എല്ലാം ദേശീയപാതയുടെ പേരില്‍-ഞങ്ങള്‍ കുന്നിടിക്കും മണ്ണ് കടത്തും-

പരിയാരം: പരിയാരം പഞ്ചായത്ത് പരിധിയില്‍ നിന്നും വ്യാപകമായി കുന്നിടിച്ച് മണ്ണ് കടത്തുന്നതായി പരാതി.
നാട്ടുകാരോട് ദേശീയപാതയുടെ ആവശ്യത്തിനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കുറ്റ്യേരി ഭാഗങ്ങളിലെ നിരവധി കുന്നുകള്‍ ഇടിച്ചുനിരത്തുന്നത്.
ജെ.സി.ബി വെച്ച് ഈ ഭാഗത്തെ നിരവധി കുന്നുകളാണ് ഇടിച്ചുമാറ്റിയിരിക്കുന്നത്.
വില്ലേജ് അധികൃതരോട് പരാതി പറഞ്ഞാല്‍ ഇവര്‍ ഉടന്‍ തന്നെ മണ്ണ് കടത്ത് സംഘത്തെ അറിയിച്ചശേഷമാണ് സഥലത്ത് പരിശോധനക്ക് എത്തുന്നതെന്ന് ഗ്രാമപഞ്ചായത്തംഗവും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ പി.വി.സജീവന്‍ പറഞ്ഞു.
ഉദ്യോഗസ്ഥരില്‍ നിന്ന് വിവരമറിഞ്ഞ ഉടന്‍ മണ്ണ് കടത്തുസംഘങ്ങള്‍ സ്ഥലംവിടുകയും അന്വേഷണത്തിനെത്തുന്ന ഉദ്യോഗസ്ഥര്‍ ഇവിടെ മണ്ണ് ഇടിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് ചെയ്യുകയുമാണ്.
ഉദ്യോഗസ്ഥരും മണ്ണെടുപ്പ് സംഘങ്ങളും തമ്മിലുള്ള ഒത്തുകളിയാണിതെന്നും ആരോപണമുണ്ട്.
ദേശീയപാത നിര്‍മ്മാണത്തിനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഭൂമാഫിയ കുന്നുകള്‍ ഇടിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുകയാണെന്നും പി.വി.സജീവന്‍ ആരോപിച്ചു.
ഇതിനെതിരെ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
