മത സൗഹാര്‍ദ്ദത്തിന്റെ വേറിട്ട പാത വെട്ടി തെളിച്ച് സയ്യിദ്‌നഗര്‍ നുസ്രത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റി

തളിപ്പറമ്പ്: കൊട്ടിയൂര്‍ തീര്‍ത്ഥാടനത്തിനെത്തിയ ഭക്തര്‍ക്ക് സൗകര്യമൊരുക്കി മതസൗഹാര്‍ദ്ദത്തിന്റെ മഹനീയ മാതൃകയായി സയ്യിദ്‌നഗര്‍ നുസ്രത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റി.

28 ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തില്‍ പങ്കെടുക്കാന്‍ കേരളം കൂടാതെ കര്‍ണാടക, തമിഴ് നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ഇത്തവണ 50 ലക്ഷത്തിനു മുകളില്‍ ഭക്തരാണ് എത്തിക്കൊണ്ടിരിക്കുന്നത്.

കൊട്ടിയൂരില്‍ എത്തുന്ന ഭക്തര്‍ തളിപ്പറമ്പ് രാജ രാജേശ്വര ക്ഷേത്രം കൂടി സന്ദര്‍ശിക്കു്‌നത് പതിവായതോടെ തളിപ്പറമ്പ് പട്ടണത്തിന് ഉള്‍കൊള്ളാന്‍ പറ്റാത്ത വിധത്തില്‍ ഗതാഗത ബുദ്ധിമുട്ടും അനുഭവിച്ചു വരികയാണ്.

ദര്‍ശനതിന് വരുന്നവര്‍ക്ക് താമസസൗകര്യം കിട്ടാനില്ല, എല്ലായിടത്തും ബുക്കിങ്ങാണ്. വാഹനം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമില്ലാതെ റോഡുകള്‍ നിശ്ചലമാകുന്ന അവസ്ഥയിലാണ് വൈകുന്നേരങ്ങളില്‍ തളിപ്പറമ്പ് നഗരം.

ഈ സാഹചര്യത്തിലാണ് ഉദാത്തമായ മാതൃക സൃഷ്ടിച്ചു കൊണ്ട് സയ്യിദ് നഗര്‍ ജുമാ മസ്ജിദ് കമ്മിറ്റി പള്ളി അങ്കണം തുറന്ന് കൊടുത്ത് ഭക്ഷണം പാകം ചെയ്യാനും വസ്ത്രം അലക്കാനും ശുചിമുറി സൗകര്യം അടക്കം ചെയ്തു കൊടുത്ത് ഹിന്ദു മത വിശ്വാസികള്‍ക്ക് സഹായകരമാകുന്ന രീതിയില്‍ മാതൃക കാട്ടിയത്.

അതു പോലെ പെരുന്നാള്‍ നമസ്‌കാരം നടക്കുന്ന ഈദ്ഗാഹ് ഗ്രൗണ്ട് കര്‍ണാടകയില്‍ നിന്നും മറ്റും ദര്‍ശനത്തിന് വന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ 3 ഏക്കര്‍ വരുന്ന സ്ഥലം തളിപ്പറമ്പ് ജുമഅത്ത് പള്ളി മുതവല്ലി തുറന്ന് കൊടുക്കുകയും ചെയ്തു.

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും ജനത്തിരക്ക് നിയന്ത്രിക്കാനും തളിപ്പറമ്പ് യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡിന്റെ പ്രവര്‍ത്തകര്‍ കൂടി ചേര്‍ന്നതോടെ ഒരു നാട് തന്നെ ഒരുമയോടെ രാജരാജേശ്വര ക്ഷേത്രം സന്ദര്‍ശനം നടത്തുന്ന വിശ്വാസികള്‍ക്ക് മുന്നില്‍ മത സൗഹാര്‍ദ്ദത്തിന്റെ പുതിയ പാത തീര്‍ത്തിരിക്കുകയാണ്.

മതത്തിന്റെ പേരിലും വിശ്വാസത്തിന്റെ പേരിലും തമ്മിലടിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ പുതിയ തലമുറയിലെ സഹോദരങ്ങളുടെ മനസിലേക്ക് പുതിയ ചിന്ത കള്‍ക്ക് വഴിമരുന്നിടുകയാണ് സയ്യിദ് നഗര്‍ മഹല്ല് കമ്മിറ്റിയും ജുമഅത്ത് പള്ളി മുതവല്ലിയും വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്നത്.