കേരളത്തിന്റെ ആരോഗ്യചരിത്രത്തിന്റെ ഭാഗമായി ഡോ.കെ.സുദീപ് പടിയിറങ്ങുന്നു.
പരിയാരം: ഏറെ നിര്‍ണായകമായ ഏഴുവര്‍ഷം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിനെ നയിച്ച സൂപ്രണ്ട് ഡോ.കെ.സുദീപ് ചുമതല ഒഴിയുകയാണ്.
സഹകരണ മേഖലയിലായിരുന്ന പരിയാരത്തെ മെഡിക്കല്‍ കോളേജ്, 2019 മാര്‍ച്ച് രണ്ടിന് സര്‍ക്കാര്‍ ഏറ്റെടുത്ത് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ എന്ന പേരില്‍ കേരളത്തിലെ ഏഴാമത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആക്കി മാറ്റിയപ്പോള്‍ മെഡിക്കല്‍കോളേജിനെ നയിക്കാന്‍ ചുമതല ലഭിച്ച വ്യക്തി എന്ന നിലയില്‍ നിര്‍ണായകമായ നിരവധി ദൗത്യങ്ങള്‍ പൂര്‍ത്തീകരിച്ചാണ് ഡോ. സുദീപ് പടിയിറങ്ങുന്നത്.
സംസ്ഥാന ചരിത്രത്തില്‍, സര്‍ക്കാര്‍ മേഖലയിലേക്ക് ഏറ്റെടുക്കുന്ന മൂന്നാമത്തെ മെഡിക്കല്‍ കോളേജ് ആയിരുന്നു പരിയാരത്തേത്. എന്നാല്‍, മുമ്പ് ഏറ്റെടുത്ത രണ്ട് മെഡിക്കല്‍ കോളേജുകളില്‍
നിന്നും വ്യത്യസ്തമായി ദീര്‍ഘകാല പ്രവര്‍ത്തന ചരിത്രമുള്ളതും രണ്ടായിരത്തിലേറെ ജീവനക്കാര്‍ ജോലി ചെയ്യുന്നതുമായ ബൃഹദ് സ്ഥാപനമാണ് എന്നത് ഏറ്റെടുപ്പു വേളയില്‍ സര്‍ക്കാരിനു മുന്നില്‍ വലിയ വെല്ലുവിളിയായിരുന്നു.
അങ്ങനെയുള്ള ഒരിടത്ത് എല്ലാ വിഭാഗം ജീവനക്കാരേയും കൂട്ടിയോജിപ്പിച്ചു സ്ഥാപനത്തെ മുന്നോട്ട് നയിക്കാന്‍ പ്രാപ്തി ഉള്ള, സര്‍വ്വ സമ്മതനായ ഒരാളിനെ ആശുപത്രിയുടെ ഭരണസാരഥ്യം ഏല്‍പ്പിക്കുക എന്ന ചോദ്യത്തിന് മുന്നില്‍ രണ്ടാമതൊരു ഉത്തരം ഉയര്‍ന്നുവരാത്ത വിധം പ്രസിദ്ധ ഭിഷഗ്വരനും പ്രഗല്‍ഭനായ അധ്യാപകനുമായ ഡോ: സുദീപില്‍ അന്വേഷണം അവസാനിക്കുകയായിരുന്നു.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിന്റെ ആദ്യ സൂപ്രണ്ടായി 2019 സെപ്റ്റംബര്‍ മാസം 25-നാണ് ഡോക്ടര്‍ സ്ഥാനമേറ്റെടുത്തത്.
ചാര്‍ജ് ഏറ്റെടുത്ത് മാസങ്ങള്‍ക്കകം പൊട്ടിപ്പുറപ്പെട്ട കോവിഡ് മഹാമാരിയായിരുന്നു ആദ്യ വെല്ലുവിളി.
ജനങ്ങളും വൈദ്യ സമൂഹവും തുടക്കത്തില്‍ പകച്ചു നിന്ന പാന്‍ഡമിക്കിന്റെ മുന്നില്‍, രണ്ടു ഘട്ടങ്ങളിലായി അന്ന് പ്രിന്‍സിപ്പല്‍മാരായിരുന്ന ഡോ: റോയിയോടും ഡോ:കുര്യക്കോസിനോടുമൊപ്പം ചേര്‍ന്ന് സൂപ്രണ്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിനെ സംസ്ഥാനത്തെ ഏറ്റവും മികച്ച കോവിഡ് ആശുപത്രികളില്‍ ഒന്നാക്കി മാറ്റി.
