പ്രസവവാര്‍ഡ് അടച്ചതിന് പിന്നില്‍ സി.പി.എമ്മിന്റെ കച്ചവട താല്‍പര്യം: ഷൈമ പ്രദീപന്‍.
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആസ്പത്രിയിലെ പ്രസവവാര്‍ഡും ലേബര്‍ മുറിയും അടച്ച് പൂട്ടിയതിന് പിന്നില്‍ സിപിഎമ്മിന്റെ ബിസിനസ് താത്പര്യങ്ങളാണെന്ന് ബി ജെ പി തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ഷൈമ പ്രദീപന്‍ ആരോപിച്ചു.

പ്രസവശുശ്രൂഷയ്ക്കായി ദിവസേന നൂറ് കണക്കിന് സ്ത്രീകള്‍ ആശ്രയിച്ചു വന്നിരുന്ന താലൂക്ക് ആസ്പത്രി പ്രസവവാര്‍ഡും, ലേബര്‍ മുറിയും അടച്ചു പൂട്ടലിലേക്ക് നയിച്ചതിന് പിന്നില്‍ ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുടെ ലഭ്യതക്കുറവ് മാത്രമല്ലെന്നും അതിന് പിന്നില്‍ ഭരണകക്ഷിയുടെ സാമ്പത്തിക താത്പര്യങ്ങള്‍ കൂടി ഉണ്ടെന്നുള്ളത് പകല്‍ പോലെ വ്യക്തമാണ്.
സ്വാഭാവികമായും താലൂക്ക് ആസ്പത്രിയെ ആശ്രയിക്കുമായിരുന്ന സാധാരണ സ്ത്രീകള്‍ ഇന്ന് പ്രസവ ശുശ്രൂഷക്ക് വന്‍തുകകള്‍ ചെലവഴിച്ച് സഹകരണ-സ്വകാര്യ ആസ്പത്രികളെയാണ് ആശ്രയിക്കുന്നത്.
ഇതിന്റെ ഗുണഭോക്താക്കളായ സഹകരണ-സ്വകാര്യ ആസ്പത്രികളുടെ ബിസിനസ്സ് താത്പര്യങ്ങള്‍ സംരക്ഷിച്ചു പങ്ക് പറ്റുന്ന ഇടനിലക്കായി സി.പി.എം അധ:പതിച്ചതിന്റെ ദുരിത ഫലമാണ് താലൂക്ക് ആസ്പത്രിയുടെ ഇന്നത്തെ ദുരവസ്ഥയെന്ന് ഷൈമ പ്രദീപന്‍ പറഞ്ഞു.
ഭരണക്കാരുടെ ബോധപൂര്‍വ്വമായ ഈ ജനദ്രോഹ വഞ്ചനക്കെതിരെ ശക്തമായ സമരപരിപാടികള്‍ക്ക് ബി ജെ പി നേതൃത്വം നല്‍കുമെന്നും അവര്‍ പറഞ്ഞു.
