സര്‍ സയ്യിദ് കോളേജ് 1994-97 ബാച്ചിന്റെ ആഭിമുഖ്യത്തില്‍ കഹാനിയ പൂര്‍വ്വ വിദ്യാര്‍ത്ഥി മഹാസംഗമം 2023 ജൂലൈ 8, ശനിയാഴ്ച്ച കാമ്പസില്‍ നടക്കും.

തളിപ്പറമ്പ്: സര്‍ സയ്യിദ് കോളേജ് 1994-97 ബാച്ചിന്റെ ആഭിമുഖ്യത്തില്‍ കഹാനിയ പൂര്‍വ്വ വിദ്യാര്‍ത്ഥി മഹാസംഗമം 2023 ജൂലൈ 8, ശനിയാഴ്ച്ച കാമ്പസില്‍ നടക്കും.

വ്യത്യസ്തമായ പരിപാടികള്‍ ആണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത് പരിപാടിക്കുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി ഭാരവാഹികളായ പ്രോഗ്രാം ചെയര്‍മാന്‍ കണ്‍വീനര്‍ അഡ്വ കെ.വി.അബ്ദുല്‍ റസാഖ്, ജനറല്‍ മുഹമ്മദ് കാട്ടില്‍ ട്രഷറര്‍ പി.അലിക്കുഞ്ഞി കോ-ഓര്‍ഡിനേറ്റര്‍ മീരാഷാന്‍ എന്നിവര്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിനോട് പറഞ്ഞു.

രജിസ്‌ട്രേഷനും ബ്രേക്ക്ഫാസ്റ്റിനും ശേഷം ക്യാമ്പസില്‍ പ്രവേശിക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസ് ചുറ്റിക്കറങ്ങല്‍, ഡിപാര്‍ട്ട്‌മെന്റ്/ ഓഫീസ് സന്ദര്‍ശനം, അധ്യാപക- അനധ്യാപകരെ ഉപഹാരങ്ങള്‍ നല്‍കി ആദരിക്കല്‍, പരസ്പരം പരിചയപ്പെടല്‍, ഓര്‍മ്മ പുതുക്കല്‍ തുടങ്ങിയവയ്ക്ക് ശേഷം,

10 മണിക്ക് മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരും മാനേജ്മന്റ് പ്രതിനിധികളും ഒത്തുചേര്‍ന്ന് പ്രീഡിഗ്രി ബ്ലോക്കിനു മുന്‍പില്‍ വെച്ച് ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും അതിനു ശേഷം മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ.അബ്ദുള്‍സലീം ‘കഹാനിയ’ പൂര്‍വ്വ വിദ്യാര്‍ത്ഥി മഹാസംഗമം ഉദ്ഘാടനം ചെയ്യും.

പ്രോഗ്രാം ചെയര്‍മാന്‍ അഡ്വ. കെ.വി.അബ്ദുല്‍ റസാഖ് അധ്യക്ഷത വഹിക്കും. ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍ മുഖ്യാതിഥി ആയിരിക്കും.

മാനേജര്‍ അഡ്വ.പി മഹമ്മൂദ്, സി.ഡി.എം.ഇ.എ ജനറല്‍ സെക്രട്ടറി അള്ളാംകുളം മഹമ്മൂദ് പ്രിന്‍സിപ്പല്‍ ഇസ്മായില്‍ ഓലിയങ്കര, മുന്‍ പ്രിന്‍സിപ്പാള്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കും.

200 പൂര്‍വവിദ്യാര്‍ഥികളും 50 അദ്ധ്യാപകരും അനദ്ധ്യാപകരും പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ പങ്കെടുക്കും.
മുന്‍കൂട്ടി തയ്യാറാക്കിയ അവരുടെ ക്ലാസ് മുറികളിലേക്ക് അദ്ധ്യാപകരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ബാന്റ് മേളത്തിന്റെ അകമ്പടിയോടെ പോകും.

കൃത്യം 10.30നു ബെല്ലോടു കൂടെ പഴയകാല ക്ലാസുകള്‍ പുനരാവിഷ്‌ക്കരിക്കും, റിട്ട അദ്ധ്യാപകര്‍ ക്ലാസ്സെടുക്കും. 11 ന് പിരിയഡ് പൂര്‍ത്തിയാക്കുകയും തുടര്‍ന്ന് അദ്ധ്യാപകരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ബാന്റ് മേളത്തിന്റെ അകമ്പടിയോടെ പ്ലക്കാര്‍ഡുകളും ബലൂണുകളും പിടിച്ച് ഓഡിറ്റോറിയത്തിലേക്ക് പോകും.

11.15ന് ഗുരുവന്ദനം (അദ്ധ്യാപകരെ ആദരിക്കല്‍), 11.45ന് പരസ്പരം (ഓര്‍മ്മകള്‍ പങ്കുവെക്കല്‍), 1.30 ന് സ്‌നേഹസദ്യ, 2 മുതല്‍ 4 വരെ പാട്ടും കൂത്തും, ബാച്ചുകള്‍, ഗ്രൂപ്പുകള്‍, വ്യത്യസ്ത ഗ്യാങ്ങുകള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ വിവിധതരം പരിപാടികള്‍, ഓര്‍ക്കസ്ട്ര, താളമേളാധികളുടെ അകമ്പടിയോടു കൂടി കാലത്തെ വസ്ത്രങ്ങള്‍ ധരിച്ചുള്ള പ്രശ്ചന്ന വേഷം, 90കളിലെ ഹിറ്റ് ഗാനങ്ങള്‍, സ്‌കിറ്റ് തുടങ്ങിയവ അവതരിപ്പിക്കും.

വൈകുന്നേരം 4 മുതല്‍ 4.30 വരെ ഉപസംഹാരം.
മഹാപൂര്‍വവിദ്യാര്‍ഥി സംഗമത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി തലേന്ന് (7/7. വെള്ളിയാഴ്ച) വൈകുന്നേരം 5 മണിക്ക് കോളേജ് ഗ്രൗണ്ടില്‍ പ്രവാസി സംഗമം നടത്തും, തുടര്‍ന്ന് മൈലാഞ്ചി രാവ് നടക്കും.