മല്‍സ്യലോറി മറിഞ്ഞു-ഡിവൈഡറില്‍ റിഫ്‌ളക്ടറില്ലാത്തത് അപകടകാരണം.

കണ്ണൂര്‍: റോഡില്‍ ‘വില്ലനാ’യി വീണ്ടും റിഫ്‌ളക്ടര്‍ ഇല്ലാത്ത ഡിവൈഡറുകള്‍.

തെക്കിബസാര്‍ മക്കാനിക്ക് സമീപം ഞായറാഴ്ച രാത്രി എട്ടരയോടെ മീന്‍ കയറ്റിവന്ന ലോറി ഡിവൈഡറില്‍ ഇടിച്ചുമറിഞ്ഞു. കൊയിലാണ്ടിയില്‍നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന മിനിലോറിയാണ് മറിഞ്ഞത്.

സംഭവത്തില്‍ ലോറിയിലുണ്ടായിരുന്നവര്‍ക്ക് നിസ്സാര പരിക്കേറ്റു.

റോഡിന്റെ ഒരുവശത്തേക്കുള്ള ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു.

തളിപ്പറമ്പ് ഭാഗത്തേക്കുള്ള വാഹനങ്ങളെ മക്കാനി പരിസരത്തുനിന്ന് എ.കെ.ജി.ആസ്പത്രിയുടെ സമീപത്തെത്തുന്ന ഉപറോഡ് വഴി തിരിച്ചുവിട്ടു.

നിറയെ മത്തിയുമായി വന്നതായിരുന്നു ലോറി.

ലോഡ് നീക്കാതെ ലോറി ഉയര്‍ത്താനാവില്ലെന്ന സ്ഥിതിയായതോടെ തൊഴിലാളികളെ ഉപയോഗിച്ച് മീന്‍ പൂര്‍ണമായും മാറ്റി.

മണിക്കൂറുകള്‍ക്കുശേഷമാണ് മത്തി നീക്കിയശേഷം ലോറി ക്രെയിനുപയോഗിച്ച് നിവര്‍ത്താനായത്.

അപകടമുണ്ടായ സ്ഥലത്തെ ഡിവൈഡര്‍ വാഹനങ്ങളിടിച്ച് തേഞ്ഞ് ഇല്ലാതായനിലയിലാണ്.