പളുങ്ക്ബസാറിലെ സ്വര്‍ണ്ണ കവര്‍ച്ച-അന്വേഷണം എവിടെയുമെത്താതെ മരവിച്ചു.

പരിയാരം: ചിതപ്പിലെപൊയില്‍ പളുങ്ക്ബസാറിലെ കവര്‍ച്ച, പരിയാരം പോലീസ് തപ്പാന്‍ ഇരുട്ടുപോലും ഇല്ലാത്ത അവസ്ഥയില്‍ നട്ടംതിരിയുന്നു.

സപ്തംബര്‍ 29 നാണ് പളുങ്ക്ബസാറിലെ മാടാളന്‍ അബ്ദുള്ളയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്.

25 പവന്‍ സ്വര്‍ണാഭരണങ്ങളും 18,000 രൂപയും വിലപ്പെട്ട രേഖകളും ഉള്‍പ്പെടെയാണ് കളവുപോയത്.

വീടിന്റെ പിന്‍ഭാഗത്തെ ജനലിന്റെ ഗ്രില്‍സ് മുറിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്.

വീട്ടുകാര്‍ പള്ളിയില്‍ നബിദിനപരിപാടിക്ക് പോയപ്പോഴായിരുന്നു കവര്‍ച്ച നടന്നത്.

കവര്‍ച്ച നടന്നിട്ട് ഇന്നേക്ക് 16 ദിവസമായിട്ടും മോഷ്ടാക്കളിലേക്ക് എത്താനുള്ള നേരിയ തുമ്പ് കണ്ടെത്താന്‍പോലും പരിയാരം പോലീസിന് കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍ പരിയാരം പോലീസ് പരിധിയില്‍ നടന്ന ഒരു മോഷണത്തില്‍ പോലും പ്രതികളെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ലെന്ന വിമര്‍ശനം നിലനില്‍ക്കവെയാണ് പളുങ്ക്ബസാറിലെ കവര്‍ച്ചയുടെ അന്വേഷണവും എവിടെയുമെത്താതെ മരവിച്ചത്.

പോലീസിന്റെ അനാസ്ഥക്കെതിരെ യു.ഡിഎഫ് സ്റ്റേഷനിലേക്ക് ജനകീയപ്രതിരോധ മാര്‍ച്ച് ഉള്‍പ്പെടെ സംഘടിപ്പിച്ചിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി എസ്.എച്ച്.ഒ തസ്തിക ഒഴിഞ്ഞുകിടക്കുന്ന ഇവിടെ ആരെ നടക്കുന്നത് വാഹനപരിശോധനയും കഞ്ചാവ് ബീഡി വലിക്കുന്നവരെ പിടിക്കലും മാത്രമാണെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.