ജോലിചെയ്തതിന്റെ കൂലിക്ക് എല്ലാമാസവും ജീവനക്കാരെക്കൊണ്ട് പ്രതിഷേധസമരം ചെയ്യിക്കുന്നത് സര്‍ക്കാറിന് ഭൂഷണമോ-നാരായണന്‍കുട്ടി മനിയേരി
പരിയാരം: ജോലിചെയ്തതിന്റെ കൂലികിട്ടാന്‍ എല്ലാ മാസവും ജീവനക്കാരെക്കൊണ്ട് പ്രതിഷേധസമരങ്ങള്‍ നടത്തിക്കുന്നത് ഒരു ജനാധിപത്യ സര്‍ക്കാറിന് ഭൂഷണമാണോയെന്ന് ബന്ധപ്പെട്ടവര്‍ സ്വയം വിലയിരുത്തണമെന്ന് എന്‍.ജി.ഒ.അസോസിയേഷന്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം നാരായണന്‍കുട്ടി മനിയേരി.
കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് എന്‍ ജി ഒ അസോസിയേഷന്‍ മെഡിക്കല്‍ കോളേജ് ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഓഫീസിന് മുന്നില്‍ നടത്തിയ അതിജീവനസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ പ്രസിഡന്റ് പി.ഐ ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു.
ബ്രാഞ്ച് സെക്രട്ടറി യു.കെ.മനോഹരന്‍, എം.കെ.സജിത്ത്കുമാര്‍, ടി.വി ഷാജി എന്നിവര്‍ സംസാരിച്ചു.
പ്രതിഷേധ പ്രകടനത്തിന്ന് ടി.പി ഉണ്ണികൃഷ്ണന്‍, കെ.വി ദിലീപ് കുമാര്‍, ഉഷാ ഗോപാലന്‍, ശാലിനി, സുരേഷ്ബാബു, രംഗനാഥാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് മുമ്പ് പരമാവധി എല്ലാമാസവും എട്ടാംതീയതിക്ക് മുമ്പ് ശമ്പളം ലഭിക്കാറുണ്ടായിരുന്നു. എന്നാലിപ്പോള്‍ 2 വര്‍ഷത്തിനിടയില്‍ നിരവധി സമരങ്ങള്‍ ശമ്പളത്തിനായി നടത്തേണ്ടിവന്നിരുന്നു.
നേരത്തെ ലഭിച്ചിരുന്ന 12 ശതമാനം ഡി.എ മാത്രമാണ് ജീവനക്കാര്‍ക്ക് ലഭിക്കുന്നത് ശമ്പളപരിഷ്‌ക്കരണത്തില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.
ഇത്തരത്തില്‍ നിരവധി അവഗണനകളാണ് നേരിടേണ്ടിവന്നിരിക്കുന്നതെന്ന് എന്‍.ജി.ഒ.എ ഭാരവാഹികളായ പി.ഐ.ശ്രീധരനും യു.കെ.മനോഹരനും ആരോപിച്ചു.
സര്‍ക്കാര്‍ ഏറ്റെടുത്തു എന്ന് പറയുന്നുണ്ടെങ്കിലും രോഗികള്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ പൊതുജനങ്ങള്‍ക്കോ ഇതേവരെ യാതൊരുവിധ
നേട്ടങ്ങളും ഉണ്ടായിട്ടില്ലെന്നും ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ കോളേജ് ഓഫീസിന് മുന്നില്‍ അതിജീവനസമരം നടത്തേണ്ടിവന്നതെന്നും നേതാക്കള്‍ പറഞ്ഞു.