ഷാലിമാര്‍ സലാം ഹാജി കരുണയുടെ കാവലാള്‍-സമാനതകളില്ലാത്ത വ്യക്തിത്വം.

തളിപ്പറമ്പ്: വലതുകൈ ചെയ്യുന്നത് ഇടതുകൈ അറിയരുത് എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കി ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിയ സമാനതകളില്ലാത്ത വ്യക്തിത്വമാണ് മണിക്കൂറുകള്‍ മുമ്പേ നിര്യാതനായ ഷാലിമാര്‍ സലാംഹാജി.

മറ്റ് പലരും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സഹായവും ചെയ്യുന്നുണ്ടെങ്കില്‍. അത് അവരുടെ സംഘടനയുടെ പേരിലോ മറ്റേതെങ്കിലും താല്‍പര്യത്തിലോ ആയിരിക്കും. എന്നാല്‍ ഇവിടെ അറിഞ്ഞും അറിയാതെയും നൂറുകണക്കിനാളുകള്‍ക്ക് പലവിധത്തിലും സഹായങ്ങള്‍ ചെയത പാവങ്ങളുടെ അത്താണിയായി മാറിയ വ്യക്തിയാണ് സലാംഹാജിക്ക.

മാനസിക-ശാരീരിക വൈകല്യം ബാധിച്ച് ജീവിതത്തില്‍ മാതാപിതാക്കളുടെ മാത്രം തണലില്‍ കഴിയുന്ന, സമൂഹത്തില്‍ ഒരു കൂട്ടുകാരില്ലാത്ത ഒരു കൂട്ടം നിസ്സഹായരായ മനുഷ്യര്‍ക്ക് ജാതി-മത ഭേദമില്ലാതെ സ്വന്തം സ്ഥാപനത്തില്‍ ജോലി കൊടുത്തു അവരുടെ കഴിവുകളെ കണ്ടെത്തുകയും അവരോടൊപ്പം വിനോദയാത്രക്ക് പോകുകയും അവരിലൊരാളായി മാറുകയും ചെയ്തു.

ദുര്‍ബ്ബലരെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച് അവരിലൊരാളായി അവരെ മാനസികമായി ശക്തരാക്കി ജീവിക്കാന്‍ പ്രാപ്തരാക്കി.

ചെറിയസഹായം ചെയ്താല്‍പോലും പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച് സാഫല്യമടയുന്നവര്‍ക്ക് മുന്നില്‍ ഈ മനുഷ്യന്‍ ഒരുഅസാധാരണ വ്യക്തിത്വമാണ്.

വ്യാപാരത്തില്‍ നൂറുശതമാനവും സത്യസന്ധത പുലര്‍ത്തിയ സലാംഹാജിക്കയോട് ഒരുതവണ സംസാരിച്ചാല്‍ തന്നെ അവര്‍ അദ്ദേഹത്തിന്റെ സുഹൃത്തായി മാറും.

തളിപ്പറമ്പ് പച്ചക്കറി മാര്‍കറ്റില്‍ നിന്ന് ആരംഭിച്ച ചെറിയ ഒരു ക്രോക്കറി കടയില്‍ നിന്നും തളിപ്പറമ്പിലെ ഏറ്റവും വലുതും മികച്ചതുമായ സ്ഥാപനമായി ഷാലിമാറിന് മാറാന്‍ കഴിഞ്ഞെങ്കില്‍ അതിന് കാരണം വെട്ടിത്തിളങ്ങി വേറിട്ടുനില്‍ക്കുന്ന അദ്ദേഹത്തിന്റെ വ്യക്തിത്വം തന്നെയാണ്.