29 പവനും 60,000 രൂപയും കവര്‍ന്ന സംഭവം-അന്വേഷണം ജയിലില്‍ നിന്ന് ഇറങ്ങിയ മോഷ്ടാക്കളെ കേന്ദ്രീകരിച്ച്.

പരിയാരം: മൂന്നിടത്ത് മോഷണം, അന്വേഷണം ജയിലില്‍ നിന്ന് പുറത്തിങ്ങിയ മോഷ്ടാക്കളെ കേന്ദ്രീകരിച്ച്.

പരിയാരം പഞ്ചായത്തില്‍ മൂന്നിടങ്ങളിലാണ് ഇന്നലെ കവര്‍ച്ച നടന്നത്. 29 പവന്‍ സര്‍ണാഭരണങ്ങളും 60,000 രൂപയും മോഷണം പോയിരുന്നു.

കുപ്പം-മുക്കുന്ന് റോഡിലെ പടവില്‍ മടപ്പുരക്കല്‍ പി.എം.കുഞ്ഞിക്കണ്ണന്റെ വീട്ടില്‍ നിന്നും 16 പവനും 10,000 രൂപയും കവര്‍ന്ന മോഷ്ടാക്കള്‍ ഇരിങ്ങലില്‍ കീരന്റകത്ത് മുഹ്‌സീനയുടെ വീട്ടില്‍ നിന്ന് 13 പവനും 20,000 രൂപയും മോഷ്ടിച്ചു.

ചെനയന്നൂരിലെ പി.കെ.അബ്ദുള്ളയുടെ വീട്ടില്‍ നിന്നും 1200 ദിര്‍ഹം(30,000 രൂപ)മാണ് മോഷ്ടിച്ചത്.

മൂന്ന് വീടുകളുടെയും മുന്‍ഭാഗത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്.

കുഞ്ഞിക്കണ്ണനും കുടുംബവും കഴിഞ്ഞ നവംബര്‍ 5 ന് ബംഗളൂരുവിലുള്ള മകളുടെ വീട്ടിലേക്ക് പോയിരുന്നു.

ഇന്നലെ രാവിലെ അഞ്ചരക്ക് തിരിച്ചെത്തിയപ്പോഴാണ് വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്.

അകത്തെ മുറികളെല്ലാം അലമാരകളും സാധനങ്ങളും വാരിവലിച്ചിട്ട നിലയിലാണ്.

നാല് മാലകളും നാല് വളകളും കമ്മലുകളും ഉള്‍പ്പെടെയാണ് 16 പവന്‍ സ്വര്‍ണം മോഷ്ടാവ് കൊണ്ടുപോയത്.

ഇന്നലെ രാത്രി 11.30 ന് ശേഷമാണ് മോഷണം നടന്നതെന്ന് കരുതുന്നു. മുഹ്‌സീനയുടെ ഭര്‍ത്താവ് സക്കരിയ്യ ബംഗളൂരുവില്‍ കച്ചവടാവശ്യത്തിന് പോയതിനാല്‍ ഇവര്‍ രാത്രി വീട് പൂട്ടി തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടില്‍ താമസിക്കാന്‍ പോയതായിരുന്നു.

പി.കെ.അബ്ദുള്ള നവംബര്‍ 3 ന് കുടുംബവുമായി വയനാട്ടിലേക്ക് പോയതായിരുന്നു.

വിദേശത്ത് നിന്ന് കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം നാട്ടിലെത്തിയത്. കുഞ്ഞിക്കണ്ണനും മുഹ്‌സീനയും പരിയാരം പോലീസിലും അബ്ദുള്ള തളിപ്പറമ്പ് പോലീസിലും പരാതി നല്‍കി.

ഒരേ സംഘം തന്നെയാണ് മൂന്നിടങ്ങളിലും മോഷണത്തിന് എത്തിയതെന്നാണ് പോലീസിന്റെ നിഗമനം. സി.സി.ടി.വി കാമറകളും മറ്റും പോലീസ് പരിശോധിക്കുന്നുണ്ട്.

മൂന്നിടങ്ങളിലും ഡോഗ്‌സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി.

പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍ പരിയാരം പോലീസ് പരിധിയില്‍ മോഷണം നടന്ന രണ്ട് വീടുകളും സന്ദര്‍ശിച്ചു.