ജനപ്രതിനിധിയുണ്ടോ-? ഒന്ന് അധ്യക്ഷത വഹിക്കാന്‍!-താലൂക്ക് വികസനസമിതി പ്രഹസനസമിതിയായി.
തളിപ്പറമ്പ്: അധ്യക്ഷത വഹിക്കാന്‍ ജനപ്രതിനിധിയില്ലാത്തതിനാല്‍ തളിപ്പറമ്പ് താലൂക്ക് വികസനസമിതി 20 മിനുട്ടോളം ജനപ്രതിനിധിയെ കാത്തുനിന്നു, ഒടുവില്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തിലേക്ക് പോകുകയായിരുന്ന വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭനെ തഹസില്‍ദാര്‍ പി.സജീവന്‍ ഫോണില്‍ വിളിച്ചുവരുത്തിയാണ് യോഗം ആരംഭിച്ചത്.
യോഗത്തില്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ മുതല്‍ മുകളിലേക്കുള്ള ഏതെങ്കിലും ജനപ്രതിനിധി അധ്യക്ഷത വഹിക്കണമെന്നാണ് ചട്ടമെങ്കിലും അവരുടെ അഭാവത്തില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുതിര്‍ന്ന പൗരന്‍മാരെ അധ്യക്ഷനാക്കിയും യോഗം ആരംഭിക്കാമെന്ന് വ്യവസ്ഥയുണ്ട്.
വളരെ ഭംഗിയായി നടന്നിരുന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗം കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി പ്രഹസനമായി മാറുകയാണെന്ന് ആക്ഷേപം വ്യാപകമാണ്.
കഴിഞ്ഞ ജനുവരിയില്‍ വികസനസമിതി യോഗത്തില്‍ പങ്കെടുത്ത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും തളിപ്പറമ്പ് താലൂക്ക് വികസനസമിതി ഔദ്യോഗിക അംഗവുമായ സി.എം.കൃഷ്ണന്‍ വികസനസമിതി കൈക്കൊണ്ട ഒരു തീരുമാനം നടപ്പിലാക്കാന്‍ പറ്റില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും വയോധികനായ ഒരാള്‍ക്ക് കാറ്റും വെളിച്ചവും നിഷേധിച്ച് ബ്ലോക്ക് ഓഫീസിന്റെ സ്ഥലത്ത് പണിത മതിലിന്റെ ഒരു കല്ല് മാറ്റണമെന്ന ആവശ്യം നിരാകരിക്കുകയും ചെയ്തതോടെയാണ് വികസനസമിതിയുടെ വിശ്വാസ്യതക്ക് ഇടിവ് സംഭവിച്ചതെന്ന പരാതി വ്യാപകമാണ്.
ഇപ്പോള്‍ പത്തരയോടെ ആരംഭിക്കുന്ന യോഗം ഒരു മണിക്കൂറിനുള്ളില്‍ അവസാനിക്കുന്നതായാണ് പരാതി.
ഇന്ന് രാവിലെ നടന്ന യോഗത്തില്‍ പുതിയ മൂന്ന് പരാതികള്‍ മാത്രമാണ് ലഭിച്ചത്.
ഒടുവള്ളിത്തട്ട്-തളിപ്പറമ്പ് റൂട്ടിലെ ഫെയര്‍ സ്റ്റേജിലെ അപാകത പരിഹരിക്കാന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഒരു എം.വി.ഐയേയും കെ.എസ്.ആര്‍.ടി.സി ജില്ലാ ഓഫീസറേയും ചുമതലപ്പെടുത്തിയതായും അവരുടെ റിപ്പോര്‍ട്ടില്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും യോഗത്തില്‍ അറിയിച്ചു.
കൂട്ടുംമുഖം സി.എച്ച്.സിയില്‍ കിടത്തിചികില്‍സ ആരംഭിക്കാന്‍ പുതിയ തസ്തികകള്‍ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിക്കണമെന്ന് തഹസില്‍ദാര്‍ യോഗത്തെ അറിയിച്ചു.
ജില്ലാ പഞ്ചായത്തംഗം തോമസ് വെക്കത്താനം, തഹസില്‍ദാര്‍ പി.സജീവന്‍, ജൂനിയര്‍ സൂപ്രണ്ട് കെ.സുരേഷ് എന്നിവര്‍ പങ്കെടുത്തു.