിടെ കുറച്ചുകാലം ടെയിലറിംഗ് യൂണിറ്റ് പ്രവര്‍ത്തിച്ചുവെങ്കിലും ഇപ്പോള്‍ അതും നിലച്ചിരിക്കയാണ്.

നിലവിലുള്ള വായനശാല കെട്ടിടത്തില്‍ നവീകരണം അസാധ്യമായതിനാല്‍ തളിപ്പറമ്പ് നഗരസഭ സാംസ്‌ക്കാരിക കേന്ദ്രം എന്ന നിലയില്‍ വായനശാലക്കും ഗ്രന്ഥാലയത്തിനും പുതിയ കെട്ടിടം നിര്‍മ്മിക്കണമെന്ന ആവശ്യവുമായി സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ കര്‍മ്മസമിതിക്ക് രൂപം നല്‍കാനുള്ള ആലോചനയിലാണ്.