കുപ്രസിദ്ധ വാഹന മോഷ്ടാവ് യു.പിയിലെ അലിഗഡില്‍ അറസ്റ്റില്‍

കണ്ണൂര്‍: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഒട്ടേറെ വാഹന മോഷണ കേസിലെ പ്രതിയും 22 വര്‍ഷം മുമ്പേ 2004 ല്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത 10 ഓളം വാഹന മോഷണ കേസിലെ പ്രതിയുമായ

ഹരിയാന പല്‍വാല്‍ ഘോഡി വില്ലേജിലെ ബല്‍ദേവ് സിംഗ്(60) എന്നയാളെ ഉത്തര്‍പ്രദേശിലെ അലിഗഡ് ജില്ലയില്‍ യമുനനദിക്കരികിലുള്ള ടപ്പല്‍ എന്ന സ്ഥലത്ത് വെച്ചു ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ട് വി.ബാലകൃഷ്ണന്‍ നായരുടെ നിര്‍ദ്ദേശാനുസരണം

14-6-2026 ന് ഹരിയാന പോലീസ് ക്രൈം സ്‌ക്വാഡിന്റെ സഹായത്തോടെ കണ്ണൂര്‍ ക്രൈംബ്രാഞ്ച് യൂണിറ്റിലെ എസ്.ഐ മധുസൂദനന്‍, എ.എസ്.ഐ ബിജു, എ.എസ്.ഐ രാജേഷ്‌കുമാര്‍ എന്നിവരടങ്ങുന്ന പോലിസ് സംഘം അറസ്റ്റ് ചെയ്തു.

കണ്ണൂര്‍ ക്രൈംബ്രാഞ്ച് യൂണിറ്റില്‍ ഒരു എല്‍.പി വാറണ്ട് ഉള്‍പ്പെടെ ഒമ്പതോളം വാറണ്ടുകള്‍ ഇയാള്‍ക്കെതിരെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിലവിലുണ്ട്.

കഴിഞ്ഞ 22 വര്‍ഷമായി നിയമത്തിനു മുമ്പില്‍ കീഴടങ്ങാതെ പോലീസിനെയും കോടതിയെയും കബളിപ്പിച്ചുകൊണ്ട് ഹരിയാന ഡല്‍ഹി ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.