അര്‍ദ്ധരാത്രി തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാന്‍ വ്യാപാരഭവന്‍ തുറന്നുകൊടുത്ത് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

തളിപ്പറമ്പ്: തീര്‍ത്ഥാടകര്‍ താമസ-വിശ്രമ സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടി, വ്യാപാരഭവന്‍ ഓഡിറ്റോറിയം തുന്നുകൊടുത്ത് തളിപ്പറമ്പിലെ വ്യാപാരി നേതാക്കള്‍ മാതൃകയായി.

ഇന്നലെ രാത്രി പന്ത്രണ്ടോടെയാണ് സംഭവം.

തിരുവനന്തപുരം, ചേര്‍ത്തല ഭാഗങ്ങളില്‍ നിന്നും ബസുകളില്‍ കൊട്ടിയൂര്‍ ദര്‍ശനത്തിനെത്തി അവിടെ നിന്നും തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകരാണ് ഹോട്ടലുകളും റൂമുകളും ലഭിക്കാതെ ദുരിതത്തിലായത്.

മുസ്ലിം യൂത്ത് ലീഗിന്റെ സന്നദ്ധസേവന വിഭാഗമായ വൈറ്റ്ഗാര്‍ഡിന്റെ അഷീറും ബപ്പു അഷറഫുമാണ് ഇവരുടെ ദുരിതം കണ്ട് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസുമായി ബന്ധപ്പെട്ട് രാത്രിയില്‍ താമസിക്കാനും വിശ്രമിക്കാനുമായി വ്യാപാരഭവന്‍ വിട്ടുനല്‍കാനാവുമോ എന്ന് അന്വേഷിച്ചത്.

ഉറങ്ങുകയായിരുന്ന അദ്ദേഹം ഉടന്‍തന്നെ ജന.സെക്രട്ടെറി വി.താജുദ്ദീന്‍, ട്രഷറര്‍ ടി.ജയരാജ്, പ്രവര്‍ത്തക സമിതി അംഗങ്ങള്‍ എന്നിവരെ ബന്ധപ്പെട്ട് തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാനായി കപ്പാലത്തെ വ്യാപാരഭവന്‍ ഓഡിറ്റോറിയം തുറന്നുകൊടുക്കുകയായിരുന്നു.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന തീര്‍ത്ഥാടകര്‍ക്ക് ഇത് ഏറെ സഹായകരമായി.

രണ്ടുദിവസം അവധിയായതിനാല്‍ ഇന്നലെ അഭൂതപൂര്‍വ്വമായ ജനത്തിരക്കാണ് ഇവിടെ അനുഭവപ്പെട്ടത്.

സൗകര്യങ്ങള്‍ ലഭ്യമാക്കിയതിന് യാത്രാസംഘം കോ-ഓര്‍ഡിനേറ്റര്‍ ഷാജി ചേര്‍ത്തല വ്യാപാരികള്‍ക്ക് നന്ദി അറിയിച്ചു.

വ്യാപാര മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്ന തളിപ്പറമ്പിലെ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

തളിപ്പറമ്പിലെ പൊതു സാമൂഹ്യരംഗത്തും സമാനതകളില്ലാത്ത അംഗീകാരം നേടിക്കൊണ്ടിരിക്കുന്ന സമയത്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്.