ചത്തതല്ല-കൊന്നത്-വനംവകുപ്പിനെതിരെ ആഞ്ഞടിച്ച് വന്യജീവി സംരക്ഷകന്‍ വിജയ് നീലകണ്ഠന്‍.
തളിപ്പറമ്പ്: പെരിങ്ങത്തൂരില്‍ കിണറില്‍ വീണ പുള്ളിപ്പുലി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം ദാരുണമായ കാര്യമാണ്. ഇതേക്കുറിച്ച് പ്രമുഖ പരിസ്ഥിതി-വന്യജീവി സംരക്ഷകനായ വിജയ് നീലകണ്ഠന്റെ സമൂഹമാധ്യമങ്ങളിലെ കുറിപ്പ് ഏതൊരു പരിസ്ഥിതി-വന്യജീവി സംരക്ഷകനേയും നൊമ്പരപ്പെടുത്തുന്നതാണ്-കുറിപ്പ് ചുവടെ.
വനവും വന്യമൃഗ സംരക്ഷണവും ഓരോ വ്യക്തിയുടെയും കടമയും ഉത്തരവാദിത്വവും അവകാശവുമാണ്.
അതു പാലിക്കപെടാതെ വരുമ്പോള്‍ എന്നെ പോലെയുള്ള പ്രകൃതി വന്യജീവി സംരകഷകര്‍ക്കു സങ്കടം സഹിക്കാന്‍ പറ്റില്ല.
ഇത്രയും കാലം നാട്ടില്‍ ഇറങ്ങി അപകടത്തില്‍ പെടുന്ന വന്യമൃഗങ്ങളെയും മറ്റ് ജീവികളെയും രക്ഷിച്ചത് പ്രകൃതി വന്യജീവി സ്‌നേഹികളാണ്. അല്ലാതെ യൂണിഫോം ഇട്ട ഫോറെസ്റ്റ് ഡിപ്പാര്‍ട്‌മെന്റ് ജീവനക്കാരല്ല.
എപ്പോഴൊക്കെ ഫോറെസ്റ്റ് ഡിപ്പാര്‍ട്‌മെന്റ് ഉദ്യോഗസ്ഥര്‍ നേരിട്ട് സംരക്ഷണത്തിന് ഇറങ്ങിയിട്ടുണ്ടോ…. അന്നൊക്കെ ആ മൃഗത്തിന്റെ അന്ത്യമാണ്. അതു അവരുടെ കുറ്റമല്ല. മൃഗങ്ങളെ പറ്റി കൂടുതല്‍ അറിയില്ല…. മൃഗങ്ങളെ എങ്ങനെ രക്ഷപെടുത്തണം എന്നുള്ള മുന്‍ പരിചയവുമില്ല.
കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലയില്‍ ഇതു രണ്ടാമത്തെ തവണയാണ് രക്ഷപ്പെടുത്തുന്നു എന്ന മട്ടില്‍ പുലിയെ കൊല്ലുന്നത് .
ഇന്നലെ അര്‍ദ്ധരാത്രിയോട് കൂടി ആവും പെരിങ്ങത്തൂരിലെ ഒരു കിണറ്റില്‍ പുലി വീണിട്ടുണ്ടാവുക. കാരണം ഇവര്‍ അര്‍ദ്ധരാത്രി സഞ്ചാരിയാണ്. രാവിലെയാണ് കിണറില്‍ വീണ പുലിയെ നാട്ടുകാര്‍ കാണുന്നത്. പിന്നീട് വൈകുന്നേരം വരെ നടത്തിയത് ഒരു തരം പ്രഹസന്നമാണ് എന്ന് പറയാതിരിക്കാന്‍ എനിക്ക് മടിയില്ല. എന്റെ ജീവിതത്തില്‍ ഇതുപോലെ പുലിയെയും കടുവയെയും രാജവെമ്പാലയെ വരെ ഞങ്ങള്‍ കുറേ തവണ രക്ഷിച്ചിട്ടുണ്ട്. പക്ഷേ അതൊക്കെ കേരളത്തിന് പുറത്ത്. നമ്മുടെ അറിവുകളെയും അനുഭവങ്ങളെയും മാനിച്ചു ഫോറെസ്റ്റ് ഡിപ്പാര്‍ട്‌മെന്റ് ഞങ്ങള്‍ക്ക് വേണ്ട സെക്കന്ററി സഹായങ്ങള്‍ നല്‍കും. ഇവിടെ കേരളത്തില്‍ നമ്മള്‍ അഭിപ്രായം പറഞ്ഞാല്‍ നോട്ടപ്പുള്ളികളായി.
