പയ്യന്നൂര്‍ അഗ്നിരക്ഷാസേനക്ക് ഇന്ന് വിശ്രമമില്ലാത്ത ദിവസം– ഒരു മരംവീഴല്‍ മൂന്ന് തീപിടുത്തം ഒരു ബോധവല്‍ക്കരണം.

പയ്യന്നൂര്‍: പയ്യന്നൂര്‍ അഗ്നിശമനസേനക്ക് ഇന്ന് വിശ്രമമില്ലാത്ത ദിവസം.

രാവിലെ ഒന്‍പതോടെ കാളീശ്വരം ഭാഗത്ത് മരം റോഡിന് കുറുകെ പൊട്ടിവീണ് ഗതാഗതം മുടങ്ങിയ വിവരമറിഞ്ഞ് അസി.സ്റ്റേഷന്‍

ഓഫീസര്‍ ഒ.സി.കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലെത്തിയ സംഘം മരം വെട്ടിമാറ്റി തിരിച്ചെത്തിയപ്പോഴേക്കും പിലാത്തറ കോ-

ഓപ്പറേറ്റീവ് കോളേജിന് സമീപം പടിക്കപ്പാറയില്‍ പറമ്പില്‍ തീപിടിച്ച വിവരമറിഞ്ഞ് അങ്ങോട്ടേക്ക് തിരിച്ച സേനാംഗങ്ങള്‍

തിരിച്ചെത്തിയപ്പോഴാണ് കഴിഞ്ഞ ദിവസം ശബരിമല തീര്‍ത്ഥാടകന്‍ കടലില്‍ മുങ്ങിമരിച്ച ചൂട്ടാട് കടപ്പുറത്ത് ബോധവല്‍ക്കരണം

നടത്താനും സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്താനും അടിയന്തിര നിര്‍ദ്ദേശമെത്തിയത്. അവിടെ പോയി തിരിച്ചെത്തിയ ഉടനെയാണ്

പയ്യന്നൂര്‍ നഗരസഭയുടെ ട്രഞ്ചിംഗ് ഗ്രൗണ്ട് സ്ഥിതിചെയ്യുന്ന അന്നൂരില്‍ പ്ലാസ്റ്റിക്ക് മാലിന്യത്തിന് ഉള്‍പ്പെടെ തീപിടിച്ചത്.

സ്‌റ്റേഷന്‍ ഓഫീസര്‍ ടി.പി.സന്തോഷ്‌കുമാര്‍, അസി.സ്‌റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേശവന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍

രണ്ട് യൂണിറ്റുകള്‍ ചേര്‍ന്ന് രണ്ടുമണിക്കൂറോളം പ്രയത്‌നിച്ചാണ് ഇവിടെ തീയണച്ചത്.

തിരിച്ചെത്തിയ ഉടനെയാണ് പടിക്കപ്പാറയില്‍ വീണ്ടും തീപിടിച്ചതായ വിവരം ലഭിച്ച് അങ്ങോട്ടേക്ക് പോയത്.