ടീമംഗങ്ങളായി പ്രവര്‍ത്തിച്ച ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ: മനോജും വിമല്‍ റോഹനും ആര്‍.എം.ഒ. ഡോ.സരിനും ഉറച്ച പിന്തുണ നല്‍കി.
ഡോ. എം.വി.ബിന്ദു, ഡോ. ഗണേഷ്, ഡോ. അരുണ്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ രാപ്പകല്‍ ഭേദമെന്യേ പ്രവര്‍ത്തിച്ച കോര്‍ ടീമിന്റെ അക്ഷീണ പ്രയത്‌നമാണ് പരിയാരത്തെ കോവിഡ് ചികിത്സാകാലത്തിനെ ഒരു വിജയഗാഥയാക്കി മാറ്റിയത്.
രണ്ട് വെന്റിലേറ്ററുകളും 3 ഐ.സി.യു ബെഡുകളുമായി പരിമിതികളോടെ ആരംഭിച്ച കോവിഡ് ചികിത്സാ വിഭാഗം 60 വെന്റിലേറ്ററുകളും 200 ഐ.സി.യു, 300 വാര്‍ഡ് ബെഡുകളുമായി ഘട്ടം ഘട്ടമായി ഉയര്‍ത്തി ഗുരുതരാവസ്ഥയിലുള്ള ഒന്‍പതിനായിരത്തോളം കോവിഡ് രോഗികളെ പരിയാരത്ത് അന്ന് ചികിത്സിച്ചത് ഇന്ന് ചരിത്രത്തിന്റെ ഭാഗം.
സര്‍ക്കാരിലേക്ക് ഏറ്റെടുത്ത പുതിയ ഒരു മെഡിക്കല്‍ കോളേജില്‍, മുന്‍മാതൃകകള്‍ ഒന്നുമില്ലാതിരിക്കെ, ഒരു ആശുപത്രി വികസന സമിതി ഉണ്ടാക്കിയെടുത്ത് അതിനെ ഇന്നത്തെ രീതിയില്‍ വളര്‍ത്തിയെടുത്തതില്‍ സൂപ്രണ്ടിന് വലിയ ഒരു പങ്കുണ്ട്.
സേവനങ്ങള്‍ക്ക് നാമ മാത്രമായ സര്‍വീസ് ചാര്‍ജ് ഈടാക്കിക്കൊണ്ട്, ആശുപത്രിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയും ഉപകരണങ്ങള്‍ വാങ്ങിയും അറ്റകുറ്റപ്പണികള്‍ നടത്തിയും എച്ച്.ഡി.എസ്. ഫാര്‍മസി വഴി ചുരുങ്ങിയ വിലക്ക് മരുന്നുകളും ഉപകരണങ്ങളും ലഭ്യമാക്കിയും സാധുക്കള്‍ക്ക് സൗജന്യ ചികിത്സ നല്‍കിയും സെക്യൂരിറ്റിയും ക്ലീനിങ്ങുമുള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ ആവശ്യമായ ജീവനക്കാരെ നിയമിച്ചും ക്യാമ്പസ് സൗന്ദര്യവല്‍ക്കരണം നടത്തിയും കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ആശുപത്രി വികസന സമിതി സ്ഥാപനത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയിട്ടുണ്ട്.
ഇന്ന് ഏതൊരു മെഡിക്കല്‍ കോളേജിനോടും കിടപിടിക്കുന്ന വിധത്തില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിനെ മികവിന്റെ കേന്ദ്രമാക്കിയാണ് ഡോ.കെ.സുദീപിന്റെ പടിയിറക്കം.
2027 ഏപ്രില്‍ മാസം സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പായിത്തന്നെ സൂപ്രണ്ട് പദവിയില്‍ നിന്നും വിടുതല്‍ ചെയ്യണമെന്ന് കാണിച്ച് കഴിഞ്ഞ മാസം മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു.
തന്റെ ഇഷ്ട ജോലിയായ അദ്ധ്യാപനത്തിലും രോഗീപരിചരണത്തിലും പൂര്‍ണ്ണമായി മുഴുകുവാനാണ് സൂപ്രണ്ടിന്റെ തീരുമാനം. പുതിയ സൂപ്രണ്ടായി ഡോ.കെ.ടി.മാധവന്‍ തിങ്കളാഴ്ച്ച ചുമതലയേല്‍ക്കും.
