സ്‌പെഷ്യല്‍ ദര്‍ശനത്തിന് 500 രൂപ വാങ്ങിച്ചോ, പക്ഷെ-ഭക്തര്‍ക്ക് ശുചിമുറി സൗകര്യമെങ്കിലും നല്‍കൂ-

ടി.ടി.കെ. ദേവസ്വം അധികൃതരോട് ഖേദപൂര്‍വ്വം ചിലത് പറയാതെ വയ്യ.

കാറ്റുള്ളപ്പോള്‍ തൂറ്റണം എന്ന തന്ത്രം നിങ്ങളും ഉള്‍ക്കൊണ്ടതിന്റെ തെളിവാണല്ലോ ഇതുവരെ തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തില്‍ ഉണ്ടാകാതിരുന്ന വൈശാഖമഹോല്‍സവം മെയ്-28 മുതല്‍ ജൂണ്‍-24 വരെ നടക്കുമെന്ന് ദേവസ്വം പത്രമാധ്യമങ്ങള്‍ വഴി അറിയിച്ചത്.

ദേവസ്വം പ്രസിഡന്റ് നല്‍കിയ വാര്‍ത്ത കുറിപ്പില്‍ ഈ ദിവസങ്ങളില്‍ ക്ഷേത്രദര്‍ശനസമയം രാത്രി 10 വരെ നീട്ടാനും രാത്രി ലഘുഭക്ഷണം നല്‍കാനും തീരുമാനിച്ചതായി പറയുന്നുണ്ട്.

ഇതിന് കടക വിരുദ്ധമായി ഭക്തജനങ്ങള്‍ക്ക് വേഗത്തില്‍ അകത്ത് പ്രവേശിച്ച് ഭഗവാനെ തൊഴാനായി അന്നദാനഫണ്ട് സംഭാവന എന്ന പേരില്‍ 500 രൂപ ദര്‍ശനഫീസും ഈടാക്കി തുടങ്ങിയത് പുതിയ അറിവായിരുന്നു.

എന്നാല്‍ ഈ അനീതിയൊക്കെ ഭക്തജനങ്ങള്‍ സമ്മതിച്ച് തന്നതുകൊണ്ടാണല്ലോ ഇപ്പോഴും അത് തുടരുന്നത്.

അതവിടെ നില്‍ക്കട്ടെ, പതിനായിരക്കണക്കിന് ഭക്തജനങ്ങള്‍ വന്നുകൊണ്ടിരിക്കുമ്പോളും അവര്‍ക്കായി ക്ഷേത്രപരിസരത്ത് വിശ്രമകേന്ദ്രങ്ങളോ ആവശ്യത്തിന് ശുചിമുറികളോ ഒരുക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചുവോ?

ഭക്തജനങ്ങള്‍ ക്ഷേത്രത്തിന് സമീപത്തെ വീടുകളെയും റോഡരികുകളേയും ആശ്രയിച്ച് പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കേണ്ടി വന്നത് ക്ഷേത്രം അധികൃതരുടെ കുറ്റകരമായ അനാസ്ഥയല്ലേ?

സംഭാവനകളും ദക്ഷിണയും വാങ്ങിവെച്ചാല്‍ മാത്രം മതിയോ-അവര്‍ക്കാവശ്യമായ പ്രാഥമിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ദേവസ്വത്തിന് ബാധ്യതയില്ലേ?

അതിന് സാധിക്കില്ലെങ്കില്‍ ഇന്നത്തെ ഭാരവാഹികള്‍ അവര്‍ വഹിക്കുന്ന സ്ഥാനങ്ങളില്‍ നിന്ന് ഇറങ്ങിപ്പോകുന്നതല്ലേ നല്ലത്.

ഭക്തജനങ്ങളുടെ ദുരിതം മനസിലാക്കി ഉണര്‍ന്നു പ്രവര്‍ത്തിച്ച വ്യാപാരി നേതാക്കളുടെയും തളിപ്പറമ്പ് ജുമഅത്ത് കമ്മറ്റി ഭാരവാഹികളുടെയും വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാരുടെയും മുന്നില്‍ ടി.ടി.കെ ദേവസ്വം ഭാരവാഹികള്‍ വല്ലാതെ ചെറുതായിപോയിരിക്കയാണ്.