ചില ദുഷ്ടജന്‍മങ്ങള്‍-തളിപ്പറമ്പിന്റെ മാലിന്യ സംസ്‌ക്കരണ പെരുമകളയാന്‍

തളിപ്പറമ്പ്: മാലിന്യ സംസ്‌ക്കരണത്തിന് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ തളിപ്പറമ്പ് നഗരസഭയുടെ ഹൃദയഭാഗത്ത് സ്വകാര്യവ്യക്തിയുടെ ഭൂമിയില്‍ മാലിന്യം കുന്നുകൂടി.

മെയിന്‍ റോഡ് (മാര്‍ക്കറ്റ് ഭാഗം) സി.മമ്മുഹാജി ആന്റ് കമ്പനിയുടെ കെട്ടിടത്തിന് സമീപം തൗഹീദ് മസ്ജിദിന്റെ അടുത്തുള്ള ഒഴിഞ്ഞ സ്ഥലമാണ് മാലിന്യ കൂമ്പാരമായിരിക്കുകയാണ്.

രാത്രിയുടെ മറവില്‍ ഇവിടെ മാലിന്യം വലിച്ചെറിഞ്ഞ് പ്ലാസ്റ്റിക് കൂമ്പാരങ്ങള്‍ കൂട്ടിയിട്ടു കത്തിക്കുന്നത് സമീപവാസികള്‍ക്കും, പള്ളിയില്‍ പോകുന്നവര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.

ഇത് സംബന്ധിച്ച് പൊതു-സാമൂഹ്യ പ്രവര്‍ത്തകന്‍ സുബൈര്‍ സൂപ്പര്‍വിഷന്‍ രംഗത്തുവന്നു.

ടൗണില്‍ ശുചീകരണത്തിന്ന് തുച്ഛമായ നിരക്കില്‍ നഗരസഭയുടെ ഹരിത കര്‍മ്മ സേന പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവരെ

ഉപയോഗപ്പെടുത്താതെ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ താമസമില്ലാതെ തളിപ്പറമ്പ മാലിന്യ പറമ്പായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.

സുബൈറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് നഗരസഭയിലെ ആരോഗ്യവിഭാഗം പരിശോധന നടത്തി.

സ്ഥലംഉടമകള്‍ നടപടി എടുക്കുന്നില്ലെങ്കില്‍ ആ സ്ഥലം നഗരസഭ ഏറ്റെടുത്ത് പേപാര്‍ക്കിംഗ് സംവിധാനം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സി.എച്ച്.എം മുതല്‍ കപ്പാലം വരെയുള്ള റോഡിലെ തിരക്കുകള്‍ നിയന്ത്രിക്കാനും ഇത് മൂലം സാധിക്കും.