ഡോ.കെ.സുദീപിന്റെ ശ്രദ്ധേയമായ ചരിത്രനേട്ടങ്ങള്‍ ചുരുക്കത്തില്‍
സംസ്ഥാനത്തെ മറ്റൊരു മെഡിക്കല്‍ കോളേജിലും ഇല്ലാത്ത വിധം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൂര്‍ണ്ണസജ്ജമായ ഒരു കണ്‍ട്രോള്‍ റൂം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിന്റെ മാത്രം പ്രത്യേകതയാണ്. സൂപ്രണ്ട് പ്രത്യേക താല്പര്യമെടുത്ത് ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ ഡോ.എം.വി.ബിന്ദുവിന് ചുമതല നല്‍കി 2022 ല്‍ സ്ഥാപിച്ച ഈ സംവിധാനം, ആശുപത്രിയില്‍ എത്തിച്ചേരുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വലിയൊരു അത്താണിയാണ്. അവരുടെ പ്രശ്‌നങ്ങളും പരാതികളും തല്‍സമയം പരിഹരിക്കുവാനുള്ള നടപടികള്‍ കൈക്കൊള്ളുന്നതിന് പുറമേ ജീവനക്കാര്‍ക്കുള്ള പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നു. ആശുപത്രിയുടെ ഗുണ ഭോക്താക്കള്‍ക്കും അധികൃതര്‍ക്കുമിടയിലെ ഒരു പാലം പോലെ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം, സര്‍ക്കാര്‍ ആശുപത്രികളെ ജനസൗഹൃദമാക്കുന്നതിനുള്ള ഒരു ബെഞ്ച്മാര്‍ക്ക് സംവിധാനമെന്ന നിലയ്ക്ക് സംസ്ഥാനത്തിന് മാതൃകയാണ്.
സര്‍ക്കാര്‍ ഏറ്റെടുത്തതിന് ശേഷം, സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരാണ് ആശുപത്രിയിലെത്തുന്ന രോഗികളില്‍ ഭൂരിപക്ഷവും. ഇവരില്‍ ഭൂരിഭാഗവും വിവിധ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ഉള്‍പ്പെട്ട് സൗജന്യ ചികില്‍സക്ക് അര്‍ഹത നേടുന്നവരാണ്. എന്നാല്‍ ഇതിലൊന്നും ഉള്‍പ്പെടുത്താന്‍ പറ്റാത്ത, തിരിച്ചറിയല്‍ രേഖകളോ റേഷന്‍ കാര്‍ഡോ ഇല്ലാത്ത അഗതികളും അനാഥരുമായ നൂറുകണക്കിന് രോഗികള്‍ സൂപ്രണ്ടിന്റെ പ്രത്യേകാനുമതി വഴി കഴിഞ്ഞ വര്‍ഷങ്ങളില്‍ പരിയാരത്ത് പൂര്‍ണ്ണസൗജന്യ ചികിത്സ നേടിയിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗം പേരെയും സോഷ്യോളജിസ്റ്റുമാരുടെ സഹായത്തോടെ സാമൂഹ്യ നീതി വകുപ്പ്, ഹോപ്പ് , സാന്ത്വനം തുടങ്ങിയ സന്നദ്ധ സംഘടനകള്‍ ഇവയുടെ സഹായത്തോടെ പുനരധിവസിപ്പിക്കാനുമായി. അനാഥരായ രോഗികള്‍ക്ക് വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും ചാരിറ്റബിള്‍ സംഘടനയായ ‘ദയ’യുടെയും നേതൃത്വത്തില്‍ ഭക്ഷണമെത്തിച്ചു കൊടുക്കുന്ന ‘നോ ടു ഹംഗര്‍’ (വിശപ്പിന് വിട) എന്ന പദ്ധതി ദേശീയ മാദ്ധ്യമങ്ങളുടെ അടക്കം ശ്രദ്ധ പിടിച്ചു പറ്റുകയും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിന് ഒരു ചാരിറ്റി ഹബ്ബ് എന്ന പരിവേഷം നല്‍കുകയും ചെയ്തിട്ടുണ്ട്.
