മാര്‍ക്കറ്റില്‍ പരിശോധയ്ക്ക് എത്തിയ നഗരസഭാ ഉദ്യോഗസ്ഥരെ വ്യാപാരികള്‍ അക്രമിച്ച സംഭവത്തില്‍ നിയമ പ്രകാരമുള്ള നടപടികളുമായി മുന്നോട്ടു പോകാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചു.
കഴിഞ്ഞ പെരുന്നാളിന്റെ തലേന്ന് പരിശോധനക്ക് എത്തിയ നഗരസഭാ സെക്രട്ടറി ഉള്‍പ്പെടെയുള ഉദ്യോഗസ്ഥരെ ആക്രമിച്ച വ്യാപാരികളുടെ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കേണ്ട എന്ന സെക്രട്ടറിയുടെ നിര്‍ദ്ദേശം അനുകൂലിച്ച് പ്രതിപക്ഷവും എതിര്‍ത്ത് ഭരണപക്ഷവും രംഗത്ത് വന്നു.
അക്രമത്തെ ന്യായീകരിക്കാനാകില്ലെന്നും നടപടിയെടുക്കാത്തത് ഉദ്യോഗസ്ഥരുടെ ആത്മവീര്യം കെടുത്തുമെന്നും ഭരണപക്ഷത്തു നിന്നും അക്രമികളെ ന്യായീകരിക്കുന്ന സമീപനമാണ് ഉണ്ടായതെന്നും പ്രതിപക്ഷ നേതാവ് ടി. ബാലകൃഷ്ണന് ആരോപിച്ചു.
ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ഇത്തരത്തിലുളള പ്രസ്താവനകള്‍ നടത്തരുതെന്നും നിയമ പരമായ നടപടികളുമായി മുന്നോട്ടു പോകുമെന്നും ചെയര്‍പേഴ്സണ്‍ പി.കെ സുബൈര്‍ മറുപടി നല്കി.
തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡ് കോംപ്ലക്സിനോട് ചേര്‍ന്ന് ദേശീയപാതയിലെ ബസ് ഷെല്‍ട്ടര്‍ വൈദ്യുതീകരിക്കുന്നതിനും കോംപ്ലക്സിന്റെ മൂന്നാം നിലയില്‍ നിന്നും ബസ് ഷെല്‍ട്ടറിന്റെ മേല്‍ക്കൂരയില്‍ മഴവെള്ളം പതിച്ചുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനും നഗരസഭ നടപടിയെടുക്കും.
യോഗത്തില്‍ ചെയര്‍പേഴ്സണ്‍ പി.കെ.സുബൈര്‍ അധ്യക്ഷത വഹിച്ചു.