ഇതിനു മുന്നേ കണ്ണൂരിലും കാസര്‍ഗോഡ് പ്രദേശത്തു പുലി ഇറങ്ങിയപ്പോള്‍ വേണ്ട അഭിപ്രായവും സഹായവും ഞാന്‍ സമയ ബന്ധിതമായും ശരിയായ ആസൂത്രണവും വേണ്ടപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടും അവര്‍ തിരിഞ്ഞു നോക്കിയില്ല. അതാണ് അഹം…
ഇവിടെ പൂര്‍ണ ആരോഗ്യവനായ പുലിയെ വലയില്‍ എടുക്കാന്‍ തന്നെ 6-7 മണിക്കൂര്‍ വേണ്ടി വന്നു. വലയില്‍ കുരുക്കിയ പുലിയെ എന്തിനാണ് മയക്കു വെടി വെച്ചത് എന്ന് എനിക്ക് മനസിലാവുന്നില്ല ???. പുലിയെ കൂട്ടിലാക്കാന്‍ പല വഴികളും മുന്നിലുണ്ടായിരുന്നു. പക്ഷേ മയക്കു വെടി വെച്ചത് ക്രൂരവും വിഡ്ഢിത്തരമായ ഒരു തീരുമാനമായിപോയി. അതും മയക്കു വെടി വയ്ക്കാന്‍ വയനാട്ടില്‍ നിന്നും വന്നിട്ട്.
ഇത്രയും വൈകിയത് തന്നെ ഒരു ദ്രോഹമാണ്. അതിന് മുകളില്‍ മയക്കു വെടി.
മയക്കു വെടി വയ്ക്കുമ്പോള്‍ ആ മൃഗത്തിന്റെ പ്രായം, ഭാരം, ആരോഗ്യസ്ഥിതി എന്നിവയെല്ലാം അറിഞ്ഞിരിക്കണം. അതിന് ശേഷം മാത്രമേ മയക്കു വെടി അവസാനത്തെ അസ്ത്രം പോലെ ഉപയോഗിക്കാവൂ.
എന്താണ് മയക്കു വെടി എന്ന് ഇന്ന് 98% ഉദ്യോഗസ്ഥര്‍ക്കും അറിയില്ല. അവര്‍ തന്നെ പല സമയങ്ങളില്‍ എന്നോട് പറഞ്ഞതാണ്.
പുലിയെ പിടികൂടിയെങ്കിലും വയനാട്ടില്‍ നിന്നും വന്ന പ്രത്യേക സംഘത്തിനു ജീവന്‍ രക്ഷിക്കാനായില്ല.
ഇനി പോസ്റ്റുമോര്‍ട്ടം ചെയ്തിട്ട് എന്ത് ലഭിക്കാന്‍? അതും ഒരു പ്രഹസനം ??
വനംവകുപ്പ് സംഘവും പൊലീസും ഫയഫോഴ്‌സ് സംഘവും ചേര്‍ന്ന് നടത്തിയ ശ്രമകരമായ ദൗത്യത്തിന് ഒടുവില്‍ വൈകിട്ടോടെ പുലിയെ കിണറ്റില്‍ നിന്നും പുറത്തെത്തിച്ചു. എന്നാല്‍ രാത്രിയോടെ പുലി ചത്തു… അല്ലാ കൊന്നു!
ഇനിയെങ്കിലും ഇത്തരം സാഹചര്യം വരുമ്പോള്‍ അനുഭവസ്ഥരെ വിളിക്കുക… ഒരുമിച്ച് പ്രവര്‍ത്തിക്കാം – പ്രകൃതി വന്യജീവിയെ സംരക്ഷിക്കാന്‍