സര്‍ക്കാര്‍ ഫണ്ട് ലഭ്യമല്ലാഞ്ഞിട്ടും ദാരിദ്രരേഖക്ക് താഴെയുള്ള രോഗികള്‍ക്ക് വര്‍ഷങ്ങളായി ആശുപത്രിയില്‍ സൗജന്യമായി ബ്രഡും പാലും വിതരണം ചെയ്തു വരുന്നുണ്ട്. പ്രസവിച്ച അമ്മമാരെയും കുഞ്ഞുങ്ങളെയും സൗജന്യമായി വീട്ടിലെത്തിക്കുന്ന ‘മാതൃയാനം’ പദ്ധതിയും ദേശീയ ആരോഗ്യ മിഷന്റെ ഫണ്ട് ലഭിക്കാത്ത സാഹചര്യത്തിലും മെഡിക്കല്‍ കോളജില്‍ സൂപ്രണ്ടിന്റെ താല്പര്യ പ്രകാരം എച്ച്.ഡി.എസ്. ഫണ്ട് വിനിയോഗിച്ച് നടപ്പാക്കിയിരുന്നു.
മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിക്ക് മുന്നിലായി രോഗികളും കൂട്ടിരിപ്പുകാരും മണിക്കൂറുകളോളം നിന്ന നില്പില്‍ കാത്തിരുന്ന് ദുരിതം അനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് തൊട്ടടുത്ത് ഉപയോഗിക്കാതെ കിടന്ന സ്ഥലത്ത് ഒരു കാത്തിരിപ്പുകേന്ദ്രം സ്ഥാപിക്കണമെന്ന ആശയം ഉണ്ടാവുന്നത്. ഇക്കാര്യം സൂപ്രണ്ട്, എം.എല്‍.എ. വിജിന്റെ മുന്നില്‍ അവതരിപ്പിച്ചതിനെ തുടര്‍ന്ന് ‘കനിവിടം’ എന്ന പേരില്‍ എം.എല്‍.എ. ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് കമനീയമായ ഒരു സംവിധാനം അവിടെ സജ്ജീകരിച്ചു. ഇക്കാര്യത്തില്‍ പ്രത്യേക താല്പര്യമെടുത്ത പ്രിന്‍സിപ്പല്‍ സൈറു ഫിലിപ്പിന്റെ അഭ്യര്‍ത്ഥന പ്രകാരം പ്രശസ്ത ആര്‍ക്കിടെക്റ്റ് പ്രവീണ്‍ ചന്ദ്ര ഇതിന്റെ ഡിസൈനിംഗ് നിര്‍വഹിച്ചത് സൗജന്യമായാണ്. ഇന്ന് അത് ജനങ്ങള്‍ക്ക് വിശ്രമിക്കുവാനും ക്ഷീണമകറ്റാനുമുള്ള വലിയ ഒരു ആശ്വാസ കേന്ദ്രമായി മാറിയിട്ടുണ്ട്.
ആശുപത്രി സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ തിരക്കേറിയ കാഷ്വാലിറ്റി, ഓ.പി. വിഭാഗങ്ങള്‍ക്കരികില്‍ സ്ഥലം കണ്ടെത്തി സ്ഥാപിച്ച പോലീസ് ഔട്ട് പോസ്റ്റ്, ആശുപത്രിയില്‍ എത്തിയേക്കാവുന്ന സമൂഹവിരുദ്ധരായ കുറ്റവാളികളെ പാര്‍പ്പിക്കാനുളള ലോക്കപ്പ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ശ്രദ്ധേയമായി.
ലയണ്‍സ് ക്ലബ്, റോട്ടറി ഇന്റര്‍നാഷനല്‍, എസ്.വൈ.എസ്. സാന്ത്വനം, സി.എച്ച്. സെന്റര്‍,ദയ ചാരിറ്റബിള്‍ സൊസൈറ്റി തുടങ്ങി വലുതും ചെറുതുമായ സന്നദ്ധ സംഘടനകള്‍ ഇക്കാലയളവില്‍ ആശുപത്രിക്ക് ഐ.സി.യു. കിടക്കകളും വീല്‍ചെയറുകളും ഉപകരണങ്ങളും മറ്റും കൈയയച്ച് സംഭാവന നല്‍കി. മേല്പറഞ്ഞ സംഘടനകള്‍ക്ക് പുറമേ വിവിധ കോളേജുകളിലെ എന്‍. എസ്.എസ്. യൂനിറ്റുകളും മെഡി.കോളേജിലെ നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ക്കായി സൂപ്രണ്ടിന്റെ മുന്‍കൈയില്‍ കൈകോര്‍ത്തു.
