തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റില്‍ കച്ചവടക്കാരുടെ കയ്യേറ്റം വ്യാപകം.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റില്‍ കച്ചവടക്കാരുടെ കയ്യേറ്റം വ്യാപകം.

യാത്രക്കാര്‍ക്ക് കാത്തുനില്‍ക്കാനുള്ള സ്ഥലത്താണ് കച്ചവട സാധനങ്ങള്‍ ഇറക്കിവെച്ച് കച്ചവടം നടത്തുന്നത്.

ഇത് യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.

നടന്നുപോകാന്‍ തന്നെ ആളുകള്‍ വല്ലാതെ കഷ്ടപ്പെടുകയാണ്.

ബസ്റ്റാന്റ് കോംപ്ലക്‌സിലെ ഭൂരിഭാഗം കച്ചവടക്കാരും ഇത്തരത്തില്‍ കച്ചവട സാധനങ്ങള്‍ കാത്തിരിപ്പ് സ്ഥലത്തേക്ക് ഇറക്കിവെച്ചാണ് കച്ചവടം നടത്തുന്നത്.

ഇതിന് പുറമെ ഒരു ലോട്ടറി കച്ചവടക്കാരനും സൗജന്യമായി കാത്തിരിപ്പ് സ്ഥലത്ത് കച്ചവടം നടത്തുന്നുണ്ട്.

നേരത്തെ ഒരു ശാരീരിക വെല്ലുവിളി നേരിടുന്നയാളാണ് ഇവിടെ കച്ചവടം ചെയ്തിരുന്നതെങ്കിലും അതിപ്പോള്‍ മറ്റൊരാള്‍ക്ക് മറിച്ചുനല്‍കിയതായാണ് വിവരം.

ദേശീയപാതയിലെ ബസ് ബേയില്‍ നിന്നും ബസ്റ്റാന്റിനകത്തേക്ക് കടക്കുന്ന വഴിയിലും കച്ചവടക്കാരുടെ ശല്യം തുടരുകയാണ്.

ഇവിടെ പഴം പച്ചക്കറി സൊസൈറ്റിയുടെ കടയിലെ സാധനങ്ങളും അവരുടെ മാലിന്യപെട്ടികളുമൊക്കെ നടപ്പുവഴികളിലാണ്.

പുതിയ നഗരസഭ ഭരണസമിതി തുടക്കത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ച് ഇടെപെടല്‍ നടത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ എല്ലാം പഴയപടിയേക്കാള്‍ ഭീകരമായി തുടരുന്നു.

ഇത് കൂടാതെ തളിപ്പറമ്പ് മെയിന്‍ റോഡിലും കയ്യേറ്റം വ്യാപകമാണ്.