ബഹുമാനപ്പെട്ട മുഖ്യമന്ത്രി, തളിപ്പറമ്പില്‍ ഖജനാവ് തുരക്കുന്ന ഈ പെരുച്ചാഴിയെ നിലനിര്‍ത്തുന്നത് എന്തിന് ? ആര്‍ക്കുവേണ്ടി.?

തളിപ്പറമ്പ്: ഖജനാവില്‍ പണമില്ലെന്ന് ധവളപത്രത്തില്‍ പറയുന്ന പുതിയ യു.ഡി.എഫ് സര്‍ക്കാര്‍ ഇന്ദിര ഗ്യാരണ്ടികള്‍ നടപ്പിലാക്കാന്‍ പണമില്ലാതെ വലയുമ്പോള്‍ തളിപ്പറമ്പില്‍ ഖജനാവ് കാര്‍ന്നുതിന്നുന്ന ലാന്റ് അക്വിസിഷന്‍ പെരുച്ചാഴിയെ നിലനിര്‍ത്തുന്നത് ദുരൂഹം.

ആറുവരി ദേശീയപാതയുടെ നിര്‍മ്മാണപ്രവൃത്തികള്‍ 99 ശതമാനവും പൂര്‍ത്തീകരിച്ച് ഉദ്ഘാടനത്തിന് ഒരുങ്ങുമ്പോഴും സ്ഥലമെടുപ്പിനായി 2012 ല്‍ ആരംഭിച്ച ഓഫീസിനെ വെള്ളാനയായി മാറ്റി പ്രവര്‍ത്തനം തുടരാന്‍ അനുവദിച്ചതാണ് ദുരൂഹമായിരിക്കുന്നത്.

നിലവില്‍ ഏഴ് തല്‍ക്കാലിക ജീവനക്കാരാണ് ഇവിടെ ഒരു പണിയുമില്ലാതെ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്നത്.

ഉദ്യോഗസ്ഥരുടെയും മുന്‍ ഭരണകക്ഷി സര്‍വീസ് സംഘടനകളിലെ ചില നേതാക്കളുടെയും പിന്തുണയില്‍ ഇവിടെ നിയമിക്കപ്പെട്ട മൂന്ന് വിരമിച്ച വയോധികരായ മൂന്ന് ഉദ്യോഗസ്ഥരും അവര്‍ക്ക് തോന്നുന്ന ദിവസങ്ങളില്‍ ഓഫീസിലെത്തി വരാത്ത ദിവസത്തെ ഒപ്പുകൂടി ഇട്ട് ശമ്പളം പറ്റുന്നതായാണ് വിവരം.

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരായി നിയമിക്കപ്പെട്ട നാലുപേരും മുന്‍ ഭരണകക്ഷികക്ഷി സര്‍വീസ് സംഘടന നേതാക്കളുടെ ബന്ധുക്കളാണ്.

വിവരാവകാശനിയമപ്രകാരം ലഭിച്ച മറുപടിയില്‍ പത്രപരസ്യംപോലും നല്‍കാതെയാണ് ഇവരെ പിന്‍വാതില്‍ നിയമനം നടത്തിയിരിക്കുന്നതെന്ന് വ്യക്തമാണ്.

അവശേഷിക്കുന്ന പണി നീട്ടിനീട്ടി കൊണ്ടുപോയി താല്‍ക്കാലിക പിന്‍വാതില്‍ ജീവനക്കാരെ നിലനിര്‍ത്താനായാണ് ഇപ്പോള്‍ ഈ ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്ന പരാതി പോലും വ്യാപകമാണ്.

സര്‍ക്കാരിന്റെ നിയമന മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് നാല് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെയും നിയമിച്ചതെന്ന് വിവരാവകാശ രേഖകള്‍ പ്രകാരം വ്യക്തമായിട്ടുണ്ട്.

ദേശീയപാത സ്ഥലമേറ്റെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ഓഫീസിന് കീഴില്‍ ബാക്കിയുള്ള ജോലികള്‍ സര്‍വീസിലുള്ള ജീവനക്കാര്‍ക്ക് തന്നെ ചെയ്തുതീര്‍ക്കാന്‍ മാത്രമേ ഉള്ളുവെങ്കിലും ചെയ്യുന്ന ജോലിയുടെ വേഗം കുറച്ച് രണ്ട് വര്‍ഷമെങ്കിലും ഇത് നീട്ടിക്കൊണ്ടു പോയി താല്‍ക്കാലികരായ ഏഴുപേരെ നിലനിര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഒരുഉന്നത ഉദ്യോഗസ്ഥന്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു.

ഇതില്‍ ഒരു വനിത ജീവനക്കാരി ജോലി ഒഴിവാക്കി രണ്ട് മാസക്കാലം വിദേശത്തേക്ക് പോയി തിരികെ വന്ന് വീണ്ടും ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് ജോലിക്ക് കയറിയത്.

ഒരു ജോലിയും ചെയ്യാതെയാണ് ഇവര്‍ക്ക് ശമ്പളം നല്‍കുന്നതെന്നാണ് ആക്ഷേപം.

നിലവിലുള്ള ഭരണകക്ഷി സര്‍വീസ് സംഘടനകളും ഈ ഖജനാവ് ചോര്‍ച്ച കണ്ടില്ലെന്ന് നടിക്കുന്നതായ ആരോപണം ശക്തമാണ്.

സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകവെ ഇത്തരത്തില്‍ പിന്‍വാതില്‍ നിയമനം നടത്തിയവരെ വലിയ ശമ്പളം നല്‍കി നിലനിര്‍ത്തുന്ന വെള്ളാനപദ്ധതിക്കെതിരെ മുഖ്യമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും വിജിലന്‍സ് ഡയരക്ടര്‍ക്കും പരാതി നല്‍കിയതായി വിവരാവകാശ പ്രവര്‍ത്തകന്‍ എസ്.ശിവസുബ്രഹ്മണ്യന്‍ അറിയിച്ചു.