കോവിഡ് സമയത്തും മറ്റുമായി എഴുത്തുകാരന്‍ കൂടിയായ സൂപ്രണ്ട് മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ ജനങ്ങളുടെ ആശങ്കകളും സംശയങ്ങളും ദുരീകരിക്കുവാന്‍ സഹായകമായി.മെഡിക്കല്‍ കോളേജ് പോലെയുള്ള വലിയ ഒരു ചികിത്സാ സ്ഥാപനത്തിലെ അധികാര പദവിയെ ജനകീയവത്കരിക്കാനായി എന്നതാണ് പടിയിറങ്ങുന്ന സൂപ്രണ്ടിന്റെ സമൂഹത്തിനുള്ള വലിയ സംഭാവന. ഏതു സമയത്തും എന്തു പരാതിയും ആവലാതിയുമായി ആര്‍ക്കും കയറിച്ചെല്ലാന്‍ സാധിക്കുന്ന ഒരിടമായി സൂപ്രണ്ട് ഓഫീസ് മാറി. ക്ഷമയോടെയും സൗമ്യതയോടെയും അലിവോടെയുമുള്ള ഇടപെടലുകള്‍ പരാതിക്കാര്‍ക്ക് ആശ്വാസമായി.
പ്രഗത്ഭ മെഡിക്കല്‍ അദ്ധ്യാപകന്‍ കൂടിയായ സൂപ്രണ്ട്, മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് ആരോഗ്യ സംബന്ധമായ സങ്കീര്‍ണ്ണ വിഷയങ്ങള്‍ ലളിതമായി വിശദീകരിച്ചു കൊടുത്തും സംശയങ്ങള്‍ ദൂരീകരിച്ചും മെഡി.കോളേജിനെ മാദ്ധ്യമസൗഹൃദ സ്ഥാപനമാക്കിത്തീര്‍ത്തു.ആശുപത്രി വികസന സമിതി 40 ലക്ഷം രൂപ ചെലവിട്ട് അറ്റകുറ്റപ്പണി പൂര്‍ത്തീകരിച്ച 30 ഓളം ഡയാലിസിസ് മെഷീനുകള്‍ സജ്ജീകരിച്ച ഒ.പി. ഡയാലിസിസ് കേന്ദ്രം ഉടന്‍ തന്നെ തുറന്നു കൊടുക്കുന്നതും കൂടാതെ മലബാര്‍ മേഖലയിലെ മുച്ചിറി, ക്ലെഫ്റ്റ് പാലറ്റ് (പിളര്‍ന്ന അണ്ണാക്ക്) ഉള്ള കുട്ടികളുടെ ചികില്‍സക്കായുള്ള കേന്ദ്രമായി കണ്ണൂര്‍ ഗവ. ഡെന്റല്‍ കോളേജിന് അംഗീകാരം വാങ്ങി നല്‍കുന്നതും(കേരളത്തിലെ മറ്റൊരു സര്‍ക്കാര്‍ ആശുപത്രിയും ഇത്തരത്തില്‍ നിലവില്‍ എം പാനല്‍ ചെയ്യപ്പെട്ടിട്ടില്ല), മലബാര്‍ മേഖലയിലെ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ഉടനെ ആരംഭിക്കുന്ന ഓട്ടിസം സെന്റര്‍, അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുന്ന വൃക്ക മാറ്റി വെക്കല്‍ ശസ്ത്രകിയക്കുള്ള പദ്ധതി ഇവയെല്ലാം തന്നെ സൂപ്രണ്ടിന്റെ കൈയൊപ്പു പതിഞ്ഞവയാണ്. സൂപ്രണ്ടിന്റെ മുന്‍കൈയില്‍ പടുത്തുയര്‍ത്തിയ ആശുപത്രി അഡ്മിനിസ്‌ട്രേഷന്‍ ടീമിന്റെ മികച്ച പിന്തുണ ഇക്കാര്യങ്ങളിലെല്ലാം ലഭിച്ചത് ചാരിതാര്‍ത്ഥ്യത്തോടെ ഓര്‍ക്കുന്നു.
