ഒന്നല്ല, രണ്ടല്ല, മൂന്നല്ല, നാലല്ല—–പതിനഞ്ച്
പരിയാരം: ഒന്നല്ല, രണ്ടല്ല, മൂന്നല്ല–പതിനഞ്ചിനം ചീരകളുമായി നാഗാര്‍ജുന്‍. ഔഷധങ്ങളുടെ കലവറയായ പൊന്നങ്കണ്ണിച്ചീര, ഇലക്കറിയികളിലെ ചക്രവര്‍ത്തിയായ ചക്രവര്‍ത്തിച്ചീര,

വേലിയില്‍ പടര്‍ന്ന് പാടങ്ങള്‍ക്ക് സംരക്ഷണഭിത്തിയൊരുക്കുന്ന വഷളച്ചീര—തീര്‍ന്നില്ല പതിനഞ്ചിലധികം ചീരയെ പരിചയപ്പെടാം പരിയാരം മെഡിക്കല്‍ കോളജിനു സമീപത്തെ ഈ ചീര തോട്ടത്തില്‍.
സര്‍വ്വസാധാരണമായ ചുവന്ന ചീര, പച്ചച്ചീര, പൊന്നാങ്കണ്ണിച്ചീര, പുളിച്ചീര, ചെറുചീര, പാലക്, അഗത്തി ചീര, വഷളച്ചീര, ഉഴിഞ്ഞ, കുപ്പച്ചീര, ചക്രവര്‍ത്തി ചീര, കാസിനി ചീര, മണിത്തക്കാളി,
സിലോണ്‍ ചീര, സാമ്പാര്‍ ചീര, മുത്തിള്‍, മുരിങ്ങ എന്നിവ നാഗാര്‍ജുന്റെ ചീരപാടത്ത് സുലഭമായി വിളയുന്നു.
കുട്ടികള്‍ക്ക് ഏറ്റവും ഉത്തമമായ ഇലക്കറിയായ ചെറുചീരയ്ക്ക് വിപണിയില്‍ വന്‍ ഡിമാന്‍ഡാണെന്ന് നാഗാര്‍ജുന്‍ പറയുന്നു. കുട്ടികളില്‍ സ്റ്റംസെല്സ് ബൂസ്റ്റ് ചെയ്യുന്നതിനു പുറമെ വയറ്റിലെ പുണ്ണുകള്‍ സുഖപ്പെടുത്താനും ഇവ ഏറെ ഫലപ്രദമാണ്.
മറ്റു ചീരകളെ അപേക്ഷിച്ച് ചെറുചീരയില് നാരുകള്‍ ധാരാളമായി അടങ്ങിയിനിനാല് മുതിര്‍ന്നവര്‍ക്കും ഏറെ ഗുണപ്രദമാണ്.
പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിന് സമീപം കടന്നപ്പള്ളി പുത്തൂര്‍കുന്ന് പുതിയകണ്ടത്താണ് നാഗാര്ജനന്റെ ചീരപ്പാടം.
പയ്യന്നൂര്‍ മഹാദേവഗ്രാമത്തിലെ നാഗാര്‍ജുന്‍ വിദേശത്തെ ജോലി ഒഴിവാക്കിയാണ് ഇവിടെ സ്ഥലം പാട്ടത്തിനെടുത്ത് ചീരയുടെ വൈവിധ്യങ്ങളെ മലയാളിക്ക് പരിചയപ്പെടുത്തുന്നത്.
തികച്ചും ജൈവകൃഷിരീതിയിലൂടെ ഔഷധ സമ്പന്നമായ വിവിധയിനം ചീരകള്‍ കൃഷിചെയ്ത് വിപണിയില്‍ എത്തിക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യമെന്ന് ഇദ്ദേഹം പറയുന്നു.
തിരക്കേറിയ ജീവിതത്തിനിടയില്‍ മലയാളികള്‍ പലപ്പോഴും പോഷകസമ്പന്നമായ ഭക്ഷണശീലത്തെ മനപ്പൂര്‍വമല്ലെങ്കിലും മറന്നു പോകുകയാണ്.
ഈ അവസരത്തില്‍ വളരെയേറെ വിറ്റാമിനുകളും, ഇരുമ്പുസത്തും, നാരുകളും അടങ്ങിയ ചീരകള്‍ ഓരോ മലയാളിയുടെയും ജീവിതശൈലിയുടെ ഭാഗമാക്കലാണ് തന്റെ ലക്ഷ്യമെന്നും നാഗാര്‍ജുന്‍ പറയുന്നു.
അധ്യാപകനായ അനുജന് നിശാന്ത് പ്രസന്നനും തമിഴ്നാട്ടില്‍ നിന്നുള്ള രണ്ട് തൊഴിലാളികളും സഹായത്തിനുണ്ട്.
ചെന്നൈ ഐ.ഐ.ടിയില്‍ റിസര്‍ച്ച് അസിസ്റ്റന്റായ ഭാര്യ കെ.വി.റീജയുടെ പരിപൂര്‍ണ്ണ പിന്തുണയും നാഗാര്‍ജുന്റെ ഹരിതവിപ്ലവത്തിനുണ്ട്.
ഒപ്പം കടന്നപ്പള്ളി കൃഷി ഓഫിസര്‍ ജിതിന്റെ ഉപദേശ നിര്‍ദ്ദേശങ്ങളുമുണ്ട്.
ചീരയിലെ വൈവിധ്യം പരിചയപ്പെടുത്താന്‍ സാധിക്കുന്നുണ്ടെങ്കിലും ഉത്തര കേരളത്തില്‍ ചീരയുടെ വിപണി ചീരയുടെ വര്‍ണ്ണം പോലെ മനോഹരമല്ലെന്നും നാഗാര്‍ജുന്‍ പറഞ്ഞു.
