റോഡുകളും പാലങ്ങളും സ്‌ക്കൂള്‍ കെട്ടിടങ്ങളും സ്റ്റേഡിയങ്ങളുമാണോ വികസനം.

കഴിഞ്ഞ 10 വര്‍ഷത്തെ പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഭരണകാലഘട്ടം വികസനത്തിന്റെ കാലഘട്ടമാണെന്നാണ് പിണറായിയുടെ പാണന്‍മാര്‍ ഗ്രാമനഗര വ്യത്യാസമില്ലാതെ പാടിനടക്കുന്നത്.

ഈ കാലഘട്ടത്തില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം വികസനങ്ങള്‍ നടന്നിട്ടുണ്ട്.

നല്ല റോഡുകളും പാലങ്ങളും സ്‌ക്കൂള്‍ കെട്ടിടങ്ങളും ഒക്കെയുണ്ട്.

തമിഴ്‌നാടും കര്‍ണാടകയും ആന്ധ്രയും തെലങ്കാനയും പോണ്ടിച്ചേരിയുമൊക്കെ വികസനത്തില്‍ പിറകിലാണോ?

അല്ലേയല്ല, എല്ലാ സംസ്ഥാനങ്ങളിലും ഇന്ത്യ ഒട്ടാകെയും അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്.

എന്നാല്‍ കേരളത്തില്‍ കെട്ടിടം-പാലം-സ്റ്റേഡിയം വികസനങ്ങളല്ലാതെ ഒരൊറ്റ വന്‍കിവ്യവസായം പോലും പിണറായിയുടെ ഭരണകാലത്ത് ഉണ്ടായിട്ടില്ല.

കിറ്റെക്‌സ് സാബുവിനെ പോലുള്ള വ്യവസായികളെ ഇവിടെ നിന്നും ഓടിച്ചുവിടുന്ന വികസനമാണ് പിണറായിക്കാലത്ത് നടപ്പിലാക്കിയത്.

കേരളം ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വ്യവസായരംഗത്ത് വലിയ മുന്നേറ്റം തന്നെ നടത്തിക്കൊണ്ടിരിക്കുന്നു.

ആശുപത്രി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതും പുതിയ ആശുപത്രികളും പുരോഗതിയുടെ ലക്ഷണങ്ങളായി കണക്കാക്കാന്‍ സാധിക്കില്ല.

രോഗാതുരമാവുന്ന കേരളത്തിന്റെ ലക്ഷണങ്ങളാണിവയൊക്കെ.

അവയവമാറ്റത്തിനായി പ്രത്യേക സെന്റര്‍ ആരംഭിക്കുന്നത് അവയവങ്ങള്‍ മാറ്റിവെക്കേണ്ടുന്ന അസുഖം വര്‍ദ്ധിച്ചുവരുന്ന നാടായി കേരളത്തെ മാറ്റുകയല്ലേ-

അടിസ്ഥാനപരമായി ആരോഗ്യമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കാന്‍ സര്‍ക്കാര്‍ എന്തൊക്കെ പദ്ധതികളാണ് കഴിഞ്ഞ 10 വര്‍ഷത്തിനിടെ കേരളത്തില്‍ നടപ്പിലാക്കിയത്?

വികസനം എന്നത് എല്ലാവിഭാഗം ജനങ്ങള്‍ക്കും തൊഴിലെടുത്ത് ജീവിക്കാന്‍ സാധിക്കുന്ന ഒരു സംവിധാനമാണ്.

ഇവിടെ തൊഴിലില്ലാത്തതിനാല്‍ യുവാക്കള്‍ കൂട്ടത്തോടെ ആസ്‌ത്രേലിയയിലേക്കും കാനഡയിലേക്കും മറ്റ് വിദേശ രാജ്യങ്ങളിലേക്കും ചേക്കേറുന്നു.

കേളേജുകളില്‍ പരമ്പരാഗത കോഴ്‌സുകള്‍ പഠിക്കാന്‍ കുട്ടികളെ ലഭിക്കുന്നില്ല.

എഞ്ചിനീയറിംഗ് മെഡിക്കല്‍ വിഭാഗങ്ങള്‍ പോലും യുവത്വത്തെ ആവേശം കൊള്ളിക്കുന്നില്ല.

അത്യാവശ്യ ഇടപെടല്‍ നടത്തേണ്ട മേഖലകളെ പോലും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു.

പൊതുവിതരണരംഗം തകര്‍ത്ത് തരിപ്പണമാക്കി. വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടിയ അവസ്ഥയിലാണെങ്കിലും പൊതുവിതരണരംഗത്ത് കാര്യക്ഷമതയോടെ ഇടപെടാന്‍ സര്‍ക്കാറിന് സാധിക്കുന്നില്ല.

കട്ടന്‍ചായക്ക് പോലും 15 മുതല്‍ 20 രൂപവരെ ഈടാക്കുന്ന നാടായി കേരളം മാറിക്കഴിഞ്ഞു.

റേഷനരിവിഹിതം വര്‍ദ്ധിപ്പിച്ച് കൂടുതല്‍ അരി റേഷന്‍കടകള്‍ വഴി വിതരണം ചെയ്താല്‍ മാത്രമേ അരിവില തടഞ്ഞുനിര്‍ത്താന്‍ കഴിയുകയുള്ളൂ.

പക്ഷെ, അതിലൊന്നും സര്‍ക്കാര്‍ ശ്രദ്ധിക്കുന്നേയില്ല.

ജനങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങള്‍ക്ക് ഇപ്പോഴും ഒരു പരിഹാരവും കാണാന്‍ സാധിച്ചിട്ടില്ല.

ക്ഷേമപെന്‍ഷനുകള്‍ വാരിക്കോരി നല്‍കിയതുകൊണ്ടുമാത്രം ഒരു ജനത രക്ഷപ്പെടില്ല.

സഫാരിപാര്‍ക്ക് നിര്‍മ്മിച്ചാലും ഹാപ്പിനസ് ഫെസ്റ്റ് നടത്തിയാലും നാട് വികസിക്കില്ല, അതിന് വന്‍കിയ വ്യവസായങ്ങള്‍ വരണം.

കേരള കാറല്‍മാര്‍ക്‌സ് ആയ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് ഇതൊന്നും അറിയില്ലെന്ന് ആര്‍ക്കും വിശ്വസിക്കാനാവില്ല.