10 കയ്യേറ്റ വര്‍ഷങ്ങള്‍-മെഡിക്കല്‍ കോളേജ് കാമ്പസ് പാര്‍ട്ടിക്ക് സ്വന്തം

പരിയാരം: കഴിഞ്ഞ 10 വര്‍ഷത്തെ പിണറായി ഭരണത്തിനിടയില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസില്‍ സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ സൊസൈറ്റി പല പേരില്‍ കയ്യേറിയത് കോടികള്‍ വിലമതിക്കുന്ന വസ്തുവകകള്‍.

ലീസിനും വാടകക്കും എന്ന പേരിലാണ് ആസൂത്രിതമായ നീക്കത്തില്‍ സര്‍ക്കാര്‍ സ്വത്ത് കയ്യടക്കിയത്.

മെഡിക്കല്‍ കോളേജ് കാമ്പസിനകത്ത് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ പോലും സ്ഥാപിക്കാന്‍ സ്ഥലമില്ലാതെ അധികൃതര്‍ ബുദ്ധിമുട്ടുമ്പോഴാണ് പഴയ ടി.ബി സാനിട്ടോറിയത്തിന്റെ ഭാഗമായ നേഴ്‌സിംഗ് കോളേജിന് മുന്നിലെ കെട്ടിടവും കേരളഗാന്ധി കെ.കേളപ്പന്‍ സ്വന്തം സ്വത്തുവകകള്‍ വില്‍പ്പനനടത്തി സ്ഥാപിച്ച ചാച്ചാജിവാര്‍ഡും പാര്‍ട്ടിഭരണത്തിന്റെ ബലത്തില്‍ സഹകരണ  സ്ഥാപനം കയ്യേറിയത്.

കെ.കേളപ്പന്‍ ടി.ബി.സാനിട്ടോറിയത്തില്‍ ഒരു രോഗിയെ കാണാനെത്തിയപ്പോഴാണ് മറ്റ് രോഗികള്‍ക്കൊപ്പം കിടക്കുന്ന കുട്ടികളായ ക്ഷയരോഗികളുടെയും അവരുടെ അമ്മമാരുടെയും അവസ്ഥ മനസിലാക്കി ചാച്ചാജി വാര്‍ഡ് എന്ന പേരില്‍ കുട്ടികള്‍ക്ക് മാത്രമായി വാര്‍ഡ് നിര്‍മ്മിച്ച് നല്‍കിയത്.

ഈ വാര്‍ഡിന് സമീപം അമ്മമാര്‍ക്ക് വിശ്രമിക്കാനും പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാനുമായി നിര്‍മ്മിച്ച ചെറിയ കെട്ടിടമാണ് ചാച്ചാജി വാര്‍ഡ് എന്ന് കാണിച്ചാണ് പാര്‍ട്ടി സൊസൈറ്റി ആശുപത്രി സൂപ്രണ്ടിനെ സ്വാധീനിച്ച് ഇത് അധീനതയിലാക്കിയത്.

ഒരു മുന്‍ എം.എല്‍.എയുടെ ഒത്താശയോടെയായിരുന്നു ഈ കയ്യേറ്റങ്ങളെല്ലാം നടത്തിയതെന്നത് പകല്‍പോലെ വ്യക്തമാണ്.

ഈ എം.എല്‍.എയുടെ കാലത്ത് കാമ്പസിനകത്ത് ഫയര്‍‌സ്റ്റേഷന്‍ സ്ഥാപിക്കാന്‍ സ്ഥലം നോക്കിയപ്പോള്‍ അനുയോജ്യമായ സ്ഥലം ലഭിച്ചില്ല എന്ന പേരില്‍ ഫയര്‍ സ്റ്റേഷന്‍പോലും ഉപേക്ഷിക്കപ്പെട്ടിരുന്നു, ആ സ്ഥാനത്താണ് സര്‍ക്കാര്‍ അധീനതയിലുള്ള കെട്ടിടം കയ്യടക്കിയത്.

കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ഒരു സൊസൈറ്റി സമാനമായ രീതിയില്‍ നല്‍കിയ അപേക്ഷ പരിഗണിക്കാതെയാണ് കാമ്പസിനകത്ത് പാര്‍ട്ടി നിയന്ത്രണത്തിലുള്ള സൊസൈറ്റിക്ക് കെട്ടിടം കയ്യേറാന്‍ അനുമതി നല്‍കിയതെന്ന് ഡി.സി.സി ജന.സെക്രട്ടെറി അഡ്വ.രാജീവന്‍ കപ്പച്ചേരി പറയുന്നു.