അഞ്ച് ക്ഷേത്രഭണ്ഡാരങ്ങള്‍ കവര്‍ന്നു-പരിയാരം പോലീസ് പരിധിയില്‍ വീണ്ടും മോഷണം.

പിലാത്തറ:ചെറുവിച്ചേരി പുതിയ ഭഗവതി ക്ഷേത്രത്തിലെ അഞ്ച് ഭണ്ഡാരങ്ങള്‍ കവര്‍ന്ന നിലയില്‍.

റോഡരികിലെയും ക്ഷേത്ര മതിലിനകത്തെയും രണ്ട് ഭണ്ഡാരങ്ങള്‍ പൊളിക്കാത്ത നിലയിലുണ്ട്.

എല്ലാ മാസവും സംക്രമ അടിയന്തരത്തിനാണ് ഭണ്ഡാരങ്ങള്‍ തുറക്കുക പതിവ്. അതു പ്രകാരം ബുധനാഴ്ച അടിയന്തരക്കാരും ഭാരവാഹികളും വന്നപ്പോഴാണ് ഭണ്ടാരങ്ങള്‍ പൊളിച്ച് പണം കവര്‍ന്ന നിലയില്‍ കണ്ടത്.

രണ്ടായിരം രൂപയോളം ഉണ്ടാകുമെന്നാണ് ക്ഷേത്രം അധികൃതര്‍ പറയുന്നത്. ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് എം.കൃഷ്ണന്‍ പരിയാരം പോലീസില്‍ പരാതി നല്‍കി.

കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ നടക്കുന്ന നാലമത്തെ മോഷണമാണിത്. കഴിഞ്ഞ നവംബര്‍ 5 ന് മെഡിക്കല്‍ കോളേജില്‍ നിന്ന് 7 മൊബൈല്‍ഫോണുകളും തൊട്ടടുത്ത ദിവസം കുപ്പത്തും ഇരിങ്ങലിലുമായി രണ്ട് വീടുകളില്‍ നിന്ന് 29 പവനും 30,000 രൂപയും മോഷണം പോയിരുന്നു.

ഈ കേസുകളിലൊന്നും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല,

അതിനിടയിലാണ് ഇന്നലെ വീണ്ടും മോഷണം നടന്നിരിക്കുന്നത്. ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് മോഷണക്കേസുകളുടെ അന്വേഷണമെന്നാണ്

പോലീസ് പറയുന്നതെങ്കിലും കള്ളന്‍മാര്‍ക്ക് പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ചാകരയാണിപ്പോള്‍.

വിഗ്രഹമോഷണകേസ് ഉള്‍പ്പെടെ നിരവധി കേസുകളിലാണ് ഇവിടെ അന്വേഷണം മരവിച്ചിരിക്കുന്നത്.